ഇടുക്കി: ഉപ്പുതറ സർക്കാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരുടെ കുറവ് രോഗികളെ ദുരിതത്തിലാഴ്ത്തുന്നു. നാല് ഡോക്‌ടർമാരുടെ സേവനം ലഭിക്കേണ്ട ആശുപത്രിയിൽ രണ്ട് ഡോക്‌ടർമാർ മാത്രമാണ് ഇപ്പോൾ ഉള്ളത്. കൂടാതെ ജീവനക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് നിലനിൽക്കുന്നത്.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഉപ്പുതറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് നാളുകാളായി ജീവനക്കാരുടെ കുറവ് വെല്ലുവിളി ഉയർത്തുന്നത്. 4 ഡോക്‌ടർമാരുടെ സേവനമാണ് ഇവിടെ നിന്ന് ലഭിക്കേണ്ടത്. എന്നാൽ നിലവിൽ ഉണ്ടായിരുന്ന ഒരു ഡോക്‌ടർ സ്ഥലംമാറ്റം ലഭിച്ചു പോയിരുന്നു. പകരം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല. മറ്റൊരു ഡോക്‌ടർ പ്രസവാവധിയിലുമാണ്. ഇതോടെ രണ്ട് ഡോക്‌ടർമാരാണ് ആശുപത്രിയിൽ ഉള്ളത്.
എന്നാൽ ഇതിൽ ഒരു ഉദ്യോഗസ്ഥൻ മെഡിക്കൽ ഓഫീസർ ആയതിനാൽ മറ്റ് വിവിധ ചുമതലകൾ കൂടി വഹിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ മിക്കപ്പോഴും ഒരു ഡോക്‌ടറാണ് ഒ പി നിയന്ത്രിക്കുന്നത്. ഇതോടെ ഡോക്‌ടറെ കാണാൻ നിന്ന് രോഗികൾ ബുദ്ധിമുട്ടുകയാണ്. നിരവധിയായ ആളുകളാണ് ഈ ആശുപത്രിയിലേക്ക് എത്തുന്നതും. ഒപ്പം മറ്റ് ജീവനക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണെന്നാണ് ഉയരുന്ന പരാതി.
ജീവനക്കാരുടെ കുറവിനൊപ്പം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും ആശുപത്രി ഏറെ പിന്നിലാണ്. പല അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഇല്ല എന്നത് തോട്ടം ആദിവാസി മേഖലയിലെ ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. കണ്ണമ്പടി ആദിവാസി മേഖല അടക്കമുള്ള ദൂരസ്ഥലങ്ങളിൽ നിന്നുള്ള ആളുകളുടെ ആകെ ആശ്രയം ഉപ്പുതറ സർക്കാർ ആശുപത്രിയാണ്.
മേഖലയിലെ നിർധനരായ തോട്ടം തൊഴിലാളികളും ഇ ആശുപത്രിയെ മാത്രമാണ് ആശ്രയിക്കുന്നത്. ജില്ലയിലെ ആദ്യകാല ആശുപത്രികളിൽ ഒന്നായ ഉപ്പുതറ സർക്കാർ ആശുപത്രി നേരിടുന്ന അവഗണനക്ക് പരിഹാരം കണ്ട് ആവശ്യമായ ജീവനക്കാരെയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.