തൃശൂർ: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ "ഭാരതമാതാവ്" എന്നും അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരനെ "ധീരനായ ഭരണാധികാരി" എന്നും വിശേഷിപ്പിച്ച് കേരളത്തിലെ ആദ്യത്തെ ബിജെപി എംപി സുരേഷ് ഗോപി. തൃശൂരിൽ കരുണാകരൻ്റെ സ്‌മാരകമായ മുരളി മന്ദിരം സന്ദർശിച്ച ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്‌താവന.
പെട്രോളിയം, പ്രകൃതി വാതക, ടൂറിസം മന്ത്രാലയത്തിൻ്റെ സഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്‌സിസ്റ്റിൻ്റെ മുതിർന്ന നേതാവായ ഇകെ നായനാരും കെ കരുണാകരനും തൻ്റെ രാഷ്‌ട്രീയ ഗുരുക്കളാണെന്നും പരാമർശിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കെ കരുണാകരൻ്റെ മകൻ കെ മുരളീധരനെ പരാജയപ്പെടുത്തിയാണ് സുരേഷ് ഗോപി തൃശൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചത് എന്നതും ശ്രദ്ധേയം.
'ഇന്ദിര ഗാന്ധിയെ ഭാരതമാതാവായി കാണുന്നതുപോലെ, കരുണാകരനെയും 'അമ്മ' എന്ന് ഞാൻ സ്‌നേഹത്തോടെ വിളിക്കുന്ന അദ്ദേഹത്തിൻ്റെ ഭാര്യയെയും യാത്രയയക്കുന്ന ഘട്ടത്തിൽ തനിക്ക് വരാനായില്ലെന്നും സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കെ കരുണാകരൻ ധീരനായ നേതാവായിരുന്നു എന്നും തനിക്ക് അദ്ദേഹത്തോട് ഒരുപാട് ബഹുമാനമുണ്ടെന്നും തൃശൂർ എംപി പറഞ്ഞു. അതിനാൽ, അദ്ദേഹം ഉൾപ്പെടുന്ന പാർട്ടിയോടും തനിക്ക് ഒരു ഇഷ്‌ടം ഉണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം മറ്റ് പാർട്ടി നേതാക്കളോടുള്ള ആരാധന തൻ്റെ "രാഷ്‌ട്രീയ വീക്ഷണങ്ങൾ" ആയി കണക്കാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ രാഷ്‌ട്രീയ നിലപാടുകൾ ബിജെപിക്കൊപ്പമാണെന്നും അത് മാറ്റമില്ലാതെയും വിശ്വസ്‌തതയോടെയും തുടരുന്നുവെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. "ഒരു ഇന്ത്യക്കാരനെന്ന നിലയിൽ, രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന വ്യക്തിയെന്ന നിലയിൽ, ഒരു ഭാരതീയൻ എന്ന നിലയിൽ, എനിക്ക് വ്യക്തമായ രാഷ്‌ട്രീയമുണ്ട്. അത് തകർക്കാൻ പാടില്ല.
എന്നാൽ ആളുകളോട് എനിക്കുള്ള ബഹുമാനം എൻ്റെ ഹൃദയത്തിൽ നിന്നാണ്. നിങ്ങൾ അതിന് ഒരു രാഷ്‌ട്രീയ രുചിയും നൽകേണ്ടതില്ല'' ബിജെപി എംപി പറഞ്ഞു. ഇന്ദിര ഗാന്ധി സർക്കാരിൻ്റെ കീഴിൽ കേന്ദ്രമന്ത്രിയായിരുന്ന കെ കരുണാകരനാണ് കേരളത്തിന് ഏറ്റവും മികച്ച ഭരണനേട്ടങ്ങൾ കൈവരിച്ചതെന്നും ബിജെപിയുടെ ഒ രാജഗോപാലിന് മാത്രമേ അദ്ദേഹത്തോട് അടുത്തുനിൽക്കാൻ കഴിയൂവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
അതേസമയം മൂന്നാം മോദി മന്ത്രിസഭയിൽ ചൊവ്വാഴ്‌ചയാണ് സഹമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്‌തത്. പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം മന്ത്രാലയത്തിൻ്റെ സഹമന്ത്രിയായാണ് പ്രശസ്‌ത നടൻ കൂടിയായ സുരേഷ് ഗോപി ചുമതലയേറ്റത്.
ALSO READ: 'മുരളിയേട്ടാ മാപ്പ്'; തൃശൂരിൽ കെ മുരളീധരനെ അനുകൂലിച്ച് ഫ്ലക്‌സ് ബോർഡ്