എറണാകുളം: അച്ചടക്കം നിലനിർത്താൻ അധ്യാപകൻ വിദ്യാർഥിയുടെ കവിളത്ത് ഗുരുതരമല്ലാത്ത രീതിയിൽ അടിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി. തൃശൂർ ചിറ്റാട്ടുകരയിലെ സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനുമെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ ബദറുദിന്‍റെ പരാമർശം. മെഡിക്കൽ പരിശോധനയിലടക്കം പുറമെ പരിക്കുകകൾ കാണാൻ സാധിച്ചിട്ടില്ലെന്ന് വിലയിരുത്തിക്കൊണ്ടാണ് കോടതി ഉത്തരവ്.
ക്ലാസിന്‍റെ ഇടവേളയിൽ കുട്ടികൾ ഭക്ഷണം കഴിക്കുകയും പാട്ടുപാടുകയും ചെയ്‌തു. ഇതിൻ്റെ പേരിൽ കഴിഞ്ഞ വർഷം ജനുവരി 10-ാം തീയതി രാവിലെ 10 മണിക്ക് ഇവരെ പ്രിൻസിപ്പലിന്‍റെ റൂമിലെത്തിക്കുകയും ഇതിൽ അഞ്ചുപേരുടെ കവിളത്ത് അടിക്കുകയും ചെയ്‌തു. പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ഷർട്ടിന്‍റെ കോളറിൽ പിടിക്കുകയും മുഖത്തടിക്കുകയും ചെയ്‌തു എന്നായിരുന്നു കുട്ടികളുടെ പരാതി.
പരാതിയിൽ പാവറട്ടി പൊലീസെടുത്ത കേസ് റദ്ദാണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പുറമേക്ക് കാണാവുന്ന പരിക്കുകൾ ഇല്ലെന്നായിരുന്നു റിപ്പോർട്ട്. സ്‌കൂളിലെ അച്ചടക്കം നിലനിർത്താനാണ് കുട്ടികളുടെ കവിളത്തടിച്ചതെങ്കിലും അത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.
Also Read: 'സ്‌കൂള്‍ തെരഞ്ഞെടുപ്പിലെ രാഷ്‌ട്രീയ പ്രവര്‍ത്തനം': തീരുമാനം സ്‌കൂള്‍ അധികൃതരുടേതെന്ന് ഹൈക്കോടതി