എറണാകുളം: പുതിയകാവ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നൽകിയാൽ പ്രതികൾ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി.
പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ അത് സമൂഹത്തെ ദോഷകരമായി ബാധിക്കുകയും, നീതിയെ തടസപ്പെടുത്തുകയും ചെയ്യുമെന്ന് ജസ്‌റ്റിസ് സി എസ് ഡയസ് വ്യക്തമാക്കി. കൂടാതെ കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രദേശത്ത് അദാലത്ത് സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ കെൽസയെ ഹൈക്കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനം ബാധിച്ച വ്യക്തികളുടെ പരാതികൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്താനാണ് കെൽസക്ക് ചുമതല നൽകിയത്. ഫെബ്രുവരി 12 ന് നടന്ന സ്ഫോടനത്തിൽ 2 പേർ മരിക്കുകയും 321 വീടുകൾക്ക് നാശനഷ്‌ടം സംഭവിക്കുകയും ചെയ്‌തിരുന്നു.