എറണാകുളം: തേവര - കുണ്ടന്നൂർ പാലം അറ്റകുറ്റപ്പണി മഴ മൂലം വെള്ളിയാഴ്‌ചയിലേക്ക് മാറ്റി. ദേശീയപാത കുണ്ടന്നൂർ - തേവര പാലത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കുന്നതിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് മരട് നഗരസഭയുടെ നേതൃത്വത്തിൽ തേവര എസിപി ഓഫിസിൽ ട്രാഫിക് മേധാവികളുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു. ഇന്ന് രാത്രി മുതൽ രണ്ട് ദിവസത്തേക്ക് പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പണി ആരംഭിക്കുവാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് എൻഎച്ച് അധികാരികൾ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് നടത്തിയ ചർച്ചയിൽ പണി തുടങ്ങുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റുകയായുരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ വെള്ളിയാഴ്‌ച രാത്രി 11 മണി മുതൽ ഗതാഗതം പൂർണ്ണമായും നിർത്തി ശനി, ഞായർ എന്നീ ദിവസങ്ങളിലായി അറ്റകുറ്റപ്പണി പൂർത്തീകരിച്ച് തിങ്കളാഴ്‌ച രാവിലെ പാലം തുറന്നു കൊടുക്കാമെന്ന് തീരുമാനിച്ചു.
നഗരസഭാ ചെയർമാൻ ആൻ്റണി ആശാം പറമ്പിൽ, അസിസ്റ്റൻ്റ് കമ്മിഷണർ ഓഫ് പൊലീസ് പി.രാജ്‌കുമാർ, ആലുവ പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റൻ്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ സുമ ബി.എൻ, അസിസ്റ്റൻ്റ് എഞ്ചിനീയർ ഷിബു പി.ജെ എന്നിവർ നടത്തിയ ചർച്ചയിലാണ് ചൊവ്വാഴ്‌ച പാലം അടക്കാനുള്ള തീരുമാനം വെള്ളിയാഴ്‌ചയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കാലാവസ്ഥ അനുകൂലമായാൽ ശനി ഞായർ എന്നീ ദിവസങ്ങളിലായി പണി കൃത്യമായി പൂർത്തീകരിച്ച് തിങ്കളാഴ്‌ച പാലത്തിലെ ഗതാഗതം പുനസ്ഥാപിക്കാമെന്നും പ്രസ്‌തുത വിഷയത്തിൽ ജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്നും മരട് നഗരസഭ അഭ്യർഥിച്ചു.
Also Read: മാങ്ങാപ്പാറക്കുടിയിലേക്കുള്ള യാത്രാദുരിതം രൂക്ഷം; പുഴയ്‌ക്ക് കുറുകെ പാലം വേണമെന്ന് ആവശ്യം