കോഴിക്കോട്: അർജുൻ നിങ്ങൾക്കായി ഒരു ജനത മുഴുവൻ ഉള്ളുരുകിയാണ് പ്രാർഥിച്ചത്. അതിൽ ഭാഷയ്ക്കപ്പുറമുള്ള ഒരു കൂട്ടായ്‌മയുണ്ടായിരുന്നു. ആദ്യമൊക്കെ ജീവന്‍റെ തുടിപ്പോടെ നിന്നെ പ്രതീക്ഷിച്ചു. അത് പിന്നെ മെല്ലെ ഇല്ലാതായി.
ഒടുവിൽ തെരച്ചിലിന്‍റെ എല്ലാ ആഴവും താണ്ടി ലോറി കിട്ടി, ചേതനയറ്റ നിങ്ങളേയും. ഒന്നും ബാക്കിയുണ്ടാവില്ല എന്ന് പറഞ്ഞവരോട് നിങ്ങളെ അവസാനമായി കണ്ട, നിങ്ങളുടെ മുതലാളി മനാഫ് വിളിച്ചു പറയുന്നു 'അവൻ പൂർണമായി തന്നെയുണ്ട്, 71 ദിവസം എന്‍റെ ലോറിയിൽ കിടന്നുറങ്ങിയ അവനെ കിട്ടി, ചെറിയ കേടുപാടുകൾ മാത്രമേയുള്ളൂ'.
കെഎ15എ 7427 രജിസ്ട്രേഷനിലുള്ള ഭാരത് ബൻസിന്‍റെ ഏറ്റവും നൂതനമായ ലോറി. സാഗര്‍കോയ ടിംബേഴ്‌സിന് വേണ്ടി ഓടിത്തുടങ്ങിയ ലോറി. മനാഫ് എന്ന മുതലാളി ഏത് ലോറി വാങ്ങിയാലും അതിന്‍റെ വളയം ആദ്യം പിടിക്കുക അർജുനാണ്. അത്രയേറെ മിടുക്കനായിരുന്നു അവൻ. പതിവ് പോലെ ഏറ്റവും പുതിയ ലോറിയിൽ ബെംഗലൂരുവിൽ നിന്നും മരം കയറ്റി വരികയായിരുന്നു. അക്വേഷയാണ് ലോഡ്. കല്ലായിയായിരുന്നു ലക്ഷ്യസ്ഥാനം.
ജൂലൈ 15ന് അർധരാത്രിക്ക് ശേഷം തുടങ്ങിയ ഓട്ടം. മണിക്കൂറില്‍ 74 കിലോമീറ്റര്‍ വരെ വേഗത്തിലാണ് അർജുൻ വണ്ടി ഓടിച്ചിരുന്നത്. പല ഘട്ടങ്ങളിലായി ഒരുമണിക്കൂര്‍ പതിനഞ്ച് മിനിറ്റ് വാഹനം ഓണ്‍ ചെയ്‌ത് വച്ച് വിശ്രമിച്ചിട്ടുമുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ വിശ്രമിച്ച സമയം 14 മിനിറ്റ് 25 സെക്കന്‍ഡാണ്. ഇത് മണ്ണിടിച്ചിലുണ്ടായ ചായക്കടയ്ക്ക് സമീപമാണ്. ഈ വിവരങ്ങളെല്ലാം ജിപിഎസിൽ വളരെ വ്യക്തമാണ്.
ജൂലൈ 16ന് രാവിലെ 8.30നാണ് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ഈ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. അര്‍ജുന്‍ ഓടിച്ചിരുന്ന ട്രക്കിലെ ജിപിഎസ് സംവിധാനം അവസാനമായി പ്രവര്‍ത്തിച്ചത് അന്ന് രാവിലെ 8.49നാണ്. ലോറിയുടെ ലൊക്കേഷന്‍ അവസാനമായി കാണിച്ചതും ഷിരൂരില്‍ തന്നെ. ഷിരൂരില്‍ വച്ചാണ് ലോറി ഓഫായത്. അതിന് ശേഷം ഓഫ്‌ലൈനായി എന്ന് സൂചിപ്പിക്കുന്ന റെഡ് സിഗ്നലാണ് ജിപിഎസ് മാപ്പില്‍ കാണിച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ജൂലൈ 16 ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് അവസാനമായി അര്‍ജുന്‍ വീട്ടിലേക്ക് അവസാനമായി വിളിച്ചത്. പിന്നീട് വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷിരൂരിലെ മണ്ണിടിച്ചിലിനെ കുറിച്ച് കുടുംബമറിയുന്നത്. ആദ്യം ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. രാത്രി തന്നെ അര്‍ജുന്‍റെ സഹോദരന്‍ അഭിജിത്ത്, സഹോദരീ ഭര്‍ത്താവ് ജിതിന്‍, ബന്ധു പ്രസാദ് എന്നിവര്‍ ട്രെയിന്‍ മാര്‍ഗം ഷിരൂരിലേക്ക് പുറപ്പെട്ടു.
അതേസമയം ലോറി ഉടമയുടെ സഹോദരന്‍ മുബീനും സുഹൃത്ത് രഞ്ജിത്തും നേരത്തെ തന്നെ അർജുനെ തേടി ഷിരൂരിലേക്ക് തിരിച്ചിരുന്നു. ഷിരൂരിലെത്തിയ സംഘം കണ്ടതത്രയും നിരാശാജനകമായ കാഴ്‌ചകളാണ്. ഒരു പൊലീസ് ജീപ്പും മണ്ണുമാന്തി യന്ത്രവും മാത്രമാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്.
ഇതിനുപിന്നാലെ ലോറി ഉടമ മനാഫും സംഭവ സ്ഥലത്തെത്തി. പല തവണ പൊലീസ് സ്‌റ്റേഷനുകളില്‍ കയറിയിറങ്ങി. ഒടുക്കം അര്‍ജുന്‍റെ സഹോദരി അഞ്ജു കോഴിക്കോട് എംപി എംകെ രാഘവനെ പോയി കണ്ട് പരാതി പറഞ്ഞു. ഒപ്പം മാധ്യമങ്ങളെയും വിവരമറിയിച്ചു. അപ്പോഴേക്കും മണ്ണിടിച്ചിലുണ്ടായി മൂന്ന് ദിവസം പിന്നിട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ജീവന്‍ വച്ചത്. ഒടുവിൽ ഷിരൂർ ഉണർന്നു. കരയിൽ കുന്നുകൂടിയ മണ്ണിനടിയിൽ ലോറി ഉണ്ടാകുമെന്ന് അവിടെയെത്തിയ മലയാളികളിൽ ചിലർ ശാഠ്യം പിടിച്ചു. ദുഷ്‌കരമായ കാലാവസ്ഥയെ അവഗണിച്ച് സൈന്യം വരെ എത്തി. അതി വിദഗ്‌ധരായ റിട്ട. മേജർ ജനറൽ ഇന്ദ്ര ബാലൻ, ഈശ്വർ മാൽപെ തുടങ്ങിയവർ അർജുനെ കണ്ടെത്താൻ അവരുടെ കഴിവിന്‍റെ പരാമവധി പ്രയത്നിച്ചു.
അതേസമയം രക്ഷാദൗത്യസംഘത്തിന്‍റെ കൈവശമുണ്ടായിരുന്ന സാമഗ്രികൾ കൊണ്ടൊന്നും ഗംഗാവാലിയിലേക്ക് അടുക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽതന്നെ ഓരോ വിഭാഗവും മെല്ലെ പിന്മാറി. വയനാട് ദുരന്തത്തിൽ കേരളം നടുങ്ങിയപ്പോഴും ഗംഗാവാലിയിലേക്കും അധികൃതരുടെ ശ്രദ്ധയുണ്ടായിരുന്നു. ഒടുവിൽ മൂന്നാം ഘട്ടമെത്തി. ഡ്രജ്ജിംഗിൽ കണ്ടെടുത്തതിലൊന്നും പ്രതീക്ഷയില്ലായിരുന്നു. മെല്ലെ ബന്ധുക്കളിൽ ചിലരും മാധ്യമസംഘത്തിലെ പലരും പിൻവാങ്ങി.
എന്നാൽ ഇന്ന് (സെപ്‌റ്റംബർ 25) മൂന്ന് മണിക്ക് ശേഷം കണ്ടത് കാത്തിരിപ്പിന്‍റെ അവസാനത്തെ വിളി കേട്ട കാഴ്‌ചയായിരുന്നു. മണ്ണിൽ പതിഞ്ഞ് കിടന്ന അർജുന്‍റെ ലോറി മെല്ലെ മെല്ലെ വെളിച്ചം കണ്ടു, അതിൽ എന്നന്നേക്കുമായി കിടന്നുറങ്ങിയ അർജുനും. രാപ്പകലില്ലാതെ പ്രതീക്ഷയോടെ കണ്ണും കാതും കൂർപ്പിച്ച് നിന്നെ കാത്തിരുന്നവർ ഇനി അവിടെ നിന്ന് മടങ്ങും. ഒരിക്കലും മറക്കാത്ത ഒരു ദുരന്തത്തിന്‍റെ നടുക്കുന്ന ഓർമകളുമായി.
Also Read: ഡിഎൻഎ ഫലത്തിനായി കാത്തുനിൽക്കില്ല; അർജുന്‍റെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകും