തിരുവനന്തപുരം : സോളാര്‍ സമരത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം. സമകാലിക മലയാളമെന്ന വാരികയില്‍ സോളാര്‍ ഇരുണ്ടപ്പോള്‍ എന്ന പേരില്‍ ജോണ്‍ മുണ്ടക്കയമെഴുതുന്ന ലേഖന പരമ്പരയിലാണ് സമരം സിപിഎം ഒത്തുതീര്‍പ്പിലാണ് അവസാനിപ്പിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് മാര്‍ഗമാണ് പാര്‍ട്ടി ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നത്.
താനും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരനായിരുന്നുവെന്നും തോമസ് ഐസക്ക് അടക്കമുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ലേഖനത്തില്‍ ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തുന്നു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്ന സിപിഎം നിലപാട് യുഡിഎഫ് അന്ന് അംഗീകരിച്ചതിന് ശേഷമായിരുന്നു സിപിഎം സോളാര്‍ വിഷയത്തില്‍ അന്ന് പരസ്യ സമരം അവസാനിപ്പിച്ചത്.
ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം ഒത്തുതീര്‍പ്പിന്‍റെ ഭാഗമാണെന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ ഇടത് പ്രതിനിധിയായി എന്‍ കെ പ്രേമചന്ദ്രനും കോടിയേരി ബാലകൃഷ്‌ണനും അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തുവെന്നും യുഡിഎഫില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും പങ്കെടുത്തു. ഉമ്മന്‍ചാണ്ടി വാര്‍ത്ത സമ്മേളനം വിളിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതും ഈ ധാരണകളുടെ അടിസ്ഥാനത്തിലാണെന്നും ലേഖനത്തില്‍ അദ്ദേഹം സൂചിപ്പിക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷം സോളാര്‍ വിഷയത്തില്‍ വീണ്ടുമെത്തുന്ന വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തുന്നത്.
ALSO READ : വീടുകള്‍ക്ക് സൗര മേല്‍ക്കൂര ലക്ഷ്യവും വെല്ലുവിളികളും