തിരുവനന്തപുരം: മണ്ഡലകാല മകരവിളക്ക് മഹോത്സവത്തിന് നട തുറക്കാൻ സന്നിധാനം സർവ്വ സജ്ജം. ആറു മാസം മുൻപ് തുടങ്ങിയ മുന്നൊരുക്കങ്ങൾ വൃശ്ചികം ഒന്നിന് (നവംബർ 16) മുൻപ് പൂർത്തിയാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മണ്ഡലകാല മകരവിളക്ക് മഹോത്സവത്തിന് നവംബർ 15 ന് വൈകിട്ട് അഞ്ച് മണിക്ക് ശബരിമല നട തുറക്കും. കഴിഞ്ഞ തവണ 16 മണിക്കൂർ മാത്രമായിരുന്നു നട തുറന്നിരുന്നതെങ്കിൽ ഇത്തവണ 18 മണിക്കൂർ നട തുറക്കും. രാവിലെ മൂന്ന് മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി 12 വരെയുമാകും നട തുറക്കുക. തിരക്ക് അനുസരിച്ചാകും രാത്രി നട അടയ്ക്കുക. 80,000 പേർക്ക് ഒരു ദിവസം പ്രവേശനമുണ്ടാകും. സ്പോട്ട് ബുക്കിംഗിന് സമാനമായ സംവിധാനത്തിലൂടെ 10,000 പേർക്ക് ദിവസേന പ്രവേശനം അനുവദിക്കും.
ആധാറിന്‍റെ പകര്‍പ്പ്, ഫോട്ടോ എന്നിവ ഉപയോഗിച്ചു തത്സമയ ഓൺലൈൻ ബുക്കിംഗ് നടത്താം. വെർച്വൽ ക്യു ബുക്ക് ചെയ്‌തവർ ബുക്കിങിന്‍റെ പ്രിന്‍റും ആധാറിന്‍റെ കോപ്പിയും ഫോട്ടോയും കയ്യിൽ കരുതണം. തത്സമയ ബുക്കിങിന് പമ്പ, എരുമേലി, വണ്ടിപെരിയാർ എന്നിവിടങ്ങളിൽ എത്തുന്ന ഭക്തർക്ക് ആധാർ കാർഡ് ഇല്ലെങ്കിൽ പാസ്പോർട്ടോ വോട്ടർ ഐഡി കാർഡോ ഇല്ലാതെ പ്രവേശനമുണ്ടാകില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തന്ത്രിയുടെ കർശന നിർദേശപ്രകാരം പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്ന നിബന്ധനയുണ്ട്. നവംബർ 16 ന് 40 ലക്ഷം അരവണ ടിൻ ലഭ്യമാക്കും. മഹാരാഷ്ട്ര, തെലങ്കാന, കർണാടക സർക്കാരുകൾക്ക് പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചു മടങ്ങുന്നതു ഒഴിവാക്കുക, പ്ലാസ്റ്റിക് ഒഴിവാക്കുക എന്നീ നിർദേശങ്ങൾ പരസ്യപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു കത്ത് നൽകിയിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പിയും ഇത്തവണ നിരോധിച്ചു. പകരം ദിവസേന 3000 സ്റ്റീൽ കുപ്പികളിൽ വെള്ളം നൽകും. ഇതു മടങ്ങുമ്പോൾ ഭക്തർ തിരികെ നൽകണം.
വൈക്കത്ത് പ്രാതലും പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ മുഴുവൻ സമയ അന്നദാനമുണ്ടാകും. ഉപ്പുമാവും കടലക്കറിയും ചുക്കുകാപ്പിയുമാണ് പ്രാതൽ, ഉച്ചയ്ക്ക് കഞ്ഞിയും പയറും. ഇടത്താവളങ്ങളിലും അന്നദാനവും വെള്ളവുമുണ്ടാകും. ശരംകുത്തിയിൽ 4000 ലിറ്റർ വെള്ളം ടാങ്കിന്‍റെ ശേഷി 10,000 ലിറ്ററാക്കി വർധിപ്പിച്ചിട്ടുണ്ട്. ശരംകുത്തി മുതൽ നടപന്തൽ വരെ 50 മീറ്റർ ദൂരത്തിൽ കിയോസ്‌കുകൾ വഴി ചൂട് വെള്ളവും ബിസ്ക്കറ്റ് ഉൾപ്പെടെയുള്ള ലഘു ഭക്ഷണവും ഉറപ്പുവരുത്തുമെന്നും പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഭക്തർക്ക് ഇൻഷുറൻസ് പരിരക്ഷ
മല കയറാനെത്തുന്ന ഭക്തർക്കും ദേവസ്വം ബോർഡ് ജീവനക്കാർക്കും ഇൻഷുറസ് പരിരക്ഷ ഉറപ്പാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കി. യുണൈറ്റഡ് ഇൻഷുറൻസുമായി സഹകരിച്ചു അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ലഭ്യമാക്കും. സംസ്ഥാനത്തിന് പുറത്തു നിന്നെത്തുന്ന ഭക്തർ മരണപ്പെട്ടാൽ മൂന്ന് ലക്ഷം രൂപ നഷ്‌ടപരിഹാരം ഉറപ്പ് വരുത്തും. മരണങ്ങളുണ്ടായാൽ മൃതദേഹം വീട്ടിലെത്തിക്കാനുള്ള ആംബുലൻസ് സൗകര്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് വഹിക്കും.
പാർക്കിംഗ് എവിടെയൊക്കെ?
പമ്പ ഹിൽടോപ്, ചക്കുപാലം എന്നിവിടങ്ങളിൽ പാർക്കിങിന് ഹൈക്കോടതി വിധി അനുകൂലമായതോടെ രണ്ടിടത്തുമായി 1000 വാഹനങ്ങൾ പാർക്ക് ചെയ്യാം. പൂർണമായും ഫാസ് ടാഗ് സംവിധാനത്തിലൂടെയാകും പാർക്കിങ് ഫീസ് ഈടാക്കുക. നിലയ്ക്കലിൽ 8000 വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. ഇതിന് പുറമെ 2000 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള താത്കാലിക സംവിധാനവും ഒരുക്കിയിട്ടുണ്ട്. എരുമേലിയിലെ ഭവന നിർമാണ ബോർഡിന്‍റെ ആറര ഏക്കർ സ്ഥലത്തും പാർക്കിങിന് ലഭിക്കും. മുഴുവൻ സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങളും ദേവസ്വം ബോർഡ് നിശ്ചയിച്ച തുക മാത്രമേ ഫീസായി ഈടാക്കാൻ പാടുള്ളുവെന്ന നിർദേശവും നൽകിയിട്ടുണ്ട്.
വാടക മുറികളും ശുചിമുറികളും
പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി 100 ശുചിമുറികളും 480 പൊതുശുചിമുറികളും സജ്ജമാക്കിയിട്ടുണ്ട്. നിലയ്ക്കലിൽ 1045 ശുചിമുറികളും സന്നിധാനത്ത് 1005 ശുചി മുറികളും ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത പാതയിൽ അമ്പത്തോളം ബയോ ടോയ്‌ലെറ്റുകളും ബയോ യൂറിനലുകളുമുണ്ടാകും. സ്ത്രീകൾക്ക് വിശ്രമകേന്ദ്രങ്ങളും പമ്പയിലെ വനിത ഫെസിലിറ്റേഷൻ സെന്‍ററിൽ 50 വനിതകൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും സജ്ജമാണ്. ശബരി ഗസ്റ്റ് ഹൗസും സ്റ്റാഫ് ക്വാർട്ടേഴ്‌സും പമ്പയിലെ ഗസ്റ്റ് ഹൗസും നവീകരിച്ചിട്ടുണ്ട്. 54 മുറികൾ ശബരി ഗസ്റ്റ് ഹൗസിലുണ്ട്. 540 മുറികൾ വാടകയ്ക്ക് ലഭിക്കും ഇതിൽ 140 മുറികൾ ഉദ്യോഗസ്ഥന്മാർക്കാണ്.
എവിടെയെല്ലാം വിരിവയ്ക്കാം?
നിലയ്ക്കലിൽ 8000 പേർക്കു വിരിവയ്ക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കുന്നു. ടാറ്റയുടെ അഞ്ച് വിരി ഷെഡുകളിൽ 5000 പേർക്കും മഹാദേവ ക്ഷേത്രത്തിന്‍റെ നടപന്തലിൽ 1000 പേർക്കും വിരിവയ്ക്കാം. നിലയ്ക്കലിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ജർമൻ പന്തലിൽ 2000 പേർക്കും വിരിവെയ്ക്കാനുള്ള സൗകര്യങ്ങളുണ്ടാകും. പമ്പയിൽ പുതുതായി നിർമിച്ച നാല് നടപ്പന്തലുകളിൽ 4000 പേർക്കും രാമമൂർത്തി മണ്ഡപത്തിന് സമീപം 3000 പേർക്കും സന്നിധാനത്ത് 10000 പേർക്കും വിരിവയ്ക്കാനാകും.
Also Read: ശബരിമല കയറാന്‍ ബുദ്ധിമുട്ടുള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; കരുതല്‍ നിര്‍ദ്ദേശങ്ങളുമായി ഡിഎംഒ