കണ്ണൂർ : ആർപിഎഫ് കോൺസ്റ്റബിൾ റിവേഴ്‌സും എസ്‌ഐ മനോജ് കുമാറും തലശേരി റെയിൽവേ സ്റ്റേഷനിലും ട്രാക്കിന്‍റെ പരിസരത്തും പതിവ് പരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു. മദ്യപശല്യവും ലഹരി മാഫിയയുമൊക്കെ പിടിമുറുക്കിയ തലശേരി റെയിൽവേ സ്റ്റേഷനെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇരുവരും പതിവുപോലെ രാവിലെ പരിശോധനയ്‌ക്കിറങ്ങിയത്. പക്ഷേ ആ യാത്ര ഒരു മനുഷ്യന് പുതുജീവൻ നല്‍കുകയായിരുന്നു.
തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള ഇടവഴി. ചുറ്റും കാടുമൂടി കിടക്കുന്ന പ്രദേശം. ട്രെയിനിറങ്ങി ബസിനായി പലരും ആശ്രയിക്കുന്ന വഴി കൂടിയാണിത്. അങ്ങനെയുള്ളിടത്ത് ഒരാൾ ട്രാക്കിന് സമീപത്തായി ബോധരഹിതനായി കിടക്കുന്നു. അതുവഴി കടന്നുപോയ പലരും ഇയാള്‍ മദ്യപാനിയെന്ന് മുദ്രകുത്തി. ചിലരാകട്ടെ കണ്ടഭാവം നടിച്ചതുമില്ല.
ഒരു പക്ഷേ മരണം വരെ സംഭവിക്കാവുന്ന തലത്തിലേക്ക് ആ മനുഷ്യൻ കടന്നു പോയിട്ടുണ്ടാവും. എറണാകുളത്തു ഹോട്ടലിൽ ജോലി ചെയ്യുന്ന മക്രേരി മുണ്ടല്ലൂർ കോട്ടത്തെ നെല്ലാളികണ്ടി ഹൗസിൽ ബാബു (66) വ്യാഴാഴ്‌ച (26-09-2024) കടന്നുപോയ തിരുവനന്തപുരം മംഗലാപുരം എക്‌സ്‌പ്രസ് ട്രെയിനിറങ്ങി പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞു വീഴുകയായിരുന്നു.
പരിശോധനയ്ക്ക് ഇറങ്ങിയ ആർപിഎഫ് എസ്ഐ കെ വി മനോജ് കുമാറിന്‍റെയും റിബേഷിന്‍റെയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസുകാരായ മുരളീധരന്‍റെയും മനോജിന്‍റെയും സഹായത്തോടെ വെയിലേറ്റ് കിടന്ന ബാബുവിനെ കുടചൂടിച്ചത്. സമീപത്തു നിന്നും കുപ്പി വെള്ളം വാങ്ങി മുഖത്ത് തെളിച്ചു. ബോധം വന്നതോടെ പോർട്ടറുടെ സഹായത്തോടെ തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നാല് മണിക്കൂറോളമാണ് ബാബുവിന് മണ്ണില്‍വീണു കിടക്കേണ്ടി വന്നത്. നിലവിൽ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ബാബു കൂടുതൽ ഒന്നും പ്രതികരിക്കാൻ തയ്യാറായില്ല. പക്ഷേ ദൈവത്തിന്‍റെ കരമായി വന്ന റെയിൽവേ ഉദ്യോഗസ്ഥർക്ക് നന്ദി പറയുകയാണ്.
Also Read: മരം മുറിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; മരത്തിന് മുകളില്‍ കുടുങ്ങിയ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന