എറണാകുളം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ പാർട്ടിയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക. കോൺഗ്രസിൽ നടക്കുന്നത് സ്ത്രീകൾക്കെതിരായ അനീതിയാണെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കൊച്ചിയിലെ കോൺഗ്രസ് വനിത നേതാവുമായ സിമി റോസ്ബെൽ ആരോപിച്ചു. പല സ്ത്രീകൾക്കും ചില നേതാക്കളിൽ നിന്ന് ദുരനുഭവമുണ്ടായതായി അറിയാമെന്നും ആവശ്യമെങ്കിൽ ഇവ തെളിവ് സഹിതം പുറത്ത് വിടുമെന്നും സിമി റോസ്ബൽ ഇടിവി ഭാരതിനോട് പറഞ്ഞു.
എല്ലാം തൻ്റെ ഫോണിൽ തെളിവ് സഹിതം ഉണ്ടെന്നും അവർ അവകാശപ്പെട്ടു. പ്രതിപക്ഷ നേതാവ് വിഡി സതീശന് തന്നോട് വൈരാഗ്യമാണ്. ഇതിൻ്റെ കാരണം വ്യക്തമല്ല. താൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ വിഡി സതീശന് യൂത്ത് കോൺഗ്രസിൽ സ്ഥാനം ലഭിച്ചിരുന്നില്ല. ഇതിൻ്റെ ദേഷ്യമാണോയെന്ന് അറിയില്ലന്നും സിമി പ്രതികരിച്ചു.
എറണാകുളം എംഎൽഎ ടിജെ വിനോദിൻ്റെ നാമ നിർദേശ പത്രിക സമർപ്പണ വേളയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ പരസ്യമായി അപമാനിച്ചിരുന്നു. തൻ്റെ പരസ്യ വിമർശനത്തിൽ പാർട്ടി തീരുമാനം അറിഞ്ഞ ശേഷമായിരിക്കും തുടർ നടപടിയെന്നും അവർ വ്യക്തമാക്കി. പ്രവർത്തന പാരമ്പര്യമുള്ള വനിത നേതാക്കളെ പാര്‍ട്ടി അവഗണിക്കുകയാണ്. എട്ട് വർഷം മുമ്പ് മഹിള കോൺഗ്രസിൽ മെമ്പർഷിപ്പ് എടുത്ത, ജനപിന്തുണയില്ലാത്ത നേതാവാണ് ജെബി മേത്തർ. സ്വാധീനത്തിലൂയാണ് അവര്‍ എം.പിയും മഹിള കോൺഗ്രസ് അധ്യക്ഷയുമായത്.
എന്നാൽ തന്നെപോലുള്ള മുതിർന്ന മഹിള കോൺഗ്രസ് നേതാക്കളെ ചവിട്ടാൻ വരരുത്. രാഹുൽ ഗാന്ധി പങ്കെടുത്ത വനിതകളുടെ പരിപാടിയിൽ നിന്നും തന്നെയും പത്മജ വേണു ഗോപാലിനെയും വേദിയിൽ ഇരുത്തിയില്ല. ഞങ്ങൾക്ക് ഇവരുടെയൊക്കെ ചരിത്രം അറിയാം. പുതിയ നേതൃത്വത്തിന് പ്രവർത്തന പാരമ്പര്യമുള്ളവരോട് പ്രതിബദ്ധതയില്ല. താൻ പാർട്ടി വിടുന്ന പ്രശ്‌നമില്ലെന്നും സിമി റോസ്‌ബെല്‍ വ്യക്തമാക്കി.
വിഡി സതീശനും, ഹൈബി ഈഡനുമാണ് തന്നെ പ്രവർത്തിക്കാൻ അനുവദിക്കാത്തതെന്ന് കെ.സി വേണുഗോപാൽ തന്നോട് പറഞ്ഞിട്ടുണ്ട്. കെപിസിസി പ്രസിഡൻ്റും ഇതേ കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്. ദീപ്‌തി മേരി വർഗീസിന് വേണ്ടിയാണ് തന്നെ തഴയുന്നതെന്നും അവർ ആരോപിച്ചു.
തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ ഉമ തോമസിനെ പരാജയപ്പെടുത്താൻ ശ്രമിച്ച ദീപ്‌തിയെ സംരക്ഷിക്കാൻ ചില നേതാക്കളുണ്ട്. അതിന് പിന്നിൽ ചില കാര്യങ്ങൾ ഉണ്ടായിരിക്കാം. എത്ര നാൾ ഇതെല്ലാം കണ്ട് മിണ്ടാതിരിക്കണമെന്നും അവർ ചോദിച്ചു. കോൺഗ്രസിൽ നിന്നും നിരവധിയാളുകള്‍ തനിക്ക് പിന്തുണയറിയിച്ചിട്ടുണ്ട്. പ്രവർത്തന പാരമ്പര്യമുള്ളവരെ അംഗീകരിക്കണമെന്നതാണ് തൻ്റെ ആവശ്യമെന്നും സിമി റോസ്ബൽ പറഞ്ഞു.
Also Read : സിപിഎമ്മിന് ഒന്നടങ്കം ബിജെപിയുമായി അവിഹിത ബന്ധം; ഇപി വിഷയത്തിൽ അടച്ചാക്ഷേപിച്ച് പ്രതിപക്ഷ നേതാവ്