കോഴിക്കോട് : ഇടതുമുന്നണിയുടെ രാജ്യസഭ സീറ്റിന് അവകാശവാദമുന്നയിച്ച് ആർജെഡിയും. സിപിഐയും കേരള കോൺഗ്രസ് (എം) പാര്‍ട്ടിയും രംഗത്തുവന്നതിന് പിന്നാലെയാണ് ആർജെഡിയും ആവശ്യമുന്നയിച്ചെത്തിയത്. അടുത്ത എൽഡിഎഫ് യോഗത്തിൽ സീറ്റ് ആവശ്യപ്പെടുമെന്നും ഒരു വിട്ടുവീഴ്‌ചയ്ക്കും പാർട്ടി തയ്യാറല്ലെന്നും ആർജെഡി നേതാവ് വർഗീസ് ജോർജ് പറഞ്ഞു. ലോക്‌സഭ സീറ്റ് വിഭജന സമയത്ത് സിപിഎം രാജ്യസഭ സീറ്റ് ഉറപ്പ് നൽകിയതാണ്.
സിപിഐയ്‌ക്കും കേരള കോൺഗ്രസിനും (എം) ഇടതുമുന്നണിയിൽ നല്ല പരിഗണന ലഭിക്കുന്നുണ്ട്. വടക്കൻ കേരളത്തിന്‍റെ സാഹചര്യം പരിഗണിച്ച് ആർജെഡിക്ക് സീറ്റ് ലഭിക്കണമെന്നും വർഗീസ് ജോർജ് പറഞ്ഞു. യുഡിഎഫിൽ നിന്നുവന്ന ജോസ് കെ.മാണിക്ക് ആറ് വർഷം എംപിയായി തുടരാനുള്ള അവസരം ലഭിച്ചു. എന്നാൽ ശ്രേയാംസ് കുമാറിന് ഒന്നര വർഷം മാത്രമാണ് അവസരം ലഭിച്ചത്.
കേരള കോൺഗ്രസ് (എം) പാര്‍ട്ടിക്ക് കോട്ടയം ലോക്‌സഭ സീറ്റും ലഭിച്ചു. പഞ്ചായത്ത് - കോർപറേഷൻ തലങ്ങളിൽ മെമ്പർമാരുടെ എണ്ണത്തിൽ എൽഡിഎഫിലെ നാലാമത്തെ കക്ഷിയാണ് ആർജെഡി. എന്നാൽ അതനുസരിച്ചുള്ള പ്രാധാന്യം പാർട്ടിക്ക് മന്ത്രിസഭയിലോ രാജ്യസഭയിലോ ലോക്‌സഭയിലോ ലഭിക്കുന്നില്ല. ഇനിയും അവഗണന സഹിച്ച് മുന്നോട്ടില്ലെന്നാണ് നേതാക്കളുടെ വാദം.
സിപിഎമ്മിലെ എളമരം കരീം, സിപിഐയിലെ ബിനോയ് വിശ്വം, കേരള കോൺഗ്രസിലെ (എം) ജോസ് കെ.മാണി എന്നിവരുടെ കാലാവധി അവസാനിക്കുമ്പോൾ ജൂലൈയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ട് പേരെയാണ് എൽഡിഎഫിന് വിജയിപ്പിക്കാനാവുക. ഇതിൽ ഒരു സീറ്റ് സിപിഎമ്മിന് അവകാശപ്പെട്ടതാണ്. ബാക്കിയുള്ള ഒരു സീറ്റിനായി സിപിഐയും കേരള കോൺഗ്രസ് (എം) പാര്‍ട്ടിയും തമ്മിൽ തർക്കം മുറുകുമ്പോഴാണ് ആർജെഡിയുടെ രംഗപ്രവേശം.