തിരുവനന്തപുരം: പത്തനംതിട്ട ആറന്മുള മാവേലി സ്റ്റോറില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ മുന്‍ മാനേജര്‍ക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. എഴുപത് കാരിയായ മുന്‍ മാനേജര്‍ ലീലാ അമ്മാളിനെയാണ് കോടതി ഒന്‍പത് വര്‍ഷം കഠിന തടവിനും ആറ് ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചത്. പ്രത്യേക വിജിലന്‍സ് കോടതി ജഡ്‌ജി എം. വി. രാജകുമാരയുടെതാണ് വിധി
2006 മുതല്‍ 2008 വരെയുളള മൂന്ന് വര്‍ഷ കാലയളവില്‍ ലീലാ അമ്മാൾ സ്‌റ്റോക്കില്‍ ഗണ്യമായ കുറവ് വരുത്തുകയും പണം തിരിച്ചടവില്‍ ക്രമക്കേട് വരുത്തുകയും ചെയ്തെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിലൂടെ സര്‍ക്കാരിന് നഷ്‌ടമായത് 5,60,645 രൂപയാണ്.
മാവേലി സ്‌റ്റോറിലെ വിറ്റ് പോയ സാധനങ്ങളുടെ വില സര്‍ക്കാരിലേക്ക് ദിനം പ്രതി ബാങ്ക് മുഖേന അടക്കുന്നതിലെ ചെല്ലാന്‍ വയ്ക്കുന്നതിനൊപ്പം ചെല്ലാന്‍റെ ഡ്യൂപ്ലിക്കേറ്റ് കൂടി ചേര്‍ത്ത് വച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. ആഭ്യന്തര വിജിലന്‍സ് പരിശോധനയില്‍ ഇക്കാര്യം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിക്കെതിരെ കേസ് എടുത്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു വിജിലന്‍സ്. വിജിലന്‍സിനു വേണ്ടി പ്രോസിക്യൂട്ടര്‍ വീണ സതീശന്‍ ഹാജരായി.