എറണാകുളം : കൊച്ചി നഗരത്തിൽ മരത്തിന് മുകളിൽ കയറി ഹൗസിംഗ് ബോർഡിലെ തൊഴിലാളിയുടെ ആത്മഹത്യാഭീഷണി. ഹൗസിംഗ് ബോർഡിലെ പിരിച്ചുവിടപ്പെട്ട കരാർ തൊഴിലാളിയായ പള്ളുരുത്തി സ്വദേശി സൂരജാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ജോലിയിൽ തിരിച്ച് എടുക്കണമെന്നായിരുന്നു സൂരജിൻ്റെ ആവശ്യം.
ഫയർഫോഴ്‌സും, പൊലീസും എത്തി അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും സൂരജ് വഴങ്ങിയില്ല. ഇതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി മരത്തിനുതാഴെ വല കെട്ടി ഫയർ ഫോഴ്‌സ് സുരക്ഷയൊരുക്കി. മരത്തിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കുന്നത് തടയാനായിരുന്നു ഫയർഫോഴ്‌സ് ശ്രമം.
നഗരത്തിലെ പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിലെ മരത്തിൽ കയറിയായിരുന്നു തൊഴിലാളിയുടെ ആത്മഹത്യാശ്രമം. ഇതോടെ ദ്രുതഗതിയിൽ റവന്യൂ മന്ത്രിയുടെ ഓഫീസ് ഇടപെടുകയും പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയുമായിരുന്നു. ഒടുവിൽ എഐടിയുസി നേതാക്കൾ എത്തി, പ്രശ്‌നം പരിഹരിക്കാമെന്ന് മന്ത്രി കെ. രാജൻ ഉറപ്പ് നൽകിയതായി അറിയിച്ചു. ഇതേ തുടർന്നാണ് സൂരജ് താഴെ ഇറങ്ങിയത്.
ഹൗസിംഗ് ബോർഡിൽ നിന്നും 12 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ഇതിനെതിരെ ഭരണാനുകൂല തൊഴിലാളി സംഘടനയായ എഐടിയുസി സമരം നടത്തിവരികയായിരുന്നു. റിലേ സത്യാഗ്രഹ സമരം നടക്കവെയാണ് പിരിച്ചുവിടപ്പെട്ട തൊഴിലാളികളിൽ ഒരാളായ സൂരജ് മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.
ശ്രദ്ധിക്കൂ,ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821