കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പിവി അൻവറിന്‍റെ ഒന്നര മണിക്കൂർ പത്രസമ്മേളനം നടത്തിയതിന് പിന്നാലെ പിവി അൻവറിനെ പൂർണമായി തള്ളിക്കൊണ്ട് സിപിഎം നേതാവ് പി ജയരാജൻ തന്നെ എഫ് ബി പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു. അൻവർ സിപിഎമ്മിനേയും ഇടത് പക്ഷത്തേയും സ്നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടുള്ള നിലപാടാണ് തുടർച്ചയായി കൈക്കൊള്ളുന്നത് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലുടനീളം അൻവറിനെ തള്ളുന്നതായിരുന്നു നിലപാടുകൾ. പിവി അന്‍വര്‍ ആദ്യഘട്ടത്തിൽ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ താത്കാലികമായെങ്കിലും പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയ നേതാവായിരുന്നു പി ജയരാജന്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പാർട്ടി ശത്രുക്കളുടെ പാവയാകാൻ ആർക്കും കഴിയും. പാർട്ടിയെ തകർക്കാൻ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അൻവർ സ്വയം മാറിയിരിക്കുന്നത്. ഇപ്പോൾ തീയാകേണ്ടത് സിപിഎമ്മിനെ ഹൃദയത്തിലേറ്റുന്ന ഓരോ മനുഷ്യരുമാണ്.
പാർട്ടി ശത്രുക്കൾക്ക് അമ്മാനമാടാൻ വിട്ടുകൊടുക്കേണ്ട ഒന്നല്ല നമ്മുടെ പാർട്ടിയും നേതൃത്വവും. അത് നമ്മുടെ രക്തമാണ്, ജീവനാണ്. ആ ജീവനെ ചേർത്തുപിടിച്ച്, ധീര രക്തസാക്ഷികളുടെ ഹൃദയ രക്തത്തെ സാക്ഷി നിർത്തി, നമുക്ക് പ്രതിജ്ഞ ചെയ്യാം എന്നാണ് ജയരാജന്‍ എഴുതിയിരിക്കുന്നത്.
പോസ്റ്റിന്‍റെ പൂർണ രൂപം
ഇന്നത്തെ പത്രസമ്മേളനത്തോടെ അന്തരിച്ച നേതാവിനേയും ജീവിച്ചിരിക്കുന്ന നേതാക്കളേയും രണ്ട് തട്ടിലാക്കി ചിത്രീകരിച്ച് കൂടുതൽ പരിഹാസ്യനായിരിക്കുന്നു. ഇക്കാര്യത്തിൽ വലത് പക്ഷത്തിൻ്റെ ശൈലിയാണ് അൻവർ പിൻതുടരുന്നത്. അതുവഴി തന്നെ തിരഞ്ഞെടുത്ത ജനങ്ങളെയാണ് വഞ്ചിച്ചിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
പരിഹാസ്യമായ വാദഗതികൾ അൻവർ ഉന്നയിക്കുന്നുണ്ട്. അതിലൊന്ന്, തന്നെ പൊലീസ് പിൻതുടരുന്നു എന്നുള്ളതാണ്. സ്ഥിരം ഗൺമാനുള്ള താങ്കളെ പോലീസ് പിൻതുടരേണ്ട ആവശ്യകതയെന്താണ് ? പ്രമുഖ സ്വാതന്ത്ര്യസമര സേനാനി സ: കെ.പി.ആർ. ഗോപാലൻ എം.എൽ.എ. ആയിരിക്കുന്ന ഘട്ടത്തിൽ നടത്തിയ അപവാദ പ്രചരണങ്ങളെപ്പോലും അതിജീവിച്ച സി.പി.എമ്മിന് അൻവർ നടത്തുന്ന അപവാദ പ്രചരണങ്ങൾ നേരിടാൻ നല്ല ശേഷിയുണ്ടെന്നും മനസിലാക്കണം.
മുഖ്യമന്ത്രി സഖാവ് പിണറായിയെ പിതൃതുല്യനായി കണ്ടിരുന്ന അൻവറിന്, താൻ കൈക്കൊണ്ട തെറ്റായ നിലപാട് തുറന്ന് കാണിച്ചപ്പോഴാണോ പുതിയ ബോധോദയമുണ്ടായത്. പാർട്ടി ശത്രുക്കളുടെ പാവയാകാൻ ആർക്കും കഴിയും. പാർട്ടിയെ തകർക്കാൻ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അൻവർ സ്വയം മാറിയിരിക്കുന്നത്. ഇപ്പോൾ തീയാകേണ്ടത് സിപിഐഎമ്മിനെ ഹൃദയത്തിലേറ്റുന്ന ഓരോ മനുഷ്യരുമാണ്. പാർട്ടി ശത്രുക്കൾക്ക് അമ്മാനമാടാൻ വിട്ടുകൊടുക്കേണ്ട ഒന്നല്ല നമ്മുടെ പാർട്ടിയും നേതൃത്വവും. അത് നമ്മുടെ രക്തമാണ്; ജീവനാണ്. ആ ജീവനെ ചേർത്തുപിടിച്ച്, ധീര രക്തസാക്ഷികളുടെ ഹൃദയ രക്തത്തെ സാക്ഷി നിർത്തി, നമുക്ക് പ്രതിജ്ഞ ചെയ്യാം- ഒറ്റുകാരുടെയും ശത്രുക്കളുടെയും അപവാദ പ്രചാരണങ്ങളിലും ചതി പ്രയോഗങ്ങളിലും കടന്നാക്രമണങ്ങളിലും തെല്ലും പതറിപ്പോകാതെ ഈ ചെങ്കൊടി ഇനിയും ഉയർത്തിപ്പിടിച്ച് പോരാട്ടം തുടരുമെന്ന്.
ഇതിനെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതായിരുന്നു പി ജയരാജന്‍റെ ഇന്നത്തെ തുറന്നു പറച്ചിൽ. പി വി അൻവറിന്‍റെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നു എന്നായിരുന്നു പി ജയരാജന്‍റെ പ്രതികരണം. നിലവിൽ എ ഡിജിപിക്കും പൊലീസിനും പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ അൻവർ ഒരു ഘട്ടത്തിലും പരസ്യ പ്രസ്‌താവന പാടില്ലായിരുന്നു. ഇത് ശത്രുക്കൾക്ക് ആയുധം നൽകുന്നതാണ് അതിനാൽ തന്നെ ഇതിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നും പി ജയരാജൻ തുറന്നു പറഞ്ഞു.
കൊട്ടാര വിപ്ലവത്തിലെ ഉള്ളുകളികൾ എവിടേക്ക്?
മുഖ്യമന്ത്രിക്കും പി ശശിക്കും എഡിജിപിക്കും എതിരെയുള്ള അൻവറിന്‍റെ ആരോപണത്തിന് പിന്നിൽ കണ്ണൂരിലെ ഉന്നത നേതാവ് ഉണ്ടായിരുന്നു എന്നായിരുന്നു ആദ്യ ഘട്ടത്തിൽ രാഷ്ട്രീയ നിരീക്ഷകർ കരുതിയത്. ആ ഉന്നത നേതാവ് പി ജയരാജൻ ആയിരുന്നു എന്നും വിലയിരുത്തി. അതിനെ പലരും കൊട്ടാര വിപ്ലവം എന്ന് പേരിട്ടു വിളിക്കുകയും ചെയ്‌തു. എന്നാൽ പി ജയരാജൻ നിലപാട് വ്യക്തമാക്കിയതോടെ ആ സംശയവും തീരുകയാണോ...?
എഡിജിപിക്കും ശശിക്കുമെതിരെ ആരോപണ പെരുമഴ തുടങ്ങുന്ന ദിവസം ആദ്യഘട്ടത്തിൽ താത്കാലികമായെങ്കിലും പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ നേതാക്കൾ ആയിരുന്നു പി ജയരാജനും കാരായി രാജനും. പൊലീസിനെതിരെയുള്ള അൻവറിന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കാരായി രാജൻ ഷെയർ ചെയ്യുകയും ചെയ്‌തു.
എന്നാൽ കഴിഞ്ഞ ദിവസത്തെ പി വി അൻവറിന്‍റെ വാർത്ത സമ്മേളനത്തിന് പിന്നാലെ പി വി അൻവറിനെ പൂർണമായും തള്ളിക്കൊണ്ട് പി ജയരാജനും കാരായി രാജനും രംഗത്തെത്തിയതോടെയാണ് ഇതിന്‍റെ തലം മാറുന്നത്. നാം മുന്നോട്ട് എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പൊതുവേദിയിൽ പ്രസംഗിക്കുന്ന ഒരു ഫോട്ടോയാണ് കാരായി രാജൻ കവർ ചിത്രമായി അപ്ഡേറ്റ് ചെയ്‌തിരിക്കുന്നത്.
എന്നാൽ ഇതിനെ പരിഹസിക്കുന്നത് ആയിരുന്നു മുൻ സിപിഎം നേതാവ് മനു തോമസിന്‍റെ എഫ് ബി പോസ്റ്റ്.
കൊട്ടാരവിപ്ലവം പ്ലാൻ ചെയ്യ്തവർ'
മറുകണ്ടം ചാടുമ്പോൾ.. ജാഗ്രതെ....! എന്ന് തുടങ്ങുന്ന എഫ് ബി പോസ്റ്റ് ഇങ്ങനെയാണ്: