തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് വേണ്ടെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചു. നിരവധി തവണ സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവിന്‍റെ കത്തില്‍ പറയുന്നു.
സ്‌കൂളുകളില്‍ ഭക്ഷണത്തിന് ഗുണനിലവാര പരിശോധന വേണ്ടെന്ന തീരുമാനം പ്രതിഷേധാര്‍ഹവും നിരുത്തരവാദപരവുമാണ്. വെങ്ങാനൂര്‍ ഉച്ചക്കട എല്‍ പി സ്‌കൂള്‍, കായംകുളം ടൗണ്‍ സര്‍ക്കാര്‍ യു പി സ്‌കൂള്‍, കോഴിക്കോട് കീഴ്പ്പയ്യൂര്‍ വെസ്‌റ്റ് എല്‍ പി സ്‌കൂള്‍, ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, നെയ്യാറ്റിന്‍കര തത്തിയൂര്‍ പിവിയുപിഎസ് എന്നിവിടങ്ങളില്‍ ഭക്ഷ്യ വിഷബാധയേറ്റ സംഭവമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലും ഭക്ഷണത്തിന്‍റെ ഗുണനിലവാര പരിശോധന വേണ്ടെന്ന തീരുമാനം നിരുത്തരവാദപരമാണ്.
Also Read: സകൂൾ ഉച്ചഭക്ഷണ പദ്ധതി; അരി അടിയന്തരമായി വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് നിർദേശം
കേന്ദ്ര സര്‍ക്കാരിന്‍റെ ഫുഡ് ആന്‍റ് ഹെല്‍ത്ത് ഡയറ്റ്‌സ് ഫോര്‍ സ്‌കൂള്‍ ചില്‍ഡ്രല്‍ല്‍ റെഗുലേഷന്‍ 2020 മൂന്നാം വകുപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. ഉച്ചഭക്ഷണത്തിന്‍റെ കാര്യത്തില്‍ കേന്ദ്ര നിയമം പാലിക്കേണ്ടതില്ലെന്ന തീരുമാനം കേന്ദ്ര ഭക്ഷ്യ സുരക്ഷ നിയമത്തിന്‍റെ ലംഘനമാണ്. ഉത്തരവ് നിയമവിരുദ്ധവും ജനവിരുദ്ധവുമാണെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. ഉത്തരവ് പിന്‍വലിക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെടുന്നു.