പത്തനംതിട്ട: വാർത്ത സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനോട് കയർത്ത് സംസാരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തില്‍. പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിനിടയിലാണ് സംഭവം. മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെ ഉണ്ടായ തർക്കങ്ങളാണ് കാരണം.
മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിൽ പ്രകോപിതനായ രാഹുൽ കയർത്ത് സംസാരിക്കുകയും തുടർന്ന് അത് ബഹളത്തിനിടയാക്കുകയുമായിരുന്നു. "അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി.. അങ്ങനെയൊന്നും വിരട്ടണ്ട.. അത് കയ്യില്‍ വെച്ചാമതി.. പള്ളിയില്‍ പോയി പറഞ്ഞാമതി എന്ന് പറഞ്ഞതിൽ എന്താ കുഴപ്പം?" എന്നാണ് രാഹുൽ ചോദിച്ചത്. പതിനാറ് വയസു മുതൽ താൻ പത്രസമ്മേളനത്തിന് വന്നിട്ടുണ്ടെന്നും അന്ന് വിരണ്ടിട്ടില്ലെന്നും അങ്ങനെയൊന്നും വിരട്ടണ്ടെന്നുമാണ് രാഹുൽ പറഞ്ഞത്.
ഇ പി ജയരാജന്‍ വിവാദത്തിലും രാഹുൽ പ്രതികരിച്ചു. ഇടതുമുന്നണിയുടെ കണ്‍വീനര്‍ ഇടത്താണോ വലത്താണോ എന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍റെ അറിവോടെയാണ് ഇ പിയും ജാവദേക്കറുമായി കൂടിക്കാഴ്‌ച നടന്നത്. എന്തുകൊണ്ടാണ് കൂടിക്കാഴ്‌ച കേരളീയ സമൂഹത്തോട് വെളിപ്പെടുത്താതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
ജാവദേക്കറിനെ പല തവണ കണ്ടതായി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്‍റെ മുഖ്യമന്ത്രി ഏത് കപ്പാസിറ്റിയിലാണ് പ്രകാശ് ജാവദേക്കര്‍ എന്ന ബിജെപിയുടെ പ്രഭാരിയെ കണ്ടതെന്നും രാഹുൽ ചോദിച്ചു. ഇന്ത്യ മുന്നണിയിലാണോ അതോ ഇ പി ജയരാജനും പിണറായി വിജയനും നേതൃത്വം കൊടുക്കുന്ന എൻഡിഎ മുന്നണിയിലാണോ ബിനോയ് വിശ്വത്തിന്‍റെ പാർട്ടിയുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും രാഹുൽ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഇ പി ജയരാജനെ കണ്ടപ്പോള്‍ പ്രകാശ് ജാവദേക്കര്‍ തുക്കട ബോര്‍ഡ് ചെയര്‍മാന്‍ പോലുമല്ല. കേന്ദ്രമന്ത്രിയോ ഗവര്‍ണറോ അല്ല. കേരളത്തില്‍ സിപിഐഎമ്മില്‍ നിന്നുകൊണ്ടുതന്നെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാം. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ കഴിയില്ല. തന്‍റെ വീട്ടിലേക്ക് ഒരു ബിജെപി പ്രഭാരിയോ പ്രവര്‍ത്തകനോ വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
Also Read: 'ഇ പി ജയരാജൻ ജാവദേക്കറിനെ കണ്ടത് തെറ്റ്'; വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ