വയനാട്ടിലെ ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊട്ടിക്കലാശിച്ചു. ഏറെ നാളായി തെരഞ്ഞെടുപ്പ് വിജയത്തിനായി നെയ്‌ത തന്ത്രങ്ങള്‍ ഓരോന്നായി പയറ്റിയ മണ്ഡലം ഇനി സാക്ഷ്യം വഹിക്കുക നിശബ്‌ദ പ്രചാരണങ്ങള്‍ക്ക് മാത്രം. കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്ന വയനാട്ടില്‍ ഇത്തവണയും കടുത്ത മത്സരമാണ് നടക്കുക.
വിജയത്തിലേറാന്‍ യുഡിഎഫിന്‍റെ പ്രിയങ്ക ഗാന്ധിയും സിപിഎമ്മിന്‍റെ സത്യന്‍ മൊകേരിയും ബിജെപിയുടെ നവ്യാ ഹരിദാസും കഴിഞ്ഞ ഏതാനും ദിവസങ്ങളായി അക്ഷീണ പ്രയത്നത്തിലായിരുന്നു. ഓരോരുത്തരും ജനങ്ങളെ കണ്ട് വോട്ടഭ്യാര്‍ഥിക്കുമ്പോഴും അതില്‍ നിന്നും കൂടുതല്‍ വ്യത്യസ്‌തമായും കാര്യക്ഷമമായും വോട്ട് ഉറപ്പിക്കാന്‍ മറ്റ് മുന്നണികള്‍ ശ്രമിച്ചു.
ജില്ലയിലെ സര്‍വ്വ മേഖലയിലെയും ജനങ്ങളെ കണ്ട് വോട്ടഭ്യാര്‍ഥിച്ചാണ് കോണ്‍ഗ്രസിന്‍റെ പ്രിയങ്കരി പ്രചാരണം അവസാനിപ്പിച്ചത്. ഇത്തരത്തില്‍ പ്രചാരണത്തിന്‍റെ ഭാഗമായി പ്രിയങ്ക ഗാന്ധി ജില്ലയിലെ ഹോം സ്റ്റേ ഉടമകളുമായും കൂടിക്കാഴ്‌ച നടത്തി.
വയനാട് ടൂറിസത്തെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന് ഹോം സ്റ്റേ ഉടമകള്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ ഉറപ്പ്. ഉരുള്‍പൊട്ടലുണ്ടായതിന് പിന്നാലെ ടൂറിസ്റ്റുകളുടെ എണ്ണം വളരെയധികം കുറഞ്ഞുവെന്ന് ഹോം സ്റ്റേ ഉടമകള്‍ കൂടിക്കാഴ്‌ചയില്‍ പറഞ്ഞു. ഉരുള്‍പൊട്ടലിന് ശേഷം കഴിഞ്ഞ മൂന്ന് മാസമായി ഹോം സ്റ്റേകള്‍ തേടി ആരും എത്തുന്നില്ലെന്ന് ഉടമകള്‍ പറഞ്ഞു. ബാങ്കില്‍ നിന്നെല്ലാം വായ്‌പകള്‍ എടുത്ത് നിര്‍മിച്ച ഹോം സ്റ്റേകളിലേക്ക് ആളുകള്‍ എത്താത്തത് ഏറെ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.
കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അധികവും വയനാട്ടിലെ ഹോം സ്റ്റേകളെ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഉരുള്‍പൊട്ടല്‍ വയനാടിനെ മുഴുവന്‍ തകര്‍ത്തുവെന്ന തെറ്റിധാരണയാണ് ഹോം സ്റ്റേ അടക്കമുള്ള ടൂറിസത്തിന് വെല്ലുവിളിയായത്.
വളരെ ചെറിയ ഒരു മേഖലയില്‍ സംഭവിച്ച ഉരുള്‍പൊട്ടലാണ് വയനാടിന്‍റെ മുഴുവന്‍ ടൂറിസത്തെയും ബാധിച്ചതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കല്‍പ്പറ്റ, മാനന്തവാടി അല്ലെങ്കില്‍ ബത്തേരി എന്നിങ്ങനെയൊന്നുമല്ല, മറിച്ച് വയനാട് ഉരുള്‍പൊട്ടല്‍ എന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്. കൊവിഡിന് ശേഷം ഒന്ന് മെച്ചപ്പെട്ട് വരുമ്പോഴാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
നിങ്ങള്‍ വളരെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് തങ്ങള്‍ക്കറിയാം. ഹിമാചല്‍പ്രദേശിലും സമാന തരത്തിലുള്ള ദുരന്തം സംഭവിച്ചിരുന്നു. അത് അവിടുത്തെ ടൂറിസം മേഖലയെ വളരെയധികം ബാധിച്ചുവെന്നും നിലവില്‍ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അല്‍പം സമയമെടുത്താല്‍ സ്ഥിതി മെച്ചപ്പെടുത്താമെന്നും പറഞ്ഞു.
തനിക്കും ഹിമാചല്‍ പ്രദേശിലൊരു വീടുണ്ട്. 10 ദിവസം മുമ്പ് താനവിടെ ചെന്നപ്പോള്‍ അവിടെയെല്ലാം നിറയെ ആളുകളുണ്ടായിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്കായി അവിടെ ജനത്തിരക്കായിരുന്നു. ഇപ്പോള്‍ നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. ഇവിടെയും അതുപോലെ ജനങ്ങളുടെ തെറ്റിധാരണ മാറ്റി അവര്‍ക്ക് ഇവിടേക്ക് വരുവാനുള്ള പ്രോത്സാഹനം ആവശ്യമാണ്.
നിലവിലെ അവസ്ഥ മനസിലാക്കി തങ്ങളെ കാണാനെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്ന ഹോം സ്റ്റേ ഉടമകളുടെ വാക്കുകള്‍ക്ക് മുഴുവന്‍ കാര്യങ്ങളും നിങ്ങളില്‍ നിന്നും നേരിട്ടറിയണമെന്നുണ്ടായിരുന്നു. അതിനാണ് താന്‍ എത്തിയതെന്നും പ്രിയങ്ക പറഞ്ഞു.
ഒരു ഉദാഹരണത്തിന് ബാങ്കില്‍ നിന്നും വായ്‌പയെടുത്താണ് നിങ്ങള്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് തനിക്ക് മനസിലായെന്നും പ്രിയങ്ക പറഞ്ഞു. അത്തരത്തില്‍ വാസ്‌തവം തിരിച്ചറിയുമ്പോള്‍ പലരും ഇങ്ങോട്ട് വരാന്‍ തീരുമാനിക്കും. വയനാട് ഒരു സുരക്ഷിതയിടമാണെന്നും പ്രിയങ്ക പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാഹുല്‍ ജീ ഇവിടെ ഒരു വീഡിയോ ചെയ്‌തിരുന്നുവെന്നും അതിന് ശേഷം ടൂറിസം മെച്ചപ്പെട്ടിരുന്നുവെന്നും ഹോം സ്റ്റേ ഉടമകള്‍ പറയുന്നു. രാഹുല്‍ ഗാന്ധി വയനാടിന്‍റെ മുഖമാണെന്നും ഉടമകള്‍ പറഞ്ഞു. രാഹുല്‍ ജീക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടയിടമാണ് വയനാടെന്ന് പ്രിയങ്ക പറഞ്ഞു.
വയനാട് വളരെ സുന്ദരമായൊരിടമാണെന്നും നിനക്ക് തീര്‍ച്ചയായും അവിടം ഇഷ്‌ടപ്പെടുമെന്നും രാഹുല്‍ ഗാന്ധി തന്നോട് പറഞ്ഞിരുന്നു. ഇവിടുത്തെ പ്രകൃതി ഭംഗി തന്നെ അത്ഭുതപ്പെടുത്തി. വളരെ സമ്പുഷ്‌ടമായ കൃഷിയാണ് ഇവിടെയുള്ളത്. സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടെല്ലാം അനുഗ്രഹീതമാണിവിടം. ടൂറിസത്തിന് കൂടുതല്‍ സാധ്യതകള്‍ കൊണ്ടുവരേണ്ടതുണ്ട്. ഈ മേഖലകള്‍ കൂടുതല്‍ ഉയര്‍ത്തി കൊണ്ടുവരുന്നതിന് പിന്തുണ നല്‍കേണ്ടതുണ്ട്.
ഇവിടെ ഹോം സ്റ്റേയ്‌ക്കാണ് കൂടുതല്‍ പ്രധാന്യമെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. അത് വളരെ നല്ലൊരു കാര്യമാണ്. എല്ലാവര്‍ക്കും നിങ്ങളുടെ ജീവിത രീതി മനസിലാക്കാന്‍ സാധിക്കും. അത് മാത്രമല്ല ഹോം സ്റ്റേകള്‍ സുസ്ഥിരമായ വിനോദ സഞ്ചാരത്തിനും വഴിയൊരുക്കും. ഇവിടെ ഹോം സ്റ്റേയ്‌ക്കും ടൂറിസത്തിനും ശക്തമായ പിന്തുണ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നുണ്ട്. തന്നാല്‍ കഴിയതെന്തും അതിനായി ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു. അതോടൊപ്പം കൃഷി, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ മേഖലകള്‍ക്കും ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്. എല്ലാ രീതിയിലുമുള്ള എന്‍റെ പിന്തുണ നിങ്ങള്‍ക്കുണ്ടാകും.
തെരഞ്ഞെടുപ്പിന് ശേഷം നമുക്ക് ഊര്‍ജിതമായി തന്നെ അതിനായി പ്രയത്നിക്കാം. വയനാട് സുരക്ഷിതമാണ് എന്ന പ്രചാരണത്തിലൂടെ തന്നെ അതിനായി നമുക്ക് പ്രവര്‍ത്തിച്ച് തുടങ്ങാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Also Read: ജനാരവത്തിലലിഞ്ഞ് രാഹുലും പ്രിയങ്കയും; അണപൊട്ടി ആവേശം, തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്.