തിരുവനന്തപുരം : ചാല മാര്‍ക്കറ്റിലുണ്ടായ ഗതാഗത തടസത്തില്‍ ഇടപെട്ട പൊലീസുകാരന് മര്‍ദനം. ഇന്നലെ രാത്രി 7.30 യോടെ ചാല മാര്‍ക്കറ്റിലാണ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ സിജു തോമസിന് മര്‍ദനമേറ്റത്. ഇന്നലെ രാത്രി 8 മണിക്കുള്ള ഡ്യൂട്ടിയില്‍ പ്രവേശിക്കാനായി സിജു സ്റ്റേഷനിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
ചാല മാര്‍ക്കറ്റ് വഴി പോകുന്നതിനിടെ ഗതാഗത തടസമുണ്ടാവുകയും ഇത് പരിഹരിക്കാന്‍ സിജു ഇടപെടുകയുമായിരുന്നു. ഇതിനിടെ ഒരു ഓട്ടോറിക്ഷ ഡ്രൈവറുമായി സിജു തര്‍ക്കത്തിലായി. തുടര്‍ന്ന് നാല് പേര്‍ സിജുവിനെ പിന്തുടര്‍ന്നെത്തി ആര്യശാലക്ക് സമീപത്ത് തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു.
ഹെല്‍മെറ്റ് കൊണ്ട് തലയ്‌ക്കേറ്റ അടിയില്‍ സിജുവിന്‍റെ തല പൊട്ടി ചോര വരാന്‍ തുടങ്ങിയതോടെ സംഘം സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. നിലവില്‍ സാരമായ പരിക്കുകളോടെ സിജു താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് പേരെയും കണ്ടാലറിയാമെന്ന് സിജു മൊഴി നൽകി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഫോര്‍ട്ട് പൊലീസ് അറിയിച്ചു.
Also Read: ജനശതാബ്‌ദി എക്‌സ്പ്രസിലെ ആക്രമണം: പ്രതികരണവുമായി ടിടിഇയും ദൃക്‌സാക്ഷികളും