2024 ജൂലൈ 16 ന് കർണാടകയിലെ അങ്കോളയ്‌ക്ക് സമീപം ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായവരിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത വളരെ ഞെട്ടലോടെയാണ് കേരളക്കര അറിഞ്ഞത്. അനിശ്ചിതങ്ങള്‍ ഏറെ നിറഞ്ഞ 72 ദിവസങ്ങള്‍ക്ക് ശേഷം ഗംഗാവലി പുഴയില്‍ നിന്നും അർജുന്‍റെ ലോറിയും മൃതദേഹം ലഭിച്ചിരിക്കുകയാണ്.
മൃതദേഹം ഡിഎൻഎ പരിശോധന നടത്താതെ കുടുംബത്തിന് നൽകുമെന്ന് കാർവാർ എസ്‌പി എം. നാരായണ അറിയിച്ചു. ഗംഗാവലി പുഴയിൽ 12 മീറ്റർ ആഴത്തിൽ നിന്നാണ് അർജുന്‍റെ ലോറി കണ്ടെത്തിയത്. ഉരുള്‍പൊട്ടലിന് പിന്നാലെ കാണാതായ ലോകേഷ്, ജഗന്നാഥ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അപകടത്തിന്‍റെ നാൾ വഴികളിലേക്ക്
ഉത്തര കന്നഡ ജില്ലയിലെ പ്രധാന നഗരമാണ് അങ്കോള. ജൂലൈ 16 ന് രാവിലെ 8: 30 നാണ് കര്‍ണാടകയിലെ കാര്‍വാര്‍ അങ്കോളയ്‌ക്ക് സമീപം വലിയ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിൽ അപകടത്തിന് പിന്നാലെ നിരവധി വാഹനങ്ങൾ ഒരല്‌പം പോലും അനങ്ങാനാവാതെ പാതയില്‍ കുടുങ്ങി. ഇതിനിടെയാണ് കോഴിക്കോട് മുക്കം കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ ലോറിയും അപകടത്തിൽപ്പെട്ടതായി സൂചന പുറത്ത വന്നത്.
ലോറിയുടെ അവസാന ജിപിഎസ് കാണിച്ചിരിക്കുന്നത് മണ്ണിടിച്ചിൽ നടന്ന സ്ഥലത്താണ്. കർണാടകയിൽ നിന്ന് തടി കയറ്റി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിൽ ഡ്രൈവർ അർജുൻ മാത്രമാണ് ഉണ്ടായിരുന്നത്. കാലമിത്രയും ഇതുവരെ ഒരുതരത്തിലുള്ള പ്രകൃതിക്ഷോഭവും ഉണ്ടായിട്ടില്ലാത്ത ഷിരൂരിൽ ഒരാഴ്‌ച തുടർച്ചയായി പെയ്‌ത ശക്തമായ മഴയിൽ സംഭവിച്ചത് നാടിനെ നടുക്കിയ കാഴ്‌ചയായിരുന്നു.
ഷിരൂരിലെ വലിയ മല മുഴുവനായും പൊട്ടി അടർന്ന് താഴെ റോഡിലേക്ക് വന്നു പതിച്ചു. ദുരന്തത്തിൽ 12 പേര്‍ക്ക് ജീവൻ നഷ്‌ടപ്പെട്ടു. മലയാളി ഡ്രൈവർ അർജുനും ലോറിയും മണ്ണിനടിയിൽ അകപ്പെടുകയും ചെയ്‌തതോടെ കന്നഡികരും മലയാളികളും ഒരു പോലെ ഞെട്ടി. അര്‍ജുനായി ആദ്യ ഘട്ടത്തില്‍ കരയിലായിരുന്നു തെരച്ചില്‍ നടന്നത്.
അര്‍ജുനും ലോറിയും കരയില്‍ ഇല്ലെന്ന് വ്യക്തമായതോടെ തെരച്ചില്‍ സമീപമുള്ള പുഴയിലേക്ക് കേന്ദ്രീകരിച്ചത്. അര്‍ജുന്‍റെ ലോറി കണ്ടെടുക്കാൻ ഗംഗാവലി പുഴയില്‍ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പത്ത് റൗണ്ട് പരിശോധനയിൽ മൂന്ന് സ്ഥലത്ത് നിന്ന് വ്യക്തമായ ലോഹ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞു.

അർജുൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ മാത്രം കാണാമറയത്തായി. കേരളത്തിൽ നിന്ന് മന്ത്രിമാർ അടക്കം ഷിരൂരിലെത്തി രക്ഷാദൗത്യത്തിന് നേതൃത്വം കൊടുത്തു. ഗംഗാവലി പുഴയിലെ അതിശക്തമായ അടിയൊഴുക്ക് വെല്ലുവിളി ഉയർത്തിപ്പോഴും രക്ഷാദൗത്യത്തിനായി മുങ്ങൽ വിദഗ്‌ധന്‍ ഈശ്വർ മൽപെ അടക്കം ഷിരൂരിലെത്തി. എന്നാൽ നിരാശയായിരുന്നു ഫലം. അർജുന് വേണ്ടി പ്രാർഥനയോാടെ കാത്തിരുന്ന കേരളത്തെ തേടിയെത്തിയത് മറ്റൊരു ദുരന്തവാർത്തകൂടിയായിരുന്നു.

ജൂലൈ 30 ന് വയനാട് ജില്ലയിൽ മേപ്പാടിയിലെ ചൂരൽമലയിലും, മുണ്ടക്കൈയിലും ഉരുൾപ്പെട്ടൽ ദുരന്തം വന്നുപതിച്ചു. നിരവധി പേരുടെ ജീവൻ കലിതുള്ളിയ പ്രകൃതി കവർന്നെടുത്തു. ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ രക്ഷാസംഘവും വയനാട്ടിലെത്തി. ഈ സമയം ഷിരൂരിൽ കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം മന്ദഗതിയിലായി.
തെരച്ചിൽ വീണ്ടും തുടരണമെന്ന ആവശ്യവുമായി അർജുന്‍റെ കുടുംബം വീണ്ടും മുന്നോട്ടുവന്നു. നിരവധി ആളുകളെ കണ്ട് സഹായം അഭ്യർഥിച്ചു. ഒരുപാട് പ്രതിസന്ധികൾക്കൊടുവിൽ ഗോവയിൽ നിന്ന് ഡ്രെഡ്‌ജര്‍ എത്തിച്ച് അർജുനുൾപ്പെടെയുള്ള മൂന്ന് പേർക്കായി സെപ്‌റ്റംബർ 20 ന് വീണ്ടും തെരച്ചിൽ ആരംഭിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സെപ്‌റ്റംബർ 21 ന് തെരച്ചിൽ നടക്കുന്ന സ്ഥലത്ത് അർജുന്‍റെ സഹോദരി എത്തി. കാലാവസ്ഥ അനുയോജ്യമായതിനാൽ അന്ന് തെരച്ചിൽ സുഗമമായി നടന്നു. മുങ്ങൽ വിദഗ്‌ധനായ ഈശ്വർ മൽപെ നടത്തിയ തെരച്ചിലിൽ ഗംഗാവലിപുഴയിൽ കോൺടാക്‌ട് പോയിന്‍റ് നാലിന് സമീപത്ത് നിന്ന് തടി കഷ്‌ണവും ടയറും കണ്ടെത്തി. തുടർന്ന് കാണാതായവരുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ഡ്രെഡ്‌ജർ ഉപയോഗിച്ചുള്ള തെരച്ചിലിൽ ലഭിച്ചു.

കനത്ത മഴ വീണ്ടും വീണ്ടും പ്രതിസന്ധി സൃഷ്‌ടിച്ചപ്പോഴും പ്രതീക്ഷ കൈവിടാതെ കാണാതായവർക്കായി തെരച്ചിൽ തുടർന്നു. സെപ്‌റ്റംബർ 22 ന് വൈകുന്നേരം ഡ്രെഡ്‌ജർ ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ ഒരു അസ്ഥികൂടം കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ അത് മനുഷ്യന്‍റെതല്ല പശുവിന്‍റെതാണെന്ന് സ്ഥിരീകരിച്ചു.
സെപ്‌റ്റംബർ 23 ന് ഡ്രഡ്‌ജിങ് കമ്പനിയുമയുള്ള കരാർ ജില്ല ഭരണകൂടം 7 ദിവസത്തേക്ക് കൂടി നീട്ടി. തെരച്ചിലിനായി അന്ന് രാവിലെ 11 മണിയോടെ നാവികസേന ഷിരൂരിലെത്തി. ദൗത്യം ഏകോപിപ്പിക്കാനായി റിട്ട. മേജർ ജനറൽ ഡോ. ഇന്ദ്ര ബാലും സെപ്‌റ്റംബർ 23 ന് നേരിട്ട് ഷിരൂരിൽ എത്തി. ഡ്രഡ്‌ജറിന് പുറമെ നേവി, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ഈശ്വർ മൽപെ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ തുടർന്നു. തെരച്ചിലില്‍ അര്‍ജുന്‍റെ ലോറിയുടെ ലൈറ്റ് റിഫ്ലക്‌റ്റര്‍, കയർ എന്നിവ കണ്ടെത്തി.

സെപ്‌റ്റംബർ 24 ഉത്തര കന്നഡയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപനം വന്നു. സാഹചര്യത്തിലാണ് തെരച്ചില്‍ എന്നതും നിര്‍ണായകമാണ്. മഴയുടെ ശക്തി വര്‍ധിച്ചാല്‍ ഡ്രഡ്‌ജിങ് താത്‌കാലികമായി നിര്‍ത്തിവയ്‌ക്കാൻ തീരുമാനമായി. മേഖലയില്‍ തലേദിവസം രാവിലെ മഴ പെയ്‌തിരുന്നെങ്കിലും ഡ്രഡ്‌ജിങ്ങിനെ ബാധിച്ചിരുന്നില്ല. അന്ന് തെരച്ചിലിലും അര്‍ജുന്‍റെ ലോറിയുടെ ഭാഗങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല.
മൂന്നാം ഘട്ട തെരച്ചിലിന്‍റെ നാലാം ദിവസമായ ഇന്ന് നേവി അടയാളപ്പെടുത്തിയ സിപി 2 പോയന്‍റിൽ നിന്ന് ഒരു ഷർട്ടിന്‍റെ കഷ്‌ണവും തിരിച്ചറിയൽ രേഖയും അർജുന്‍റെ ലോറിയുടെ ക്യാബിനും കണ്ടെത്തി. കണ്ടെത്തിയ ലോറിയുടെ അകത്ത് മൃതദേഹവും കണ്ടെത്തി. ഇനി ചോദ്യചിഹ്നമായുള്ളത് ലോകേഷും, ജഗന്നാഥുമാണ്. ഇവർക്കായുള്ള തെരച്ചിൽ വീണ്ടും തുടരും.