തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പുതിയ ആരോപണവുമായി പിവി അൻവർ എംഎൽഎ രംഗത്ത്. കേരളത്തിൽ രാഷ്ട്രീയ അട്ടിമറി നടത്താൻ എഡിജിപി ശ്രമിച്ചു എന്നാണ് എംഎല്‍എയുടെ ആരോപണം. തന്നെ കുടുക്കാൻ വേണ്ടിയാണ് അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റാതെ കേസ് അന്വേഷിക്കുന്നതെന്നും അൻവർ പറഞ്ഞു.
ആരാണ് അജിത് കുമാറിനെ സംരക്ഷിക്കുന്നത് എന്ന് അറിയില്ല. തനിക്കെതിരെ പലരീതിയിലും അന്വേഷണം നടക്കുന്നുണ്ട്. തന്നെ കുരുക്കാനായി പലരീതിയിലും ശ്രമം നടക്കുന്നുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തെളിവുകൾ ഇല്ലാതാകില്ല. എല്ലാ തെളിവുകളും തിരിച്ചുവരും. അജിത് കുമാറും സംഘവും എല്ലാ പരിധിയും ലംഘിച്ചു. ക്രിമിനൽ സംഘത്തിലെ പലരും ഇനിയും പുറത്തുവരാനുണ്ടെന്നും അൻവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് മേഖലയിലെ എസ്‌പിമാർക്ക് ഫോൺ ചോർത്താൻ അധികാരമുണ്ട്. അരീക്കോടാണ് ഫോൺ നിരീക്ഷിക്കുന്ന രണ്ട് കേന്ദ്രങ്ങളില്‍ ഒന്നുള്ളത്. അവിടെവച്ച് ആരുടെ ഫോണും ചോര്‍ത്താം. അത്തരത്തില്‍ സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരുടെയും നേതാക്കളുടെയും ഫോൺ കോൾ സന്ദേശം ചോർത്തിയതിൻ്റെ വിവരങ്ങൾ സ്വർണ കടത്തുകാരന് സുജിത് ദാസ് കേൾപ്പിച്ചുകൊടുത്തു എന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വീട്ടിലെ തൂപ്പുകാരിയുടെ ശബ്‌ദം വരെ സുജിത് ദാസ് തന്‍റെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്നു. പല മാധ്യമപ്രവർത്തകരുടെയും ഫോൺ കോളും ചോർത്തുന്നുണ്ട്. ശരത് എസ്, ദിനേശ് കെ കെ, ജയപ്രസാദ് എന്നിവരാണ് ഫോൺ ചോർത്തുന്നതെന്നും അന്‍വര്‍ പറഞ്ഞു.
തലസ്ഥാനത്ത് നിന്ന് പിടികൂടിയ പത്തു കിലോ സ്വർണത്തിൽ ഏഴു കിലോയും സുജിത് ദാസും സംഘവും കൈക്കലാക്കി. ഇതിന് പുറമെ കുഴൽപ്പണക്കാരുടെ പണവും സുജിത് ദാസ് തട്ടിയെടുക്കുന്നുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്വർണക്കടത്തിന് പിടിയിലായ സ്ത്രീകളുടെ വീടുകളിൽ രാത്രി ഡാൻസാഫ് സംഘം എത്തി പീഡിപ്പിക്കുന്ന അവസ്ഥ ഉണ്ടായി എന്നും എംഎല്‍എ പറഞ്ഞു. വീടിന്‍റെ ടെറസിൽ കയറി വാട്ടർ ടാങ്ക് പൂട്ടുകയാണ് ഡാൻസാഫിന്‍റെ പതിവ്. ടാങ്ക് നോക്കാൻ വേണ്ടി സ്ത്രീകൾ മുകളിലേക്ക് വരുമ്പോൾ പീഡിപ്പിക്കും എന്നും പിവി അന്‍വര്‍ ആരോപിച്ചു.