പത്തനംതിട്ട: നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട ഞായറാഴ്‌ച (ഓഗസ്‌റ്റ് 11) തുറക്കും. തിങ്കളാഴ്‌ച (ഓഗസ്‌റ്റ് 12) പുലര്‍ച്ചെ 05.45 നും 6.30 നും ഇടയ്‌ക്കാണ് നിറപുത്തരി പൂജകള്‍ നടക്കുക. അന്ന് പുലർച്ചെ 4 ന് നട തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് മേല്‍ ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.
നിറപുത്തരിക്കായി പ്രത്യേകം കൃഷിചെയ്‌ത നെല്‍ക്കതിരുകള്‍ കറ്റകളാക്കി ഭക്തർ ഇരുമുടിക്കെട്ടിനൊപ്പം സന്നിധാനത്ത് എത്തിക്കും. നിറ പുത്തരി പൂജകള്‍ക്കായി എത്തിക്കുന്ന നെല്‍ക്കതിരുകള്‍ കൊടിമര ചുവട്ടില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്, അംഗങ്ങളായ ജി സുന്ദരേശന്‍, അഡ്വ. എ അജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും.
പതിനെട്ടാം പടിയില്‍ സമർപ്പിക്കുന്ന നെല്‍ക്കതിരുകള്‍ തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരും, മേല്‍ശാന്തി വി എൻ മഹേഷ് നമ്പൂതിരിയും ചേർന്ന് തീർത്ഥം തളിച്ച് ശുദ്ധിവരുത്തിയ ശേഷം ആഘോഷപൂർവം സന്നിധാനം കിഴക്കേ മണ്ഡപത്തില്‍ എത്തിക്കും. നെല്‍ക്കതിരുകള്‍ തന്ത്രി പൂജിച്ചശേഷം സോപാനത്ത് എത്തിച്ച് വിഗ്രഹത്തിന് സമീപം വെയ്ക്കും. ദേവചൈതന്യം നിറച്ച നെല്‍ക്കതിരുകള്‍ ശ്രീകോവിലിലും സോപാനത്തും കെട്ടിയശേഷം ഭക്തർക്ക് വിതരണംചെയ്യും. പൂജകള്‍ക്ക് ശേഷം തിങ്കളാഴ്‌ച രാത്രി 10 ന് നട അടക്കും.
അച്ചന്‍കോവില്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് നെല്‍ക്കതിരുകള്‍ എത്തിക്കുന്നത്. നിറപുത്തരിക്കുള്ള നെൽക്കതിരുകളും വഹിച്ചുകൊണ്ട് അച്ചൻ കോവിൽ ധർമ്മ ശാസ്‌ത ക്ഷേത്രത്തിൽ നിന്നുള്ള നിറപുത്തരി ഘോഷയാത്ര ഓഗസ്റ്റ് 11 ന് രാവിലെ അഞ്ച് മണിക്ക് ക്ഷേത്രം സന്നിധിയിൽ നിന്ന് ആരംഭിക്കും. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റു വാങ്ങിയാകും സന്നിധാനത്ത് എത്തുക.