കോട്ടയം: കർഷകരുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ തുറന്ന് തുടങ്ങി. മൂന്നാംഘട്ട ബണ്ടിന്‍റെ ഷട്ടറുകൾ ആണ് ആദ്യം തുറക്കുന്നത്. സാങ്കേതിക തടസങ്ങൾ ഉണ്ടായില്ലങ്കിൽ ഒരാഴ്‌ചയ്ക്കുള്ളിൽ എല്ല ഷട്ടറുകളും ഉയർത്താനാകുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷത്തേതിനേക്കാൾ രണ്ട് ദിവസം വൈകിയാണ് ഈ വർഷം ബണ്ട് തുറന്നിരിക്കുന്നത്. ഇപ്പോൾ ബണ്ട് തുറക്കുന്നതുകൊണ്ട് കുട്ടനാടിന് എന്തെല്ലാം പ്രയോജനം ലഭിക്കുമെന്നത് കാലാവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത്. മഴ പെയ്യുകയും കിഴക്കൻ വെള്ളം താമസമില്ലാതെ എത്തുകയും ചെയ്‌താൽ വലിയ പ്രയോജനം കുട്ടനാടിന് ലഭിക്കുകയില്ല. കടലിൽ നിന്ന് ഉപ്പുവെള്ളം കയറി ജലമാലിന്യങ്ങൾ നശിക്കുകയുമില്ല.
90 ഷട്ടറുകളും, നാല് ലോക്ക്ഗേറ്റുകളുമാണ് തണ്ണീർമുക്കം ബണ്ടിനുള്ളത്. ഇതിൽ മധ്യഭാഗത്തുള്ള പുതിയ ബണ്ടിന്‍റെ മൂന്നാമത്തെ ഷട്ടർ ആണ് വെള്ളിയാഴ്‌ച തുറന്നത്. തുടർന്ന് 28 ഷട്ടറുകളും ലോക്ക്ഗേറ്റും ഒന്നാംഘട്ടത്തിൽ തുറന്നു. സാങ്കേതിക തകരാർ ഉണ്ടായില്ലെങ്കിൽ ഒരാഴ്‌ചയ്ക്കുള്ളിൽ ബാക്കി ഷട്ടറുകളും തുറക്കുമെന്ന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എ ഇ അമൽ നാരായണൻ അറിയിച്ചു.
വ്യാഴാഴ്‌ചയാണ് ആലപ്പുഴ കലക്‌ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ ഷട്ടർ തുറക്കാൻ തീരുമാനമായത്. ഡിസംബർ 15 മുതലാണ് ഷട്ടർ അടച്ചത്. തുടർന്ന് കുട്ടനാട്ടിലെ കായലുകളിൽ പോളയും മാലിന്യവും നിറഞ്ഞതോടെ ഷട്ടർ തുറക്കണമെന്ന ആവശ്യം ശക്തമാക്കുകയായിരുന്നു തുടർന്നായിരുന്നു നടപടി.
വേലിയേറ്റവും വേലിയിറക്കവും ഉണ്ടായാലേ ഉപ്പുവെള്ളം കുട്ടനാടൻ ജലാശയങ്ങളിൽ കയറി മാലിന്യങ്ങൾ നശിപ്പിക്കുകയുള്ളൂ. അതേസമയം ഷട്ടറുകൾ തുറന്നതോടെ അപ്പർ കുട്ടനാട്ടിലേക്ക് വെള്ളം ശക്തമായി ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.