പത്തനംതിട്ട : കടുത്ത ചൂടിൽ ജനം വലയുമ്പോൾ പത്തനംതിട്ട സലഫി മസ്‌ജിദില്‍ മഴ പെയ്യാൻ പ്രത്യേക പ്രാർഥന. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറോളം വിശ്വസികൾ പള്ളിമുറ്റത്ത് ഒത്തുചേർന്നാണ് പ്രാർഥന നടത്തിയത്. അരമണിക്കൂറോളം നീണ്ട പ്രാർഥനയ്ക്ക് പ്രധാന ഇമാം റഷീദ് മൗലവി നേതൃത്വം നല്‍കി.
സമൂഹത്തിനാകെ ആശ്വാസമേകി മഴ പെയ്യട്ടെ എന്ന ആഗ്രഹത്തോടെയാണ് ഒന്നിച്ചുള്ള പ്രാർഥനയെന്നും രൂക്ഷമായ ചൂടും വരള്‍ച്ചയും മാറാനാണ് മഴയുടെ ഉടമസ്ഥനായ ദൈവത്തോട് പ്രാർഥിച്ചതെന്നും എല്ലാ മനുഷ്യർക്കും ജീവജാലങ്ങള്‍ക്കും പ്രയോജനം ലഭിക്കണമെന്നാണ് ആഗ്രഹമെന്നും പള്ളിയിൽ നടന്ന ചടങ്ങിൽ റഷീദ് മൗലവി പറഞ്ഞു. അതേ സമയം തൃശൂർ പഴയ നടക്കാവ് ചിറക്കൽ മഹാദേവക്ഷേത്രത്തിലെ ഭക്തജന കൂട്ടായ്‌മ മഴപെയ്യാനായി ഇന്ന് പ്രത്യേക പൂജ നടത്തി. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് വരുണ ഭഗവാന് പൂജ നടത്തി മഴ ലഭിക്കാൻ പ്രാർഥിച്ചത്.