തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ബാര്‍ കോഴ ഇടപാടില്‍ അന്നത്തെ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടിസിന് മേല്‍ നിയമസഭയില്‍ വാക്ക് ഔട്ട് പ്രസംഗം നടത്തിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ബൈബിളിലെ സുപ്രധാനമായ വാക്യം ഉദ്ധരിച്ചാണ് ആരോപണ വിധേയനായ കെഎം മാണിയെ ആക്രമിച്ചത്. ബാര്‍ കോഴ നടത്തിയും ബജറ്റ് വിറ്റും കളങ്കിതനായ മാണി കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിലേക്ക് പോകുമെന്നായിരുന്നു വിഎസിന്‍റെ ഡയലോഗ്. സ്വതസിദ്ധമായ ശൈലിയില്‍ നീട്ടിയും കുറുക്കിയും ഈ വാചകം വിഎസ് പല തവണ ആവര്‍ത്തിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷത്തെ വല്ലാതെ മുറിവേല്‍പ്പിച്ചത്.
ഇപ്പോള്‍ രണ്ടാം ബാര്‍ കോഴ ആരോപണത്തില്‍ മുങ്ങി നില്‍ക്കുന്ന ഇടത് സര്‍ക്കാരിനെതിരെ ഇന്ന് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ കോണ്‍ഗ്രസിലെ റോജി എം ജോണ്‍ വിഎസ് അച്യുതാനന്ദന്‍റെ അന്നത്തെ സൂപ്പര്‍ഹിറ്റ് ഡയലോഗ് സഭയില്‍ വീണ്ടും ഭരണ പക്ഷത്തെ ഓര്‍മ്മിപ്പിച്ചു.
ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള നരകത്തിലേക്ക് ഈ സര്‍ക്കാര്‍ പോകാതിരിക്കട്ടെ എന്ന് പറഞ്ഞ റോജി അന്ന് വിഎസ് പറഞ്ഞ നോട്ടെണ്ണുന്ന യന്ത്രം ഇന്ന് എകെജി സെന്‍ററിലാണോ ക്ലിഫ് ഹൗസിലാണോ എന്ന് ഭരണ പക്ഷത്തോട് ചോദിച്ചു. ഇതു സംബന്ധിച്ച് മന്ത്രി എംബി രാജേഷ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഓഡിയോ ക്ലിപ്പ് എങ്ങനെ പുറത്ത് പോയിയെന്ന് കണ്ടെത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റോജി ആരോപിച്ചു.
യഥാര്‍ഥ അന്വേഷണത്തിന്‍റെ ഭാഗമായിരുന്നെങ്കില്‍ ബാര്‍ ഉടമകളുടെ യോഗത്തിന്‍റെ രജിസ്റ്റര്‍ പരിശോധിക്കണമായിരുന്നു. ആരെയെങ്കിലും ചോദ്യം ചെയ്യണമായിരുന്നു. ഭാരവാഹികളുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കണമായിരുന്നു. ഇതൊന്നും ഇവിടെ ഉണ്ടായിട്ടില്ല. എന്തുകൊണ്ട് ഇവിടെ അഴിമതി നിരോധന നിയമപ്രകാരം ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തില്ല.
2.5 ലക്ഷം പിരിക്കണമെങ്കിലും ഇത് ആര്‍ക്ക് കൊടുക്കണമെന്ന് ഓഡിയോ ക്ലിപ്പില്‍ പറയുന്നില്ലെന്നാണ് എക്‌സൈസ് മന്ത്രി പറയുന്നത്. ഇതാര്‍ക്ക് കൊടുക്കണം എന്ന് മനസിലാകാത്തത് എക്‌സൈസ് മന്ത്രിക്ക് മാത്രമാണ്. ഈ വര്‍ഷം ജനുവരിയിലും മാര്‍ച്ചിലും മദ്യനയം ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി യോഗം വിളിച്ചിട്ടുണ്ട്. മെയ് 21 ഇതേ കാര്യം ചര്‍ച്ച ചെയ്യാന്‍ ടൂറിസം ഡയറക്‌ടര്‍ യോഗം വിളിച്ചു. മെയ് 21ന് ടൂറിസം ഡയറക്‌ടര്‍ യോഗം വിളിച്ചത് തന്നെ എക്‌സൈസ് വകുപ്പിലേക്ക് ടൂറിസം വകുപ്പ് കടന്നു കയറുന്നു എന്നതിന് തെളിവാണ്.
എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് എംബി രാജേഷാണോ മുഹമ്മദ് റിയാസാണോ എന്ന് വ്യക്തമാക്കണം. മെയ് 23ന് ബാര്‍ ഹോട്ടല്‍ ഉടമകളുടെ യോഗത്തിന്‍റെ അജണ്ടയും മദ്യനയമായിരുന്നു. ഈ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നപ്പോള്‍ ജനിക്കാത്ത മദ്യ നയത്തിന്‍റെ ജാതകം ചമയ്ക്കുന്നവരെന്ന് മന്ത്രി ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു. കുട്ടി ജനിച്ച് കഴിഞ്ഞു. ഇനി അതിന്‍റെ അച്ഛനാരെന്നാണ് അറിയാനുള്ളത്. ഇതൊക്കെ ശ്രദ്ധിക്കണ്ടെ അമ്പാനേ എന്ന ആവേശം സിനിമയിലെ ഫഹദ് ഫാസിലിന്‍റെ സൂപ്പര്‍ ഹിറ്റ് ഡയലോഗോടെയാണ് റോജി പ്രസംഗം അവസാനിപ്പിച്ചത്.