തിരുവനന്തപുരം : പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളും കലങ്ങിമറിയുന്നു. എഡിജിപി എംആര്‍ അജിത്കുമാറിന്‍റെ വഴി വിട്ട ബന്ധങ്ങളും അഴിമതിയാരോപണങ്ങളും ചൂണ്ടിക്കാട്ടി അന്‍വര്‍ ഉയര്‍ത്തിയ പരമാര്‍ശങ്ങള്‍ ആയുധമാക്കിയാണ് ബ്രാഞ്ച് സമ്മേളനങ്ങളില്‍ പാര്‍ട്ടിക്കും സര്‍ക്കരിനുമെതിരെ വന്‍ വിമര്‍ശനം ഉയരുന്നത്. അന്‍വര്‍ ഇത്രയും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടും അതിന്‍റെ നിജ സ്ഥിതി എന്തുകൊണ്ട് പുറത്ത് കൊണ്ടുവരാന്‍ തയ്യാറാകുന്നില്ലെന്ന ചോദ്യമാണ് ബ്രാഞ്ച് അംഗങ്ങള്‍ ഉയര്‍ത്തുന്നത്.
പൊലീസിനെ ഈ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സിപിഎം പ്രവര്‍ത്തകരെയും നേതാക്കളെയും കാണുന്നത് അലര്‍ജിയാണ്. അങ്ങേയറ്റം മോശമായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടിക്കാരോട് പെരുമാറുന്നത്. ഭക്ഷ്യമന്ത്രി ജിആര്‍ അനിലിനോട് ഒരു എസ്എച്ച്ഒ മോശമായി പെരുമാറിയ കാര്യം പോലും അന്‍വറിന്‍റെ പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ന്യായമായ ആവശ്യങ്ങളുമായി പൊലീസ് സ്റ്റേഷനെ സമീപിക്കാനാകാത്ത സ്ഥിതിയാണ്. തികച്ചും സ്വാഭാവികമായ സംഭവങ്ങളില്‍ പോലും പൊലീസിന്‍റെ പെരുമാറ്റം ധാര്‍ഷ്ട്യം നിറഞ്ഞതാണ്. കയറൂരിവിട്ട നിലയിലാണ് പൊലീസ്. മനഃപൂര്‍വ്വം സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും പേര് മോശമാക്കുക എന്ന ഉദ്ദേശ്യത്തോടെ പെരുമാറുന്ന പൊലീസുകാരുടെ എണ്ണം വര്‍ധിച്ചു വരികയാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പൊലീസിനെ നിയന്ത്രിച്ചില്ലെങ്കില്‍ സിപിഎമ്മിന് അധികാരത്തുടര്‍ച്ച ലഭിക്കില്ലെന്ന കടുത്ത വിമര്‍ശമനമുയര്‍ന്ന സമ്മേളനങ്ങള്‍ പോലുമുണ്ട്. അതേസമയം കോടിയേരിയുടെ വിയോഗമാണ് ഇപ്പോഴത്തെ സ്ഥിതി വിശേഷത്തിന് കാരണമെന്നും കോടിയേരി ജീവിച്ചിരുന്നെങ്കില്‍ ഈ ഗതികേടുണ്ടാകുമായിരുന്നില്ലെന്നുള്ള വിമര്‍ശനവും ഉയര്‍ന്നു. നിലമ്പൂര്‍ എംഎല്‍എ കൂടിയായ പിവി അന്‍വറിന്‍റെ ആരോപണങ്ങളില്‍ വിവാദം അവസാനിക്കുന്നില്ല. എഡിജിപി എംആര്‍ അജിത്കുമാറിനും മലപ്പുറം മുന്‍ എസ്‌പി സുജിത് ദാസിനുമെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഓരോ ദിവസവും ഉയരുകയാണ്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും അന്‍വര്‍ ആരോപണമുയര്‍ത്തിയിരുന്നു. ഇതിന്‍റെയെല്ലാം നിജ സ്ഥിതി അറിയണമെന്ന ആവശ്യമാണ് ബ്രാഞ്ച് സമ്മേളനങ്ങളിലുയരുന്നത്. സംസ്ഥാനത്താകെ സിപിഎമ്മിന് ഏകദേശം 33,000 ബ്രാഞ്ചുകളുണ്ടെന്നാണ് കണക്ക്.