തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്‌സാലോജിക്കിനും സിഎംആർഎല്ലിനുമെതിരായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏതന്വേഷണവും വരട്ടേ, സിബിഐ ക്കാൾ വലുതല്ലല്ലോ എന്ന് പറഞ്ഞ അദ്ദേഹം കൂടുതൽ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
വയനാട്ടിലെ വന്യമൃഗ ശല്യത്തിനെതിരെ എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ആസ്ഥാനത്ത് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയുടെ പേരിൽ പാവപ്പെട്ട മനുഷ്യർ ദുരിതം അനുഭവിക്കുകയാണ്. കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ ഈ പ്രശ്‌നം പരിഹരിക്കാനാവൂ. വയനാട്ടിനായി ഒരു പ്രത്യേക പാക്കേജ് വേണം. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പദ്ധതി തയ്യാറാക്കണം.
പരിസ്ഥിയെ സംരക്ഷിച്ചു കൊണ്ട് തന്നെ പരിഹാരം കാണണം. ആനകളെ പുനരധിവസിപ്പിക്കാൻ സഫാരി പാർക്കുകൾ തുടങ്ങണം. ഇത് ബജറ്റിൽ പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ക്ഷുദ്ര ജീവിക്കളെ വെടിവച്ച് കൊല്ലണം. നിലവിലെ നിബന്ധനകൾ വെച്ച് പക്ഷേ കൊല്ലാൻ പാടാണ്. കേന്ദ്രം ഇടപെട്ട് നിബന്ധനകൾ മാറ്റണം. വയനാടിന് വേണ്ടി പ്രത്യേക പ്ലാൻ വേണമെന്നും അദ്ദേഹം പറഞ്ഞു.
വനം മന്ത്രിയുമായി ഇന്ന് വൈകിട്ട് 3 മണിക്ക് കൂടിക്കാഴ്‌ച നടത്തുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. വന്യ മൃഗശല്യം നഷ്‌ടപരിഹാരത്തിന് ഫോറസ്റ്റ് ട്രിബൂണൽ ആരംഭിക്കുക, വനത്തിൽ അധികമുള്ള മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.