തിരുവനന്തപുരം: കൊടുംചൂടിൽ നാടും നഗരവും വെന്തുരുകുന്നതിനിടയിൽ ശക്തമായ മഴ ലഭിച്ചതോടെ
വലിയ ആശ്വാസമായി. എന്നാൽ വിഷുത്തലേന്ന് മഴ പെയ്‌തത് വിഷു വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകളിലാണ് ഇന്ന് വൈകുന്നേരത്തോടു കൂടി ശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടായത്. തുള്ളിക്കൊരുകുടം എന്ന രീതിയിൽ നിലയ്ക്കാത്ത മഴയാണ് ഓരോ ഇടങ്ങളിലും ഉണ്ടായത്.
ഉച്ചവരെ ഉണ്ടായ ശക്തമായ വെയിലിനിടയിലാണ് അപ്രതീക്ഷിതമായി കനത്ത മഴ പെയ്‌തത്. കടുത്ത ചൂടിൽ വീർപ്പുമുട്ടുന്നതിനിടയിൽ ഉണ്ടായ മഴ ചൂടിന് തെല്ലൊരാശ്വാസമായി. മുൻകാലങ്ങളിൽ എല്ലാം മാർച്ച് മാസത്തോടുകൂടി വേനൽമഴ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ വേനൽ മഴ ഇതുവരെ ലഭിച്ചിരുന്നില്ല. അതോടെ മിക്ക ഇടങ്ങളിലെയും കിണറുകളും ജല സ്രോതസ്സുകളും വറ്റി വരണ്ട് ജലക്ഷാമവും രൂക്ഷമായിരുന്നു. അതിനിടയിലാണ് ഇന്ന് മഴ ശക്തമായി പെയ്‌തത്.
അതേസമയം കനത്ത മഴയിൽ ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമങ്ങളിൽ വ്യാപകമായ നാശനഷ്‌ടമുണ്ടായി. കാറ്റിൽ വീടിനു മുകളിൽ തെങ്ങ് മുറിഞ്ഞുവീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. മുക്കത്തിന് സമീപം അഗസ്ത്യമുഴി സ്വദേശി ഇരിക്കാലിങ്ങൾ തങ്കത്തിനാണ് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീടിൻ്റെ അടുക്കള ഭാഗം പൂർണമായി തകർന്നിട്ടുണ്ട്.
മുക്കം അഗസ്ത്യമുഴി തടപ്പറമ്പിൽ സുധാകരന്‍റെ വീടിന്‍റെ മുകളിലും ഇലക്ട്രിക് ലൈനിന്‍റെ മുകളിലും മരം വീണ് നാശനഷ്‌ടം സംഭവിച്ചു. അഗസ്ത്യമുഴിയിൽ നടുത്തൊടികയിൽ ജയപ്രകാശിന്‍റെ വീടിനുമുകളിൽ മരം വീണ് വീടിൻ്റെ മേൽക്കൂരയ്ക്ക് കേടുപാട് സംഭവിച്ചു.
ഇതിനുപുറമേ വ്യാപകമായി മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. വൈദ്യുത ലൈനുകളിൽ മരങ്ങൾ വീണ് വൈദ്യുതി ബന്ധവും തകരാറിലായി. മാവൂരിലും റോഡിനും കുറുകെ തെങ്ങ് മുറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. മാവൂർ എൻഐടി റോഡിലാണ് തെങ്ങ് മുറിഞ്ഞു വീണത്.
Also Read:വെന്തുരുകിയ തലസ്ഥാന നഗരിയുടെ മണ്ണും മനസും കുളിര്‍പ്പിച്ച് വേനല്‍മഴ