ന്യൂഡല്‍ഹി: ഛത്തീസ്‌ഗഡില്‍ സുരക്ഷ സേനയും മാവോയിസ്‌റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 31 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് രാജ്യസഭയിലെ സിപിഐ എംപി പി സന്തോഷ് കുമാര്‍. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സന്തോഷ് കുമാര്‍ കത്ത് നല്‍കി. സുരക്ഷ സേനയുടെ ആക്രമണം നിരവധി ഗോത്രവർഗക്കാരെ ബാധിച്ചുവെന്നും എംപി കത്തില്‍ പറയുന്നു.
കൊല്ലപ്പെട്ട പലര്‍ക്കും മാവോയിസ്‌റ്റുകളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് ആക്രമണത്തില്‍പ്പെട്ടുപോയ ആദിവാസികൾ വെളിപ്പെടുത്തിയതായും സന്തോഷ് കുമാര്‍ എംപി പറഞ്ഞു. മാവോയിസത്തിന്‍റെ അടിച്ചമര്‍ത്തല്‍ എന്ന പേരില്‍ നിരവധി വ്യാജ ഏറ്റുമുട്ടലുകള്‍ ഉണ്ടായതായും അദ്ദേഹം കത്തില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടതുപക്ഷ തീവ്രവാദം ഏറ്റുമുട്ടലിലൂടെയോ ആക്രമണങ്ങളിലൂടെയോ പരിഹരിക്കാനാവുന്ന സാമൂഹിക പ്രശ്‌നമല്ലെന്നും എംപി ചൂണ്ടിക്കാട്ടി. മാവോയിസ്റ്റുകളെന്ന് വിളിക്കപ്പെടുന്നവരുടെ പ്രവർത്തനങ്ങളും അവര്‍ സ്വീകരിക്കുന്ന നിലപാടുകളും നമ്മുടെ ഭരണഘടന സംവിധാനത്തിൽ അംഗീകരിക്കാനാവുന്നതല്ല. എന്നാൽ ഇതോടൊപ്പം നമ്മുടെ രാജ്യത്തെ ഏറ്റവും ദരിദ്രമായ ജില്ലകളില്‍ മാവോയിസ്റ്റുകളുടെ ആവിർഭാവത്തിന് കാരണമായ സാമൂഹിക-സാമ്പത്തിക പശ്ചാത്തലവും സാഹചര്യവും എന്താണെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും കത്തില്‍ പറയുന്നു.
മാവോയിസ്റ്റ് ബാധിതമെന്ന് വിളിക്കപ്പെടുന്ന പ്രദേശങ്ങളിലെ സാധാരണക്കാരും ആദിവാസികളും വലിയ മാനസിക ആഘാതങ്ങളോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ തീവ്രവാദത്തെ ഉന്മൂലനം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മാവോയിസ്റ്റുകളെ നേരിടുന്നതിലൂടെ ആദിവാസികളിൽ നിന്ന് പ്രകൃതി വിഭവങ്ങൾ പിടിച്ചെടുത്ത് കോര്‍പറേറ്റുകള്‍ക്ക് കൈമാറുക എന്നതാണ് സർക്കാരിന്‍റെ ഉദ്ദേശമെന്ന് ആദിവാസികൾക്കിടയിൽ ധാരണ പടരുന്നുണ്ട്. ഈ പ്രവണത സമൂഹത്തിന് അപകടകരമാണെന്നും സന്തോഷ് കുമാര്‍ എംപി കത്തില്‍ പറഞ്ഞു.