എറണാകുളം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‍റെ ഭാഗമായുണ്ടായ ഗതാഗത നിയന്ത്രണത്തിൽ പൊലീസ് റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. വീഴ്‌ച മറച്ചുവെക്കാൻ പൊലീസ് തൻ്റെ സഹോദരൻ മദ്യപിച്ചിരുന്നുവെന്ന് പറയുകയാണന്ന് മരിച്ച മനോജ് ഉണ്ണിയുടെ സഹോദരി ചിപ്പി ഇ ടി വി ഭാരതിനോട് പറഞ്ഞു. ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിൽ മദ്യത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല.
തൻ്റെ സഹോദരന് മദ്യപിക്കുന്ന സ്വഭാവമില്ലെന്നും മദ്യപിച്ചു വണ്ടിയോടിച്ചുവെന്ന ആരോപണം തെറ്റാണെന്നുമാണ് യുവാവിന്‍റെ കുടുംബം പറയുന്നത്. ആദ്യമായാണ് സഹോദരൻ അപകടത്തിൽ പെടുന്നത്. പൊലീസ് റോഡിൽ കെട്ടിയ കയർ കാണാൻ കഴിയാത്തതാണ് അപകടത്തിന് കാരണമായത്. ഈ കയറിൽ ഒരു റിബൺ എങ്കിലും പൊലീസ് കെട്ടിയിരുന്നെങ്കിൽ തനിക്ക് സഹോദരനെ നഷ്ട്ടപെടില്ലായിരുന്നുവെന്നും ചിപ്പി പറഞ്ഞു.
പ്രധാന വ്യക്തികൾക്ക് സുരക്ഷയൊരുക്കുന്ന പൊലീസ് സാധാരണക്കാരുടെ ജീവൻ്റെ കാര്യവും പരിഗണിക്കണമായിരുന്നു. റോഡിന് കുറുകെ കയർ കെട്ടിവെച്ചാൽ ആരായാലും അപകടത്തിൽ പെടുമെന്നും ചിപ്പി പറഞ്ഞു. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്നാണ് കയറിൽ റിബൺ കെട്ടിയതെന്നും അപകടം നടന്ന സ്ഥലത്ത് വെളിച്ച കുറവ് ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
അതേസമയം, കുടുംബത്തിൻ്റെ ആരോപണം പൊലീസ് നിഷേധിച്ചു. സുരക്ഷ നടപടികളുടെ ഭാഗമായാണ് കയർ കെട്ടി ഗതാഗതം തടഞ്ഞതെന്നും ഇതൊരു സാധാരണ നടപടിയാണെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. സ്ഥലത്ത് നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും മനോജ് നിർത്താതെ പോവുകയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ് ശ്യാം സുന്ദർ പറഞ്ഞു. അപകടത്തിൽപ്പെട്ട വ്യക്തി അമിത വേഗതയിലായിരുന്നു വന്നത്. ഇയാൾ മദ്യപിച്ചോയെന്ന കാര്യം പരിശോധന ഫലം ലഭിച്ച ശേഷമേ പറയാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് പരിശോധന നടത്തുമെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. അതേസമയം അപകടത്തിൽ മരിച്ച മനോജിൻ്റ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ നിന്നും എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വീട്ടു നൽകും.
പ്രധാനമന്ത്രി കൊച്ചിയിലെത്തിയതിൻ്റെ ഭാഗമായുള്ള സുരക്ഷ തയ്യാറെടുപ്പുകളുടെ ഭാഗമായി റോഡിൽ പൊലീസ് കെട്ടിയ കയർ കഴുത്തിൽ കുരുങ്ങിയാണ് സ്‌കൂട്ടർ യാത്രികനായ വടുതല സ്വദേശി മനോജ് ഉണ്ണി മരിച്ചത്. കയർ കഴുത്തിൽ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. ഞായറാഴ്‌ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
സുരക്ഷ മുൻകരുതലിൻ്റെ ഭാഗമായി മറ്റു റോഡുകളിൽ നിന്നും എംജി റോഡിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിൻ്റ ഭാഗമായി സഹോദരൻ അയ്യപ്പൻ റോഡിൽ നിന്നും എംജി റോഡിലേക്കുള്ള പ്രവേശം കയർ കെട്ടി തടഞ്ഞിരുന്നു. ഇരുചക്ര വാഹനത്തിൽ വേഗത്തിലെത്തിയ മനോജ് ഈ കയറിൽ കുരുങ്ങി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് വിശദീകരണം. പൊലീസുകാര്‍ തന്നെയാണ് മനോജ് ഉണ്ണിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ പുലർച്ചെ ഒന്നരയോടെയാണ് മനോജ് മരണപ്പെട്ടത്. റോഡിലെ കേബിളുകളിൽ കുടുങ്ങി നിരവധി അപകടങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ ആദ്യമായായ് പൊലീസ് റോഡിൽ കെട്ടിയ കയർ കുടുങ്ങി അപകടം സംഭവിക്കുന്നതും ഒരാൾ മരണപ്പെടുന്നതും.