തിരുവനന്തപുരം : നഗരത്തില്‍ കൂടുതലിടങ്ങളില്‍ നൈറ്റ് ലൈഫ് കേന്ദ്രങ്ങളും സമ്പൂര്‍ണ സോളാര്‍ ഊര്‍ജ്ജവും ലക്ഷ്യമിട്ട് തിരുവനന്തപുരം നഗരസഭാ ബജറ്റ്. 2035 ല്‍ നഗരം പൂര്‍ണമായും കാര്‍ബണ്‍ ന്യൂട്രലാക്കാന്‍ ലക്ഷ്യമിട്ട് ഊര്‍ജ്ജ മേഖലയ്ക്കായി 42 കോടി 50 ലക്ഷം രൂപ വകയിരുത്തി. നഗരത്തിലെ 20 ശതമാനത്തിലധികം കെട്ടിടങ്ങള്‍ നിലവില്‍ സോളാര്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നുണ്ട്. 5000 വീടുകളില്‍ സോളാര്‍ സ്ഥാപിക്കാനുള്ള സബ്‌സിഡി ഉള്‍പ്പെടെ 25000 സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കും. 500 പി എം എ വൈ വീടുകളില്‍ സൗജന്യമായി സോളാര്‍ പാനല്‍ സ്ഥാപിക്കും.
നഗരത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും സോളാര്‍ റൂഫിങ്, ജലാശയങ്ങളില്‍ സോളാര്‍ പ്രോജക്‌ട്, 200 സൗജന്യ ഇലക്ട്രിക് ചാര്‍ജിങ് പോയിന്‍റ്, നഗരസഭയുടെ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളായി പുനസ്ഥാപിക്കുക എന്നിങ്ങനെയുള്ള പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗരോര്‍ജ്ജം പ്രോത്സാഹിപ്പിക്കുന്നത് നയപരമായ സമീപനമാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നഗരസഭയുടെ ബജറ്റിലും വന്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തില്‍ കൂടുതല്‍ നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും ബജറ്റില്‍ പറയുന്നു. ആദ്യ ഘട്ടമായി ശംഖുമുഖത്തും കനകക്കുന്നിലുമാകും നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ തുടങ്ങുക. പിന്നീട് കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഡെപ്യൂട്ടി മേയറും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി കെ രാജു അവതരിപ്പിച്ച ബജറ്റിന്‍റെ കരട് രേഖയിന്മേലുള്ള ചര്‍ച്ച ഫെബ്രുവരി 16 നും 17 നുമായി നടക്കും.