തിരുവനന്തപുരം: മുക്കോല-കഴക്കൂട്ടം ബൈപ്പാസിലെ തിരുവല്ലം ടോൾ പ്ലാസയിൽ വീണ്ടും നിരക്ക് വർധന. വിവിധ വിഭാഗങ്ങളായി 5 മുതൽ 410 രൂപ വരെയാണ് തുക വർധിപ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടോൾ നിരക്ക് ഈടാക്കുന്ന തിരുവല്ലം ടോൾ പ്ലാസയിൽ കഴിഞ്ഞ വർഷം മാത്രം മൂന്ന് തവണ തുക വർധിപ്പിച്ചിരുന്നു.
ടോൾ പ്ലാസയിൽ നിന്ന് 20 കിലോ മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ സ്വകാര്യ ഉപയോഗത്തിനുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ പ്രതിമാസ പാസിന് 330 രൂപയാണ് ഈടാക്കുന്നത്. ഫാസ്റ്റ് ടാഗ് ഇല്ലാത്തവർക്ക് പിഴ തുക ഉൾപ്പെടെ ഒരു വശത്തേക്ക് 310 രൂപയാണ് ഈടാക്കുന്നത്. സംഭവത്തിൽ പ്രദേശവാസികൾ മുൻ കാലങ്ങളിൽ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ടോൾ നിരക്കിൽ വ്യത്യാസമുണ്ടായില്ല.
നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലുള്ള ടോൾ പ്ലാസ രണ്ട് വർഷത്തോളമായി പ്രവർത്തനം ആരംഭിച്ചിട്ട്. കോവളം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിലേക്കുള്ള ദേശീയ പാതയിൽ സ്ഥിതി ചെയ്യുന്ന തിരുവല്ലം ടോൾ പ്ലാസ ഈടാക്കുന്ന കഴുത്തറുപ്പൻ നിരക്കിനെതിരെ വീണ്ടും പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
അടിക്കടിയുള്ള ടോൾ നിരക്ക് വർധന കാരണം തിരുവല്ലത്ത് നിന്നും വാഴമുട്ടം വരെയുള്ള ദേശീയ പാതയ്ക്ക് സമാന്തരമായി പോകുന്ന റോഡിൽ തിരക്ക് വർധിക്കുകയാണെന്നും ഈ റോഡിൽ അപകടങ്ങൾ വർധിക്കുന്നതായും സിപിഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രൻ ആരോപിച്ചു.