മാനന്തവാടി: വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസ് എടുത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. പുൽപള്ളി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.
യുവതി യുവാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പലരും വിദേശത്തു പോകാൻ നിൽക്കുന്നവരാണ്. കേസ് അവരുടെ ഭാവി ഇല്ലാതാക്കും. കേസെടുത്താൽ ഇപ്പോൾ വയനാട് നേരിടുന്ന പ്രശ്‌നം മാറുമോയെന്നും ബിഷപ്പ് ചോദിച്ചു. സർക്കാർ ഇക്കാര്യത്തില്‍ അവധാനത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനന്തവാടി ബിഷപ്പ് ഹൗസില്‍ ഗവര്‍ണര്‍ക്കൊപ്പം നടന്ന പരിപാടിക്കിടെയാണ് ബിഷപ്പ് കേസെടുത്തതിനെ വിമര്‍ശിച്ചത്. സർക്കാർ ഇടപെടലുകൾക്ക് വേഗം പോരാ എന്ന് മാനന്തവാടി ബിഷപ്പ് പറഞ്ഞു. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഉദ്യോഗസ്ഥ സംവിധാനം കാര്യക്ഷമായി ഇടപെടുന്നില്ല എന്നും ബിഷപ്പ് ആരോപിച്ചു. വിഷയത്തില്‍ ഗവര്‍ണറോടും ബിഷപ്പ് പരാതി അറിയിച്ചു.
ഇതിനിടെ, പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന ബിജെപി വയനാട് ജില്ലാ പ്രസിഡന്‍റ് കെപി മധുവിന്‍റെ പരാമര്‍ശത്തിനും ബിഷപ്പ് മറുപടി നല്‍കി. പരാമര്‍ശം വിവാദമായതിന് പിന്നാലെ ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്‌തതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെ പി മധു വിശദീകരിച്ചിരുന്നു. ബിജെപി ജില്ലാ പ്രസിഡന്‍റിന് അവരുടെ നിലപാട് ഉണ്ടാകുമെന്ന് ബിഷപ്പ് പറഞ്ഞു. അവരുടെ നിലപാട് അവര്‍ക്കെടുക്കാമെന്നും സഭയ്ക്ക് സഭയുടെ നിലപാടുണ്ടെന്നും പ്രാദേശിക നേതാവിന്‍റെ വാക്കിന് ആ വിലയെ നല്‍കുന്നുള്ളുവെന്നും ബിഷപ്പ് തുറന്നടിച്ചു.
എംഎല്‍എമാരായ ടി സിദ്ദീഖിനെയും ഐസി ബാലകൃഷ്‌ണനെയും ആക്രമിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടും പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍, മൃഗശല്യം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ കുതിര കയറുന്നുവെന്നാണ് കേസ് എടുത്ത നടപടിയെക്കുറിച്ചുളള ടി സിദ്ദീഖിന്‍റെ പ്രതികരണം.