കണ്ണൂര്‍: മാഹിയിലെ ഖാദി വസ്ത്രാലയം അടച്ചു പൂട്ടിയിട്ട് പത്ത് മാസം തികയുന്നു. ഈ വര്‍ഷം ജനുവരിയിലാണ് ഖാദി വസ്‌ത്രം ധരിക്കുന്ന മയ്യഴിക്കാരുടെ വില്‍പ്പന കേന്ദ്രത്തിന് താഴുവീണത്. തുണിത്തരങ്ങള്‍ക്കുളള വിലക്കുറവും ഉത്സവകാലങ്ങളിലെ ഇളവും കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഖാദി പ്രേമികളെക്കൂടി മാഹിയിലെ ഖാദി വസ്‌ത്രാലയത്തിലേക്ക് ആകര്‍ഷിച്ചിരുന്നു.
മാഹി മെയിന്‍ റോഡില്‍ ഇ വത്സരാജ് സില്‍വര്‍ ജൂബിലി മുനിസിപ്പല്‍ കോംപ്ലക്‌സിലാണ് ഖാദി വസ്‌ത്രാലയം പ്രവര്‍ത്തിച്ചിരുന്നത്. പുതുച്ചേരി ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ മാഹിയിലെ ഏക വില്‍പ്പനശാലയായിരുന്നു ഇത്. ഈ വില്‍പ്പന കേന്ദ്രം അടച്ചു പൂട്ടിയതോടെ മാഹിയിലെ ഖാദി വസ്‌ത്രധാരികള്‍ കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഖാദി ഭവനുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
പുതുച്ചേരിയിലെ ഖാദി ഗ്രാമവവ്യവസായ ബോര്‍ഡില്‍ ഖാദിയുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥനാണ് നിലവില്‍ ചുമതലയുള്ളത്. ഇതാണ് വില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാനുള്ള സാഹചര്യം ഉണ്ടാക്കിയതെന്നാണ് ആക്ഷേപം. പുതുച്ചേരിയുടെ ഭാഗമായ യാനം, കാരയ്ക്കല്‍ എന്നിവിടങ്ങളിലെ ഖാദി വില്‍പ്പന കേന്ദ്രങ്ങളും അടച്ചു പൂട്ടികഴിഞ്ഞു. പുതുച്ചേരി സര്‍ക്കാര്‍ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ തലപ്പത്ത് മുഴുവന്‍ സമയ സിഒഎ യെ നിയമിക്കാത്തതും ഖാദി മേഖലയെ പ്രതിസന്ധിയിലാക്കാന്‍ കാരണമായിട്ടുണ്ട്.
പുതുച്ചേരി സര്‍ക്കാരിന്‍റെ ഖാദിയോടുള്ള സമീപനമാണ് മാഹിയിലെ ഖാദി വസ്ത്രാലയം അടച്ചു പൂട്ടാനുളള സാഹചര്യം ഒരുക്കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാഹി വില്‍പ്പന കേന്ദ്രത്തില്‍ മൂന്ന് സ്ഥിരം ജീവനക്കാര്‍ ഉണ്ടായിരുന്നതില്‍ രണ്ട് പേര്‍ വിആര്‍എസ് വാങ്ങി പിരിഞ്ഞു പോയി. മറ്റൊരാള്‍ റിട്ടയര്‍ ചെയ്യുകയും ചെയ്‌തു. പകരം ജീവനക്കാരെ നിയമിക്കാത്ത പുതുച്ചേരി സര്‍ക്കാരിന്‍റെ നടപടിയാണ് അടച്ചു പൂട്ടലിന് കാരണമായത്. വില്‍പ്പനശാലകളില്‍ യഥാസമയം തുണിത്തരങ്ങളും മറ്റും എത്തിക്കുന്ന കാര്യത്തിലും സര്‍ക്കാരും ഖാദി വ്യവസായ ബോര്‍ഡും കടുത്ത അനാസ്ഥയാണ് കാട്ടിയത്.
മാഹി പള്ളി മൈതാനിയില്‍ അവസാനമായി നടന്ന ഓണം വില്‍പ്പന മേളയില്‍ രണ്ടാഴ്‌ച കൊണ്ട് 89 ലക്ഷം രൂപയുടെ ഖാദി വസ്‌ത്രങ്ങളും ഉത്പന്നങ്ങളും വില്‍പ്പന നടത്തിയിരുന്നു. ഖാദി വില്‍പ്പനശാലയിലും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടന്നിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാഹി നഗരത്തിന്‍റെ സിരാകേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഈ വസ്ത്രാലയം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കണം എന്നാണ് ഖദര്‍ ധാരികളുടെ ആവശ്യം. സര്‍ക്കാര്‍ ഇനിയും കണ്ണ് തുറന്നില്ലങ്കില്‍ കേരളത്തില്‍ നിന്നും ഖാദി തുണിത്തരങ്ങളും മറ്റ് ഉത്പന്നങ്ങളും കൊണ്ട് വന്ന് സമാന്തരമായി വില്‍പ്പന നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി ഷാജു കാനത്തില്‍ പറഞ്ഞു.