എറണാകുളം: മൂവാറ്റുപുഴയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കം കലാശിച്ചത് വെടിവെപ്പില്‍. ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങളിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് മൂവാറ്റുപുഴ കടാതി മംഗലത്ത് വീട്ടിൽ സഹോദരങ്ങളായ കിഷോറും, നവീനും തമ്മിൽ വാക്ക് തർക്കത്തെത്തുടർന്ന് ഏറ്റുമുട്ടിയത്.
വീടിന് സമീപത്ത് വച്ച് മദ്യപിച്ച ശേഷമായിരുന്നു വാക്കു തർക്കം. കിഷോർ കൈവശമുണ്ടായിരുന്ന് തോക്ക് ഉപയോഗിച്ച് നവീനെ വെടിവെക്കുകയായിരുന്നു. വയറിന് വെടിയേറ്റ നവീൻ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ അടിയന്തിരമായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
നവീൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. സഹോദരങ്ങൾ തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം, ലൈസൻസുള്ള തോക്കാണ് കിഷോറിന്‍റെ കൈവശമുണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സംഭവസമയം നവീനും കിഷോറിനുമൊപ്പം മറ്റൊരു ബന്ധു കൂടിയുണ്ടായിരുന്നു. ഇയാൾ വിവരമറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ ചേർന്ന് നവീനെ ആശുപത്രിയിലെത്തിച്ചത്.
Also Read : മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടി; ഇടുക്കി സ്വദേശി എറണാകുളത്ത് അറസ്റ്റിൽ