പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രിമാരായ കണ്‌ഠരര് രാജീവര്, കണ്‌ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പിഎൻ മഹേഷ് നട തുറന്ന് ഭഗവത് വിഗ്രഹത്തിന് മുന്നിൽ നെയ് വിളക്കുകൾ തെളിയിച്ചു. ഇന്ന് (ഓഗസ്റ്റ് 16) പ്രത്യേക പൂജകൾ ഒന്നും ഉണ്ടായില്ല.
ചിങ്ങമാസപ്പിറവി ദിവസമായ നാളെ (ഓഗസ്റ്റ് 17) പുലർച്ചെ അഞ്ച് മണിക്ക് നട തുറക്കും. നാളെ മുതൽ ഓഗസ്റ്റ് 21 വരെയുള്ള ദിവസങ്ങളിലാണ് ചിങ്ങമാസ പൂജകൾ നടക്കുന്നത്. ചിങ്ങപ്പുലരിയിൽ ഐശ്വര്യ വർധനവിനും ചൈതന്യ വർധനവിനുമായി അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചന നടക്കും.
നാളെ മുതൽ നട അടക്കുന്ന ഓഗസ്റ്റ് 21 വരെയുള്ള ദിവസങ്ങളിൽ പടിപൂജ, ഉദയാസ്‌തമന പൂജ, പുഷ്പ്പാഭിഷേകം തുടങ്ങിയ വിശേഷാൽ പൂജകളും നടക്കും. 21ന് രാത്രി പത്തിന് ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഹരിവരാസനം പാടി ശബരിമല നട അടക്കും.
Also Read: സന്നിധാനം ശരണ സാഗരം; ഭക്തി നിർഭരമായ ചടങ്ങുകളോടെ ശബരിമലയിൽ നിറപുത്തരി പൂജ