തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് ഈ സാമ്പത്തിക വര്‍ഷം 221 കിലോമീറ്റര്‍ റോഡ് സംസ്ഥാനത്താകെ നിര്‍മ്മിച്ചതായി ക്ലീന്‍ കേരള കമ്പനി എംഡി സുരേഷ് കുമാര്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തരമാണ് പുനചംക്രമണം ചെയ്‌ത പ്ലാസ്റ്റിക് ഉപയോഗിച്ചു റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 221 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാൻ സാധിച്ചതായി സുരേഷ് കുമാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
2024 എപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കണക്ക് പ്രകാരമാണിത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനകള്‍ വഴിയും മറ്റു സ്വകാര്യ ഏജന്‍സികള്‍ വഴിയും ക്ലീന്‍ കേരള കമ്പനി ശേഖരിച്ച 151.63 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ഇതോടെ 2016 ഏപ്രിലില്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 6042 കിലോമീറ്റര്‍ റോഡാണ് സംസ്ഥാനത്ത് നിര്‍മ്മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് റോഡ് നിര്‍മ്മാണം. ഷ്രഡഡ് പ്ലാസ്റ്റിക്കാണ് (Shredded Plastic) റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം റോഡ് നിര്‍മ്മാണത്തിന് ഉപകാരപ്പെടുന്ന തരത്തില്‍ പുനര്‍ചംക്രമണം ചെയ്യുന്നതാണ് ആദ്യ പടി. ഇതിനു ശേഷം കിലോക്ക് 25.20 രൂപ നിരക്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്ലാസ്റ്റിക് ലഭ്യമാക്കും. 2022-23 സാമ്പത്തിക വര്‍ഷത്തിന് ശേഷം നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ ക്ലീന്‍ കേരള കമ്പനിയില്‍ നിന്നും റോഡ് നിര്‍മ്മാണത്തിനായി പ്ലാസ്റ്റിക് മാലിന്യം വാങ്ങിയിട്ടില്ല.
ഈ സാമ്പത്തിക വര്‍ഷത്തില്‍ റോഡ് നിര്‍മ്മാണത്തിന് പിഡബ്ല്യുഡി 105.23 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യവും വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ 46.40 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യവും റോഡ് നിര്‍മ്മാണത്തിനായി ക്ലീന്‍ കേരള കമ്പനിയില്‍ നിന്ന് വാങ്ങിച്ചതായും സുരേഷ് കുമാര്‍ വിശദീകരിച്ചു. 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്കാണ് റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാജ്യത്തിൻ്റെ ആകെ ജനസംഖ്യയില്‍ 2.76 ശതമാനം പേരാണ് 38863 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്‌തൃതിയുള്ള കേരളത്തില്‍ വസിക്കുന്നത്. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററില്‍ 860 ദേശീയ ശരാശരിയാകട്ടെ ചതുരശ്ര കിലോമീറ്ററിന് 382 ഉം ആണ്. കേരളത്തിലെ ആറ് കോര്‍പ്പറേഷനുകളിലെ 31 ലക്ഷത്തില്‍പ്പരം ജനങ്ങള്‍, 87 നഗര സഭകളിലെ 45 ലക്ഷം ജനങ്ങള്‍, 941 ഗ്രാമ പഞ്ചായത്തുകളിലെ 2കോടി 58 ലക്ഷം ജനങ്ങള്‍, അങ്ങനെ ആകെയുള്ള മൂന്ന് കോടി 34 ലക്ഷം പേര്‍ നിത്യേന പുറം തള്ളുന്നത് ആയിരക്കണക്കിന് ടണ്‍ മാലിന്യങ്ങളാണ്.
പ്രവര്‍ത്തനം ഇങ്ങിനെ
നാട്ടില്‍ കുന്നു കൂടുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരമായാണ് ഓരോ തദ്ദേശ വാര്‍ഡിലും രണ്ട് പേരടങ്ങിയ ഹരിത കര്‍മ്മ സേന രൂപീകരിക്കപ്പെടുന്നത്. ഇപ്പോള്‍ മുപ്പത്തയ്യായിരത്തില്‍പ്പരം അംഗങ്ങളാണ് വിവിധ പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലുമായി ഹരിത കര്‍മ്മ സേനയിലുള്ളത്. മാസത്തില്‍ 50 രൂപയും സ്ഥാപനങ്ങളും കമ്പനികളും പ്രതിമാസം 100 രൂപയും കളക്ഷന്‍ ഫീ നല്‍കണം. ഇങ്ങനെ ഫീസ് ഈടാക്കി ഇവര്‍ വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുന്നു.
ഇങ്ങിനെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരംതിരിക്കുന്നതും പുനരുപയോഗം ചെയ്യാവുന്ന തരം പ്ലാസ്റ്റിക് അടക്കമുള്ളവ വേര്‍തിരിക്കുന്നതും പുനരുപയോഗത്തിന് കൊള്ളാത്ത മാലിന്യങ്ങള്‍ ശാസ്‌ത്രീയമായി സംസ്കരിക്കുന്നതുമൊക്കെ ഹരിത കര്‍മ സേനക്കാരടങ്ങുന്ന ക്ലീന്‍ കേരള കമ്പനിയുടെ ഉത്തരവാദിത്വമാണ്.
കൃത്യമായ കലണ്ടര്‍
ഇത്തരത്തില്‍ മാലിന്യങ്ങള്‍ സംഭരിക്കുന്നതിനും ഹരിതകര്‍മ്മ സേനക്ക് കൃത്യമായ കലണ്ടറുണ്ട്. ജനുവരി ജൂലൈ മാസങ്ങളില്‍ ഇ വേസ്റ്റുകള്‍ ശേഖരിക്കും. ഉപയോഗ ശൂന്യമായ തുണികളും വസ്‌ത്രങ്ങളും ഫെബ്രുവരിയില്‍ ശേഖരിക്കും.പിക്ചര്‍ ട്യൂബ്, ബള്‍ബ്, ട്യൂബ്, കണ്ണാടികള്‍ തുടങ്ങി പൊട്ടുന്നതും അപകടകരമായതുമായ വസ്തുക്കള്‍ മാര്‍ച്ചിലും ഒക്‌ടോബറിലും ശേഖരിക്കും.
പഴയ ചെരിപ്പുകള്‍, ബാഗുകള്‍, തെര്‍മോകോള്‍, ലെതര്‍, കിടക്കകള്‍, തലയിണതുടങ്ങിയവ ഏപ്രിലിലും നവംബറിലും ശേഖരിക്കും. ഗ്ലാസുകള്‍, കുപ്പികള്‍, പൊട്ടിയ ഗ്ലാസുകള്‍ എന്നിവ മെയ്, ഡിസംബര്‍ മാസങ്ങളില്‍ കളക്റ്റ് ചെയ്യും. ജൂണില്‍ ടയറുകള്‍ ശേഖരിക്കും. ഫ്ളെക്സുകള്‍, പോളിത്തീന്‍ പ്രിന്‍റിങ്ങ് ഷീറ്റുകള്‍ മറ്റ് ആക്രികള്‍ എന്നിവ ആഗസ്റ്റില്‍ ശേഖരിക്കും. സെപ്റ്റംബറില്‍ ഉപേക്ഷിക്കപ്പെട്ട മരുന്നുകളും ഗുളികകളുടെ കവറും മറ്റും ശേഖരിക്കും.
തരംതിരിക്കലും സംസ്‌കരണവും
ഇത്തരത്തില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ വാര്‍ഡുകളില്‍ത്തന്നെ താല്‍ക്കാലികമായി സൂക്ഷിക്കാന്‍ ചെറിയ കേന്ദ്രങ്ങള്‍ ഓരോ വാര്‍ഡുകളിലുമുണ്ട്. വാര്‍ഡുകളിലെ താല്‍ക്കാലിക സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് ഇവ അടുത്ത പടിയായി പഞ്ചായത്തിലെ കേന്ദ്രങ്ങളിലേക്കെത്തിക്കും. ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുന്‍സിപ്പാലിറ്റികളിലും ജില്ലാ കേന്ദ്രങ്ങളിലും മാലിന്യങ്ങളുടെ പ്രോസസിങ്ങിന് പൂര്‍ണമായും യന്ത്രവല്‍ക്കരിച്ച സംസ്കരണ യൂണിറ്റുകളുണ്ട്. അവിടെ ഷ്രെഡിങ്ങ് മെഷീനുകളും ബേലിങ്ങ് മെഷീനുകളും ഡസ്റ്റ് റിമൂവറുകളും കണ്‍വെയര്‍ ബെല്‍റ്റുകളും ഒക്കെ ഉപയോഗിച്ച് മാലിന്യങ്ങളുടെ പുനചംക്രമണം നടത്തുന്നു.
പ്ലാസ്റ്റിക്ക് റോഡുകള്‍
തരംതാണ പ്ലാസ്റ്റിക്ക് റോഡ് നിര്‍മാണത്തിനായി മാറ്റുന്നു. കാരി ബാഗുകള്‍, ഡിസ്പോസല്‍ കപ്പുകള്‍, മള്‍ട്ടിലെയര്‍ ഫിലിമുകള്‍ പോളിഎത്തിലീന്‍ പോളീ പ്രൊപ്പിലീന്‍ ഇനത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ ഷ്രെഡിങ്ങ് മെഷീനിലിട്ട് 1.6 മില്ലീമീറ്റര്‍ മുതല്‍ 2.5 മില്ലീമീറ്റര്‍ വരെയുള്ള ചെറുകഷ്ണങ്ങളായി മാറ്റും. ഇവ മറ്റ് പ്രോസസിങ്ങൊന്നും കൂടാതെ നേരിട്ട് റോഡ് ടാറിങ്ങിന് ഉപയോഗിക്കാം. ഒരു കിലോമീറ്റര്‍ റോഡുണ്ടാക്കാന്‍ ഇത്തരത്തില്‍ ഒരു ടണ്‍ പ്ലാസ്റ്റിക്ക് ആവശ്യമായി വരും. എന്നാല്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്ന ഗുണമേന്മയുള്ള റോഡുകള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കാനാകുമെന്നതാണ് പ്രത്യേകത.
സംസ്ഥാനത്തു 117 മാലിന്യ ശേഖരണ യൂണിറ്റുകള്‍ വഴിയാണ് പ്ലാസ്റ്റിക് വേര്‍തിരിച്ചു ഷ്രഡ് ചെയത് പ്ലാസ്റ്റിക് ഗ്രാന്യൂളുകളായി മാറ്റുന്നത്. ഈ ഗ്രാന്യുളുകള്‍ പ്ലാന്‍റുകളില്‍ ടാറുമായി കൂട്ടിച്ചേര്‍ത്താണ് റോഡ് നിര്‍മ്മാണം. ഇങ്ങനെയുള്ള ഷ്രെഡഡ് പ്ലാസ്റ്റിക്ക് ടാറിങ്ങിനുപയോഗിക്കുമ്പോള്‍ ബിറ്റുമെന്‍ 7 മുതല്‍ പത്തുശതമാനം കുറച്ചുപയോഗിച്ചാല്‍ മതിയാകും. ഒരു ടണ്‍ ബിറ്റുമെന് 50260 രൂപയാണ് വില. ഒരു ടണ്‍ വേസ്റ്റ് പ്ലാസ്റ്റിക്ക് വിലയാകട്ടെ 22000 രൂപയും.
മൂന്ന് മീറ്റര്‍ വീതിയില്‍ ഒരു കിലോമീറ്റര്‍ റോഡ് (3000 ചതുരശ്ര മീറ്റര്‍ റോഡ്) ടാര്‍ ചെയ്യാന്‍ ഇത്തരത്തില്‍ വേസ്റ്റ് പ്ലാസ്റ്റിക്ക് ഉപയോഗിക്കുമ്പോള്‍ 10000 രൂപയുടെ ബിറ്റുമെന്‍ ( 306.6 കിലോഗ്രാം) ലാഭിക്കാനാകും എന്നാണ് കണക്ക്. 2016 മുതല്‍ 2023 നവംബര്‍ വരെ 3552.031 ടണ്‍ ഷ്രെഡഡ് പ്ലാസ്റ്റിക്ക് ശേഖരിച്ചതില്‍ 3114.029 ടണ്ണും ഉപയോഗിച്ച് നാഷണല്‍ ഹൈവേ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്ഥാപനങ്ങളുമൊക്കെച്ചേര്‍ന്ന് 6042 കിലോമീറ്റര്‍ പോളിമറൈസ്ഡ് റോഡ് കേരളത്തില്‍ നിര്‍മ്മിച്ചു കഴിഞ്ഞു.
മാലിന്യം സിമന്‍റ് ഫാക്‌ടറികള്‍ക്ക്
ഒരു തരത്തിലും പുനരുപയോഗിക്കാന്‍ കഴിയാത്ത മാലിന്യങ്ങള്‍ നേരേ സിമൻ്റ് ഫാക്റ്ററികളിലേക്ക് അയക്കുന്നു. ഡാല്‍മിയ സിമന്‍റ് , ചെട്ടിനാട് സിമന്‍റ് തുടങ്ങിയ കമ്പനികളടക്കം പതിനഞ്ച് സ്ഥാപനങ്ങളുമായി ക്ലീന്‍ കേരള കമ്പനിക്ക് കരാറുണ്ട്. കഴിഞ്ഞ രണ്ട് സാമ്പത്തികവര്‍ഷങ്ങളിലായി ഒരു ലഭത്തി അറുപത്തിമൂവായിരത്തി അറുന്നൂറ്റിമുപ്പത്തിമൂന്ന് മെട്രിക് ടണ്‍ വേസ്റ്റ് കമ്പനി ഇത്തരം സിമൻ്റ് ഫാക്‌ടറികളിലേക്ക് അയച്ചിട്ടുണ്ട്.
Read More: ഇനി നാട് വയനാട്; പ്രിയങ്കാ ഗാന്ധി ഈ മാസം 30ന് എത്തും, കല്‍പ്പറ്റയില്‍ പുതിയ വീട്