തിരുവനന്തപുരം : കഴിഞ്ഞ ദിവസം കേന്ദ്രാംഗീകാരം ലഭിച്ച പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്‌ചറിങ് ക്ലസ്റ്ററിനായി ആഗോള ടെണ്ടര്‍ വിളിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. പദ്ധതിക്ക് പ്രോജക്‌ട് മാനേജ്‌മെന്‍റ് കണ്‍സള്‍ട്ടന്‍റിനെയും നിശ്ചയിക്കും. ഇതിനുള്ള സമയക്രമം നിശ്ചയിച്ചതായും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയിലേക്കുള്ള സുപ്രധാന ചുവടുവയ്‌പ്പാണ് പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്‌ചറിങ് ക്ലസ്റ്റര്‍. പദ്ധതി പ്രദേശത്തേക്ക് വൈദ്യുതി, വെള്ളം, റോഡ് ഉള്‍പ്പെടെയുള്ള ബാഹ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന തല നെറ്റ്‌വര്‍ക്ക് പ്ലാനിങ് കമ്മിറ്റി തയ്യാറാക്കും.
3,806 കോടി രുപ മൊത്തം ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ 50 ശതമാനം ചെവലവും സംസ്ഥാനം വഹിക്കും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 1789.92 കോടി രൂപ സംസ്ഥാനം വഹിച്ചു. പദ്ധതിക്കാവശ്യമായ 1710 ഏക്കര്‍ ഭൂമിയും സംസ്ഥാനം ഏറ്റെടുത്തു കഴിഞ്ഞു. പ്രാരംഭ നടപടികളെല്ലാം കേരളം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്.
ഇക്കഴിഞ്ഞ ജൂണ്‍ 28 ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെ സന്ദര്‍ശിച്ച് പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാന ഭാഗമാണ് പാലക്കാട് വ്യവസായ സ്‌മാര്‍ട്ട് സിറ്റി. 1710 ഏക്കറിലാണ് ഇന്‍റഗ്രേറ്റഡ് മാനുഫാക്‌ചറിങ് ക്ലസ്റ്റര്‍ വരിക.
പാലക്കാട് പുതുശേരി സെന്‍ട്രലില്‍ 1137 ഏക്കറും പുതുശേരി വെസ്റ്റില്‍ 240 ഏക്കറും കണ്ണമ്പ്രയില്‍ 313 ഏക്കറും ഏറ്റെടുത്തു. കേരളത്തില്‍ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82 ശതമാനം സ്ഥലവും 2022 ല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഭക്ഷ്യ സംസ്‌കരണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, പ്രതിരോധം, എയ്‌റോസ്‌പേസ്, മെഡിസിനല്‍ കെമിക്കല്‍സ്, ബൊട്ടാണിക്കല്‍ ഉത്പന്നങ്ങള്‍, ടെക്സ്റ്റയില്‍സ്, നോണ്‍മെറ്റാലിക് തുടങ്ങി വിവിധ മേഖലകളില്‍ വ്യവസായ സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി പാലക്കാട് ഉയര്‍ന്നുവരുമെന്ന് മന്ത്രി രാജീവ് പറഞ്ഞു.