തിരുവനന്തപുരം : മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ നിയുക്ത തൃശൂര്‍ എംപി സുരേഷ് ഗോപി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഇന്ന് വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനില്‍ വച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. 12.15ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് അദ്ദേഹം ഡെല്‍ഹിയിലേക്ക് പുറപ്പെട്ടത്.
ഇന്നലെ ഡല്‍ഹിയില്‍ നിന്നും ചില ബിസിനസ് സംബന്ധമായ പേപ്പറുകളില്‍ ഒപ്പിടാനായിരുന്നു അദ്ദേഹം കേരളത്തിൽ എത്തിയിരുന്നത്. എന്നാല്‍ ഇന്ന് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് അടിയന്തരമായി ഡല്‍ഹിയിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ പുറപ്പെടുന്നത്. നരേന്ദ്ര മോദി ഡല്‍ഹിയിലെ വസതിയിലെത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും കേന്ദ്ര മന്ത്രിയാകുന്ന കാര്യത്തെ കുറിച്ച് തനിക്കറിയില്ലെന്നുമായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാല്‍ രാഷ്ട്രപതി ഭവനില്‍ നിന്നും സുരേഷ് ഗോപിക്ക് ഔദ്യോഗികമായി ഇന്ന് ക്ഷണക്കത്തും നൽകിയിരുന്നു. വിമാനത്താവളത്തിലേക്ക് പൊലീസ് എസ്‌കോര്‍ട്ടോടെ ആയിരുന്നു നിയുക്ത എംപിയുടെ യാത്ര. തുടര്‍ന്ന് വിമാനത്താവളത്തില്‍ വച്ചും കേന്ദ്രമന്ത്രി പദത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ അദ്ദേഹം സ്ഥിരീകരിച്ചില്ല. എന്നാല്‍ മോദി പറഞ്ഞത് താന്‍ അനുസരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ വഴിയുള്ള കണക്‌റ്റഡ് വിമാനത്തിലാണ് ഭാര്യക്കും അമ്മയ്ക്കുമൊപ്പം അദ്ദേഹം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.