തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളാനുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശം അതാത് ബാങ്കുകൾ തീരുമാനിക്കുമെന്ന് സംസ്ഥാന തല ബാങ്കേഴ്‌സ് കമ്മിറ്റി തീരുമാനം. ഇന്ന് (ഓഗസ്റ്റ് 19) തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ഒരു വർഷം മൊറട്ടോറിയവും പ്രഖ്യാപിച്ചെന്ന് സംസ്ഥാന തല ബാങ്കേഴ്‌സ് കമ്മിറ്റി കൺവീനർ പ്രദീപ് അറിയിച്ചു.
ഇന്നലെ (ഓഗസ്റ്റ് 18) രാത്രിയോടെ കേരള ഗ്രാമീൺ ബാങ്ക് ഈടാക്കിയ ഇഎംഐ തിരിച്ച് നൽകി. മൊത്തം 35 കോടിയാണ് ദുരന്ത ബാധിത പ്രദേശങ്ങളിൽ വിവിധ ബാങ്കുകൾ വായ്‌പ നൽകിയിട്ടുള്ളത്. ഭവന, വാഹന വായ്‌പകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകുന്നതായിരിക്കും. ഒരു വർഷത്തേക്ക് തിരിച്ചടവ് പൂർണമായും ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതാത് ബാങ്കുകളിൽ നിന്നും കണക്ക് ശേഖരണം നടത്തുന്നതായിരിക്കും. ചില കുടുംബത്തിലെ മുഴുവൻ ആളുകളും മരിച്ചു, കുടുംബത്തിലെ ഏക വരുമാനമുള്ളയാൾ മരിച്ച കുടുംബങ്ങളുടെ വായ്‌പ എഴുതിത്തള്ളണമെന്ന ശുപാർശയാണ് നൽകുക. സമിതിക്ക് വായ്‌പ പൂർണമായും എഴുതിത്തള്ളണമെന്ന തീരുമാനമെടുക്കാൻ അധികാരമില്ല.
കൃഷിയും കൃഷിയിടവും നശിച്ചവരുടെ വായ്‌പ എഴുതിത്തള്ളാൻ ബാങ്കുകളോട് നിർദേശിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് വർഷത്തെ സാവകാശമാകും കാർഷിക വായ്‌പകൾക്ക് അനുവദിക്കുക. ചെറുകിട സംരംഭകർക്ക് കൂടി ഇത് ബാധകമാക്കാനും ബാങ്കേഴ്‌സ് സമിതി ശുപാർശ നല്‍കുമെന്ന് റിസർവ് ബാങ്ക് പ്രതിനിധിയും സംസ്ഥാന തല ബാങ്കേഴ്‌സ് കമ്മിറ്റി കൺവീനറുമായ പ്രദീപ് അറിയിച്ചു.