ഇടുക്കി: ആവശ്യക്കാരേറിയതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ പാഷൻ ഫ്രൂട്ടിന്‍റെ വില ഉയർന്നു (Passion Fruit Price Hike). ജൂണ്‍, ജൂലൈ മാസങ്ങളിൽ കിലോക്ക് 25 മുതൽ 30 രൂപക്കായിരുന്നു കര്‍ഷകരില്‍ നിന്ന് വ്യാപാരികള്‍ പാഷന്‍ ഫ്രൂട്ട് ശേഖരിച്ചിരുന്നത്. ഇപ്പോൾ കിലോയ്‌ക്ക് 50 മുതൽ 70 രൂപ വരെ ലഭിക്കുന്നുണ്ട്.
ചൂട് കൂടിയതോടെ ആവശ്യക്കാരേറിയതും ഉത്പ്പാദനം കുറഞ്ഞതുമാണ് വില കുത്തനെ ഉയരാന്‍ കാരണം. കൊച്ചിയില്‍ നിന്നുള്ള ചെറു കിട വ്യാപാരികളും പള്‍പ്പ്, സിറപ്പ് നിര്‍മ്മാതാക്കളുമാണ് പാഷന്‍ ഫ്രൂട്ടിന്റെ പ്രധാന ആവശ്യക്കാര്‍. കാണാന്‍ ആകര്‍ഷകമായ ചുവപ്പ്, റോസ് നിറങ്ങ ളിലുള്ള ഹൈബ്രിഡ് പാഷന്‍ ഫ്രൂട്ടും മഞ്ഞ നിറമുള്ള നാടന്‍ പാഷന്‍ ഫ്രൂട്ടും വിപണിയിലെത്തുന്നുണ്ട്.
കാണാന്‍ ആകര്‍ഷകമായതിനാലും വലിപ്പം കൂടുതലായതുകൊണ്ടും ഹൈബ്രിഡ് ഇനത്തിനാണ് ചെറുകിട വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍. എന്നാല്‍ ഉള്ളിലെ പള്‍പ്പിന് നിറവും മണവും നാടന്‍ ഇനത്തിനാണ്. പള്‍പ്പും സിറപ്പും നിര്‍മ്മിക്കുന്നവര്‍ക്കും മഞ്ഞ നിറമുള്ള നാടന്‍ പാഷന്‍ ഫ്രൂട്ടാണ് ഇഷ്‌ടം. നാടന്‍ ഇനത്തിന് രോഗ കീടബാധയും കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു.
നാടന്‍, ഹൈബ്രിഡ് പാഷന്‍ ഫ്രൂട്ട് ഇനങ്ങള്‍ ആഭ്യന്തര വിപണി കൈയ്യടക്കുമ്പോള്‍ കയറ്റുമതിക്കാര്‍ ഹൈറേഞ്ചില്‍ തേടുന്നത് കാന്തല്ലൂര്‍ പാഷന്‍ ഫ്രൂട്ടാണ്. പാഷന്‍ ഫ്രൂട്ടിന്‍റെ മധുരമാണ് ഇതിനെ വ്യത്യസ്‌തമാക്കുന്നത്. ചെറിയ സുഗന്ധവും ഉണ്ടാവും. കാന്തല്ലൂര്‍ പാഷന്‍ ഫ്രൂട്ടിന് 100 രൂപക്ക് മുകളിലാണ് മൊത്തവില.