ഇന്ന് ശ്രീനാരായണ ഗുരു ജയന്തി. അജ്ഞതയുടെ ഇരുട്ടില്‍ ആണ്ടുകിടന്ന ഒരു ജനതയുടെ മേല്‍ അറിവിന്‍റെ പ്രകാശം പരത്തിയ ഗുരുവിന്‍റെ 170ാം ജന്മ വാര്‍ഷികം. കേരളീയ സമൂഹത്തെ നവോഥാനത്തിലേക്ക് നയിച്ച ഗുരുവിന്‍റെയും ഗുരു ദര്‍ശനങ്ങളുടെയും പ്രസക്തി ഇക്കാലത്തും കൂടുതല്‍ ശക്തിപ്പെടുകയാണ്.
1856 ഓഗസ്റ്റ് 20ന് തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിലെ വയല്‍വാരം വീട്ടില്‍ കുട്ടിയമ്മയുടെയും മാടനാശാന്‍റെയും മകനായാണ് ശ്രീനാരായണ ഗുരു ജനിക്കുന്നത്. വിവിധ ഗുരുക്കന്മാര്‍ക്ക് കീഴിലായി തര്‍ക്കം, വേദാന്തം, വ്യാകരണം തുടങ്ങിയവ അദ്ദേഹം അഭ്യസിച്ചു. തമിഴ്, മലയാളം, സംസ്‌കൃതം എന്നീ ഭാഷകളിലും അദ്ദേഹം പ്രാവീണ്യം നേടി.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തിരികെ നാട്ടിലെത്തിയ ഗുരു സമൂഹത്തില്‍ നിലനിന്ന അനാചാരങ്ങള്‍ക്കും അന്തവിശ്വാസങ്ങള്‍ക്കും എതിരെ പടപൊരുതി. ക്ഷേത്ര പ്രതിഷ്‌ഠയും വിഗ്രഹാരാധനയും സവര്‍ണരുടെ മാത്രം അവകാശമായിരുന്ന കാലത്താണ് ഗുരു അരുവിപ്പുറത്ത് പ്രതിഷ്‌ഠ നടത്തുന്നത്. 'ഈഴവ ശിവനെ' പ്രതിഷ്‌ഠിച്ച് കൊണ്ട് അദ്ദേഹം അവര്‍ണരുടെ ആത്മബോധത്തിന് തിരിതെളിയിക്കുകയായിരുന്നു. വിഗ്രഹങ്ങള്‍ക്ക് പകരം പിന്നീട് കണ്ണാടിയും കെടാവിളക്കും പ്രതിഷ്‌ഠിച്ചും അദ്ദേഹം വിശ്വാസത്തിന്‍റെ പുതിയ മാനങ്ങള്‍ ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കി.
ജാതിമതചിന്തകള്‍ക്ക് അതീതമായ ഒരു സമൂഹത്തെ സൃഷ്‌ടിക്കുക എന്നതായിരുന്നു ഗുരുവിന്‍റെ ജീവിതലക്ഷ്യം. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’, ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ തുടങ്ങിയ തത്വങ്ങളിലൂടെ കേരളത്തിലെ പാര്‍ശ്വവത്‌കരിക്കപ്പെട്ട മനുഷ്യരുടെ മനസിലേക്ക് വിശ്വമാനവീകത എന്ന വലിയ ആശയത്തിന്‍റെ പുനര്‍ പ്രതിഷ്‌ഠ ഗുരു നടത്തി. ജാതിയുടെയും മതത്തിന്‍റെയും വേലിക്കെട്ടുകള്‍ പൊളിച്ച് സ്വതന്ത്രരാകാന്‍ ഉപദേശിച്ച ഗുരു സംഘടിച്ച് ശക്തരാകാനും ആഹ്വനം ചെയ്‌തു.
വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന് പറഞ്ഞ ഗുരു കേരളത്തിലുടനീളം വിദ്യാലയങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ മുന്‍കൈയെടുത്തു. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് വിദ്യ എന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. എല്ലാ അനാചാരങ്ങള്‍ക്കും എതിരെ പോരാടാനുളള ഗുരുവിന്‍റെ ആയുധവും വിദ്യ തന്നെയായിരുന്നു.
മനുഷ്യന്‍റെ സമഗ്രമായ വികസനത്തിന് വേണ്ടിയാണ് ഗുരു പ്രയത്നിച്ചത്. ആധ്യാത്മികവും ഭൗതികവും രണ്ടല്ല എന്നും അവ ഒന്നിന്‍റെ തന്നെ രണ്ട് വശമാണെന്നും ഗുരു പഠിപ്പിച്ചു. 'അവനവനാത്മസുഖത്തിന്നായാചരിപ്പതു അപരനുമാത്മാസുഖത്തിന്നായിവരേണം' എന്നും 'ഒരു പീഡയെറുമ്പിനും വരുത്തരുത്' തുടങ്ങിയ വരികള്‍ മാനവഹൃദയത്തിന്‍റെ പൂര്‍ണത മുന്നില്‍ കണ്ട് എഴുതിയതാണ്.
അപ്രതീക്ഷിതമായി എത്തിയ ഒരു ദുരന്തം കേരളം ഒറ്റക്കെട്ടായി നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് ഇത്തവണത്തെ ഗുരുജയന്തി എത്തുന്നത്. സാഹോദര്യത്തിലും സ്‌നേഹത്തിലും അടിസ്ഥാനപ്പെടുത്തിയ ഗുരു ദര്‍ശനങ്ങളെ പ്രാവര്‍ത്തികമാക്കുന്നതാണ് നാം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഒറ്റക്കെട്ടായി ഒരുമയോടെ മുന്നോട്ട് പോവുകയെന്ന ഗുരുവിന്‍റെ പാഠങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നതിന്‍റെ തെളിവാണ് ദുരന്തമുഖത്ത് നാം കണ്ട ഒത്തൊരുമ.
Also Read: ഓർമയിലെന്നും രാജീവ് ഗാന്ധി: ഇന്ന് 80ാം ജന്മവാർഷികം