ആലപ്പുഴ: മുൻ ജില്ലാ ജഡ്‌ജി ആർ നടരാജൻ (74) അന്തരിച്ചു. ജില്ലാ ജഡ്‌ജി, മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം, കേരള ജുഡീഷ്യൽ അക്കാദമി ഡയറക്‌ടർ എന്നീ നിലകളിൽ നിയമ ലോകത്തെ നിറസാന്നിധ്യമായിരുന്നു. കായംകുളം സ്വദേശിയായ ആർ. നടരാജൻ ആലപ്പുഴയിലായിരുന്നു താമസം. പരുമല ആശുപത്രിയിലായിരുന്നു അന്ത്യം.
ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വരെ നിയമാധ്യാപനത്തിൽ വ്യാപൃതനായിരുന്നു. ഇടമലയാർ കേസിൽ 1999ൽ മുൻ മന്ത്രി ആർ. ബാലകൃഷ്‌ണപിള്ള ഉൾപ്പെടെയുള്ളവരെ അഞ്ചുവർഷം കഠിന തടവിന് ശിക്ഷിച്ച ഇടമലയാർ പ്രത്യേക കോടതി ജഡ്‌ജിയായിരുന്നു നടരാജൻ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടമലയാർ പ്രത്യേക കോടതി 1991-ൽ സ്ഥാപിതമായി, കേസ് നമ്പർ 1991-ലെ സിസി 1 ആയിരുന്നു. 1999ലാണ് ആർ നടരാജൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക കോടതി ബാലകൃഷ്‌ണപിള്ളയടക്കമുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 1999 നവംബറിൽ അദ്ദേഹം അവരെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു.
പിന്നീട് ആർ. നടരാജനെ കേരള ഹൈക്കോടതി ജുഡീഷ്യൽ അക്കാദമിയുടെ ഡയറക്‌ടറായി നിയമിച്ചു. ഇതിനുശേഷം കോട്ടയം ജില്ലാ ജഡ്‌ജിയായി നിയമിതനായ നടരാജനാണ് 2006ൽ പ്രവീൺ വധക്കേസിൽ ഒന്നാം പ്രതിയും മലപ്പുറം മുൻ ഡിവൈഎസ്‌പിയുമായ ഷാജിക്കും രണ്ടാം പ്രതിയായ ബിനുവിനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. തുടർന്ന് 2008 മുതൽ 2010 വരെ പാലക്കാട് ജില്ലാ ജഡ്‌ജിയായി പ്രവർത്തിച്ച നടരാജൻ തൻ്റെ കാലയളവിൽ പട്ടാമ്പി ആമയൂർ വധക്കേസിലെ പ്രതി പറമ്പത്തെട്ട് റെജികുമാറിന് വധശിക്ഷ വിധിച്ചിരുന്നു.
മനുഷ്യാവകാശ കമ്മിഷന്‍റെ പ്രവർത്തനങ്ങളെ ജനകീയനാക്കിയ ജഡ്‌ജിയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അന്യാധീനപ്പെട്ട സർക്കാർ ഭൂമി പിടിച്ചെടുക്കാൻ നടത്തിയ ശ്രമങ്ങൾ അവിസ്‌മരണീയമാണ്. അന്ന് കമ്മിഷൻ ഐ. ജിയായിരുന്ന എസ്. ശ്രീജിത്തിനെ നിയോഗിച്ച് സംസ്ഥാനത്തുടനീളം അന്വേഷണം നടത്തിയാണ് ആർ നടരാജൻ സർക്കാർ ഭൂമി തിരിച്ചു പിടിച്ചെടുക്കാൻ സർക്കാരിന് റിപ്പോർട്ട് നൽകിയത്.
ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനും ആർ നടരാജൻ, കെ.ഇ. ഗംഗാധരൻ എന്നിവർ അംഗങ്ങളുമായുള്ള അന്നത്തെ കമ്മിഷൻ ലക്ഷ കണക്കിന് നിരാശ്രയർക്കാണ് ആശ്രയമേകിയത്. കമ്മിഷനിൽ നിന്ന് വിരമിച്ച നടരാജൻ പൂർണ സമയവും അധ്യാപനത്തിന് വേണ്ടി നീക്കിവച്ചു
സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചിന് ആലപ്പുഴ തിരുവമ്പാടിയിലെ രേവതി വീട്ടുവളപ്പിൽ നടക്കും. ഭാര്യ ഡോ. അജിതകുമാരി (റിട്ട. ആലപ്പുഴ മെഡിക്കൽ കോളജ്) മക്കൾ അരുൺ ബെച്ചു (സബ്‌ജഡ്‌ജി മഞ്ചേരി), ഡോ. അരുൺ (പുഷ്‌പഗിരി മെഡിക്കൽ കോളജ്) മരുമക്കൾ ഡോ. റജീന, ഡോ. സീത
Also Read: കളര്‍കോട് അപകടത്തിൽ മരണം ആറായി: ഒരു മെഡിക്കല്‍ വിദ്യാര്‍ഥി കൂടി മരിച്ചു