കോഴിക്കോട് : താമരശ്ശേരി റന ഗോള്‍ഡ് ജ്വല്ലറി കവർച്ചക്കേസിലെ പ്രതി പോക്‌സോ കേസില്‍ അറസ്‌റ്റിൽ. പൂനൂർ പാലന്തലക്കല്‍ നിസാറിനെയാണ് (25) താമരശ്ശേരി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. 2022ല്‍ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കുകയും നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തുകയും പിന്തുടർന്ന് തടഞ്ഞുവച്ച് ആക്രമിക്കുകയും ചെയ്‌തുവെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്‌റ്റിലായത്.
ജ്വല്ലറി കവർച്ചക്കേസിലെ ഒന്നാം പ്രതിയും നിസാറിന്‍റെ സഹോദരനുമായ നവാഫിനെ കുന്ദമംഗലം സ്വദേശിയുടെ പരാതിയില്‍ നേരത്തെ പോക്‌സോ കേസില്‍ അറസ്‌റ്റ് ചെയ്‌തിരുന്നു. താമരശ്ശേരി ഡിവൈഎസ്‌പി എം വി വിനോദിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.