കേവലം ശ്രീരാമ വർണ്ണന മാത്രം ഉള്‍ക്കൊള്ളുന്നതല്ല രാമായണമെന്ന ഇതിഹാസകാവ്യം. നന്മ, കർത്തവ്യം, വിനയം, ഭക്തി തുടങ്ങിയ ജീവിത മൂല്യങ്ങൾ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ ആളുകളെ പ്രചോദിപ്പിക്കുന്നതാണ് രാമായണം. കാലാതീതമായ ജ്ഞാനവും ധാർമ്മിക മൂല്യങ്ങളും പ്രദാനം ചെയ്യുന്നതിനാൽ, ഇന്നത്തെ കാലത്ത് രാമായണ പാരായണത്തിന് വളരെയധികം പ്രാധാന്യമുണ്ട്.
രാമായണം ആഴത്തില്‍ ഉള്‍ക്കൊള്ളുന്നതിലൂടെ വായനക്കാർക്ക് അതിലെ കഥകളിൽ നിന്ന് വലിയ പ്രചോദനം ലഭിക്കും. ജീവിതത്തിലെ വെല്ലുവിളി ഘട്ടങ്ങളെ ധൈര്യപൂർവം സമചിത്തതയോടെ തരണം ചെയ്യാൻ ആവശ്യമായ തത്വങ്ങളെ കുറിച്ച് ആഴത്തിലുള്ള ധാരണ വളർത്തിയെടുക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും രാമായണത്തിൽ പരോക്ഷമായി ഉൾച്ചേർത്തിരിക്കുന്നു.
തുഞ്ചത്ത് എഴുത്തച്‌ഛനാൽ രചിക്കപ്പെട്ട അധ്യാത്മ രാമായണത്തിലെ ഓരോ ഭാഗങ്ങളാണ് കർക്കടക മാസത്തിലെ ഓരോ ദിവസവും പാരായണം ചെയ്യുക. ഓരോ ദിവസവും വായിക്കുന്ന ഭാഗങ്ങളില്‍ എന്തൊക്കെയാണ് പറഞ്ഞുവെച്ചിരിക്കുന്നതെന്നും വായിച്ച ഭാഗത്തിന്‍റെ സാരാംശം എന്താണെന്നും അറിയാതെയാണ് പലരും രാമായണം വായിക്കുന്നത്.
രാമായണ മാസത്തിന്‍റെ അഞ്ചാം ദിവസം അയോദ്ധ്യാകാണ്ഡത്തിന്‍റെ ആരംഭം മുതൽ നാരദ-രാഘവ സംവാദം (നാരദ മുനിയും ശ്രീരാമനും തമ്മിലുള്ള സംസാരം), ശ്രീരാമഭിഷേകത്തിന്‍റെ ആരംഭം (രാമ പട്ടാഭിഷേകം) വരെയുള്ള ഭാഗങ്ങളാണ് പാരായണം ചെയ്യേണ്ടത്. ഭക്തി, കർത്തവ്യം, ധർമ്മം എന്നിവയിലൂടെയുള്ള ഒരു പരിക്രമണമാണ് അയോധ്യാകാണ്ഡം. അമൂല്യമായ ധാർമീക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന രാമായണത്തിലെ സുപ്രധാന ഭാഗമാണ് അയോദ്ധ്യാ കാണ്ഡം.
അയോധ്യ കാണ്ഡത്തിന്‍റെ ആമുഖം
രാമ കഥയിൽ മുഴുകാൻ നമ്മെ ക്ഷണിക്കുകയാണ് അയോധ്യ കാണ്ഡത്തിന്‍റെ തുടക്കത്തില്‍. സീതാസമേതനായി അയോധ്യയിലെത്തുന്ന രാമന്‍റെ വരവ് ഈ ഭാഗത്ത് വിവരിക്കുന്നു. ഈ ഭാഗത്ത് ശ്രീരാമന്‍റെ അസാധാരണമായ ഗുണഗണങ്ങളെപ്പറ്റി സവിസ്‌തരം വര്‍ണ്ണിക്കുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട രാജകുമാരന്‍റെ സദ്ഗുണങ്ങൾ കാണുമ്പോൾ അയോധ്യ നിവാസികൾക്കുണ്ടാകുന്ന സന്തോഷത്തെയും ഈ ഭാഗത്ത് വിവരിക്കുന്നു.
നാരദ-രാഘവ സംവാദം
നാരദ മുനിയും ശ്രീരാമനും തമ്മിലുള്ള സുദീർഘമായ സംഭാഷണമാണ് ഈ ഭാഗത്ത്. സീതയോടൊപ്പം കൊട്ടാരത്തിൽ കഴിയുന്ന ശ്രീരാമനെ നാരദ മുനി സന്ദർശിക്കുന്നു. രാമന്‍റെ വിനയവും നാരദന്‍റെ ഭക്തിയും ഈ ഭാഗത്ത് തുഞ്ചത്തെഴുത്തച്ഛന്‍ വിവരിക്കുന്നു. നാരദനോടുള്ള ശ്രീരാമന്‍റെ ആദരവും വിനയവും വിവരിക്കുക വഴി മുനിമാരേയും അവരുടെ ജ്ഞാനത്തേയും ബഹുമാനിക്കേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണിവിടെ.
നാരദമുനിയുമായുള്ള സംഭാഷണത്തില്‍ തന്‍റെ വ്യക്തി ജീവിതത്തിനും കുടുംബപരമായ കടമകള്‍ക്കുമപ്പുറം കര്‍ത്തവ്യ നിര്‍വഹണത്തിനും വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിലെ പ്രതിജ്ഞാബദ്ധതയ്ക്കും ആണ് പരമ പ്രാധാന്യമെന്ന് ശ്രീരാമ്ന്‍ ഊന്നിപ്പറയുന്നുണ്ട്. ഇത് ഭരണാധികാരി എങ്ങിനെയായിരിക്കണമെന്നതിലേക്കുള്ള ധാര്‍മിക സൂചനകള്‍ നല്‍കുന്ന ഭാഗമാണ്. സംഭാഷണത്തിനിടെ രാവണനെ പരാജയപ്പെടുത്തുകയെന്നത് തന്‍റെ ദൈവിക ദൗത്യമാണെന്ന് നാരദമുനി ശ്രീരാമനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ശ്രീരാമാഭിഷേകം ആരംഭം
ദശരഥന്‍റെ തീരുമാനപ്രകാരം വസിഷ്ഠ മുനിയുടെ മാർഗനിർദേശമനുസരിച്ച് ശ്രീ രാമ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങളും, സൂക്ഷ്മമായ ആസൂത്രണവുമാണ് പിന്നീട് വിവരിക്കുന്നത്. പട്ടാഭിഷേകത്തില്‍ അയോധ്യാ വാസികള്‍ എത്രത്തോളം സന്തോഷവാന്മാരാണെന്ന് വ്യക്തമാക്കുകയാണ് അയോധ്യാകാണ്ഡത്തിന്‍റെ ഈ ഭാഗം. ചടങ്ങിന്‍റെ മഹത്വം, ആളുകളുടെ പങ്കാളിത്തം, പട്ടാഭിഷേകത്തിന്‍റെ ചടങ്ങുകള്‍ ആചാരങ്ങള്‍ എന്നിവ ഈ ഭാഗത്ത് വിവരിക്കുന്നുണ്ട്.
ശ്രീരാമനെ യുവരാജാവായി കിരീടധാരണം ചെയ്യിക്കാനുള്ള ദശരഥന്‍റെ തീരുമാനം ഉത്തരവാദിത്ത നേതൃത്വത്തെയും സുഗമമായ പിന്തുടർച്ചയ്ക്ക് ആവശ്യമായ ദീർഘവീക്ഷണത്തെയും എടുത്തുകാണിക്കുന്നു. പട്ടാഭിഷേകത്തിനുള്ള വിപുലമായ തയ്യാറെടുപ്പുകളും ജന പങ്കാളിത്തവും വര്‍ണിക്കുന്നതിലൂടെ കൂട്ടുത്തരവാദിത്വത്തിന്‍റെ പ്രാധാന്യവും സുപ്രധാന സംഭവങ്ങളിൽ പൊതുജന പങ്കാളിത്തത്തിന്‍റെ പ്രാധാന്യവും വ്യക്തമാക്കുകയാണ് അധ്യാത്മ രാമായണം.
സാംസ്കാരികവും മതപരവുമായ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ആത്മീയ നിഷ്ഠകളുടേയും ആചാരങ്ങളുടെയും പങ്കിനെ അടിവരയിട്ടു കൊണ്ടാണ് എഴുത്തച്ഛന്‍ അയോധ്യാ കാണ്ഡത്തില്‍ ആചാരങ്ങളുടെ വിശദമായ വിവരണം നിര്‍വഹിക്കുന്നത്.
ധർമ്മം, വിനയം, കടമ, സമൂഹം എന്നിവയെ വിവരണങ്ങളിലൂടെയും ഉദാഹരണത്തിലൂടെയും സാധാരണക്കാര്‍ക്ക് പോലും മനസ്സിലാവുന്ന ഭാഷയില്‍ കഥകളിലൂടെ വിവരിക്കുകയാണ് എഴുത്തച്ഛന്‍. രാമായണം രചിക്കപ്പെട്ട പുരാതന കാലത്തെപ്പോലെ ഇന്നും പ്രസക്തമായ കാലാതീതമായ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഭാഗങ്ങളാണ് ഈ കാണ്ഡത്തിലുള്ളത്.
ശ്രീ രാമ കഥയിലൂടെ, നീതിനിഷ്‌ഠമായ നേതൃത്വത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഭക്തിയുടെ ശക്തിയെക്കുറിച്ചും ദൈവിക ഉദ്ദേശ്യം നിറവേറ്റുകയെന്ന മനുഷ്യരുടെ ശാശ്വതമായ നിയോഗത്തെക്കുറിച്ചും അധ്യാത്മ രാമായണം നമ്മെ ഓർമ്മിപ്പിക്കുന്നു.അയോധ്യാ കാണ്ഡത്തിലെ ഈ ഭാഗങ്ങള്‍ പാരായണം ചെയ്യുന്നത് പുണ്യമെന്നതിലുപരി ധാർമ്മികതയിലൂന്നിയ ജീവിത ചര്യയെക്കുറിച്ചുള്ള പാഠം കൂടി പ്രദാനം ചെയ്യും.