കാസർകോട് : അവധിക്കാലത്തെ വിശേഷങ്ങളെല്ലാം പുതിയ പുസ്‌തകത്തിലേക്ക് പകർത്താൻ കാത്തിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ. അതിനൊരു കാരണമുണ്ട്. പകർത്തുന്ന പുസ്‌തകം അവർക്ക് അത്രയും പ്രിയപ്പെട്ടതാണ്. കാസർകോട് തൃക്കരിപ്പൂരിലെ ഒരു കൊച്ചു സ്‌കൂളിലാണ് ഏറെ വ്യത്യസ്‌തവും സന്തോഷവുമുള്ള കാഴ്‌ച.
അധ്യാപകൻ കുട്ടികൾക്ക് നൽകിയ സമ്മാനമാണ് ഏറെ വ്യത്യസ്‌തമായത്. ഓലാട്ട് എയുപി സ്‌കൂളിലെ അധ്യാപകൻ വൈശാഖാണ് തന്‍റെ ക്ലാസിലെ മുഴുവൻ കുട്ടികൾക്കും അവരുടെ മുഖചിത്രമുള്ള നോട്ട്ബുക്ക് സമ്മാനിച്ചത്. അധ്യയന വർഷത്തിന്‍റെ അവസാന ദിവസം ഒരു സർപ്രൈസ് ഉണ്ടെന്ന് വൈശാഖ് മാഷ് പറഞ്ഞപ്പോൾ നാല് എയിലെ കുട്ടികൾ ഇത്രയും പ്രതീക്ഷിച്ചില്ല.
ക്ലാസ് മുറിയിലെ 38 ചിരികൾ നോട്ട്ബുക്കിന്‍റെ പുറംചട്ടയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കുഞ്ഞുമുഖങ്ങളിൽ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആയിരുന്നു. തങ്ങളുടെ പുഞ്ചിരിക്കുന്ന ചിത്രം നോക്കിയവർ വീണ്ടും ചിരിതൂകി, പുസ്‌തകം നെഞ്ചോട് ചേർത്തു.
കുട്ടികൾക്ക് ഒരു സമ്മാനം കൊടുക്കാൻ തീരുമാനിച്ചപ്പോൾ അതവർ ഒരിക്കലും മറക്കാത്ത ഒന്നാകണമെന്ന് മാഷിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് നോട്ട് ബുക്കിലേക്ക് എത്തിയതെന്ന് അധ്യാപകൻ പറയുന്നു. ഈ സന്തോഷത്തിനിടയിലും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ പിരിയുന്നതിന്‍റെ സങ്കടത്തിലാണ് കുട്ടികൾ.