കോഴിക്കോട്: പിഎസ്‌സി അംഗത്വത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പൊലീസും അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയായ വനിത ഡോക്‌ടറുടെ ഭർത്താവിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി. കോഴയായി 22 ലക്ഷം രൂപ നൽകിയെന്ന് ഇവർ പറഞ്ഞതായാണ് വിവരം.
എന്നാൽ കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് ഇവർ അറിയിച്ചെന്നാണ് സൂചന. ഡിജിപിയുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് നടപടി. പിഎസ്‌സിയുടെ പേരിൽ പലരും തട്ടിപ്പുകൾ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപിക്ക് പിണറായി വിജയൻ വാക്കാൽ നിർദേശം നൽകിയിരുന്നു.
പാർട്ടി അന്വേഷണം നടത്തിയതിന് പിന്നാലെ ആരോപണ വിധേയനായ സിപിഎം ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിക്ക് പാർട്ടി ഒരുങ്ങുന്നതിനിടെയാണ് പൊലീസ് നീക്കം. നാളെയും മറ്റന്നാളുമായി നടക്കുന്ന സിപിഎം കോഴിക്കോട് ജില്ല കമ്മറ്റിയിൽ വിഷയം ചർച്ചയാകും. പ്രമോദ് പ്രവർത്തിക്കുന്ന ടൗൺ ഏരിയ കമ്മറ്റിയിലും വിഷയം അവതരിപ്പിക്കും.