തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി തലസ്ഥാനത്ത് പറന്നെത്തി രേവന്ത് റെഡ്ഡിയും സച്ചിന്‍ പൈലറ്റും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രേവന്ത് റെഡ്ഡിയുടെ പ്രചരണത്തിന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ഉപയോഗിച്ച ഗാനത്തിന്‍റെ അകമ്പടിയോടെയായിരുന്നു സംഘാടകര്‍ രേവന്ത് റെഡ്ഡിയേയും സച്ചിന്‍ പൈലറ്റിനെയും സമരാഗ്നിയുടെ സമാപന വേദിയായ പുത്തരിക്കണ്ടത്തേക്ക് സ്വാഗനം ചെയ്‌തത്.
വൈകിട്ട് 6 മണിയോടെ സമാപന വേദിയായ പുത്തരിക്കണ്ടം മൈതാനത്തെത്തിയ രേവന്ത് റെഡ്ഡിക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. രേവന്ത് റെഡ്ഡിക്കൊപ്പമെത്തിയ രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും എ ഐ സി സി വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ സച്ചിന്‍ പൈലറ്റിനെയും വന്‍ ഹര്‍ഷാരവത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഛായാ ചിത്രത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷം വേദിയിലേക്കെത്തിയ ഇരുവരെയും ഹര്‍ഷാരവങ്ങളോടെ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്‌തു. പൊന്നാടകളും മാലയും അണിയിച്ച് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചു.
വരുന്ന തെരഞ്ഞെടുപ്പ് നരേന്ദ്ര മോദിക്കെതിരായ യുദ്ധമെന്നായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്‌ത് കൊണ്ട് രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചത്. ചന്ദ്രശേഖര്‍ റാവുവിന്‍റെ റാലികള്‍ക്കായി പല തവണ തെലങ്കാനയില്‍ എത്തിയതിലൂടെയാണ് അഴിമതിക്കാരനായ കെ സി ആറില്‍ നിന്നും പിണറായി അഴിമതി പഠിച്ചതെന്നും രേവന്തി റെഡ്ഡി ആരോപിച്ചു. നരേന്ദ്ര മോദിക്കെതിരായ പോരാട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് പ്രധാന പങ്കുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ജെ പി യെ കേരളത്തിലേക്ക് കടക്കാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പ് എന്‍ ഡി എ യും ഇന്ത്യയും തമ്മിലുള്ള പോരാട്ടമാണ്. ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള എം പി മാരുടെ സാന്നിധ്യം പല ഘട്ടത്തിലും ബോധ്യപ്പെട്ടതാണ്. കേരളത്തിലെ ജനങ്ങളുടെ പിന്തുണ നല്‍കിയ ഊര്‍ജ്ജമാണ് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തിന് രാഹുല്‍ ഗാന്ധിക്ക് കരുത്ത് നല്‍കുന്നത്. കഴിഞ്ഞ തവണത്തെ 19 ഇത്തവണ 20 സീറ്റായി വര്‍ദ്ധിപ്പിക്കണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
യഥാര്‍ത്ഥ പ്രശ്‌നങ്ങളെ ഇന്ത്യ, പാകിസ്ഥാനെന്നും ഹിന്ദു, മുസ്ലിമെന്നുമുയര്‍ത്തി രക്ഷപ്പെടാനാണ് നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ശ്രമമെന്ന് സച്ചില്‍ പൈലറ്റ് ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നു. ജനാധിപത്യവും മാധ്യമങ്ങളും വലിയ സമ്മര്‍ദ്ദമാണ് രാജ്യത്ത് നേരിടുന്നത്. 70 വര്‍ഷം കൊണ്ട് രാജ്യം പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളുടെ വിശ്വാസ്യത 10 വര്‍ഷം കൊണ്ട് ബി ജെ പി സര്‍ക്കാര്‍ തകര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ വരികയും പോവുകയും ചെയ്യും രാജ്യത്തിന്‍റെ മൂല്യങ്ങള്‍ അതേ പടി നിലനില്‍ക്കുകയും ചെയ്യും. കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ വലിയ അഴിമതി ആരോപണങ്ങളാണ് നേരിടുന്നതെന്നും ഇടത് സര്‍ക്കാരിനെതിരെ നാം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
Also Read: പുത്തരിക്കണ്ടം നിറഞ്ഞ് ആവേശം; സമരാഗ്നി സമാപന സമ്മേളനത്തിലേക്ക് ഒഴുകിയെത്തി ആയിരങ്ങള്‍