കോട്ടയം : ഇസ്രയേലുമായുള്ള സംഘർഷത്തെ തുടർന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിൽ അകപ്പെട്ട കോട്ടയം കൊടുങ്ങൂർ സ്വദേശി ആൻ ടെസ ജോസഫിന്‍റെ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ട് നടനും മുൻ രാജ്യസഭ എംപിയുമായ സുരേഷ് ഗോപി. ഇന്ന് രാവിലെ ആൻ ടെസ ജോസഫിന്‍റെ പിതാവ് ബിജു എബ്രഹാം മാതാവ് ബീന ബിജു എന്നിവരോട്, ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് കെ എസ് ഹരികുമാറിന്‍റെ ഫോണിൽ വിളിച്ചാണ് അദ്ദേഹം സംസാരിച്ചത്.
എല്ലാ പ്രാർഥനകളുമുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ മകൾ സുരക്ഷിതയായി വീട്ടിലെത്തുമെന്നും അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന്‍റെ നേതൃത്വത്തിൽ കൃത്യമായ ഇടപെടല്‍ ഈ കാര്യത്തിൽ ഉണ്ടായിട്ടുണ്ടെന്നും കപ്പലിൽ അകപ്പെട്ട മുഴുവൻ ഇന്ത്യക്കാരുടെയും മോചനം ഉടൻ തന്നെ ഉണ്ടാകുമെന്നും സുരേഷ് ഗോപി കുടുംബാംഗങ്ങളെ അറിയിച്ചു. ബിജെപി മധ്യമേഖല പ്രസിഡണ്ട് ശ്രീ എൻ ഹരിയാണ് സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിച്ചത്.
ഇസ്രയേൽ പൗരനായ ഇയാല്‍ ഓഫറിന്‍റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍-സ്വിസ് കമ്പനി എംഎസ്‍സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചരക്കുകപ്പലാണ് ഇറാന്‍ സേന പിടികൂടിയത്. ചരക്കുകപ്പലിലെ നാല് മലയാളികളും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.