കാസര്‍കോട് : കുട്ടിക്കാലം മുതലേ സത്യനാരായണയ്ക്ക് നെന്മണിയോട് ആയിരുന്നു പ്രേമം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി പുതിയ നെല്ലിനങ്ങൾ തേടിയുള്ള യാത്രയിലാണ് സത്യനാരായണ ബെളേരി. ആ കഠിനാധ്വാനത്തിനും. സ്വയം സമര്‍പ്പണത്തിനുമുള്ള അംഗീകാരമാണ് ഇപ്പോൾ അദ്ദേഹത്തെ തേടിയെത്തിയ ഇ പദ്‌മശ്രീ പുരസ്‌കാരം (Padmashri Award Winner Sathyanarayana Beleri From Kasargod).
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളതും, വിദേശ രാജ്യങ്ങളിലെയും അടക്കം അറുന്നൂറ്റി അമ്പതില്‍ പരം നെല്‍ വിത്തിനങ്ങളുടെ സംരക്ഷകനാണ് കാസര്‍കോട് ബെള്ളൂര്‍ നെട്ടണിഗെയിലെ സത്യനാരായണ ബെളേരി.
സ്വന്തമായി പാടമൊരുക്കിയും, ഗ്രോബാഗുകളിൽ വളർത്തിയുമാണ് അദ്ദേഹം വരും തലമുറകൾക്കായി അപൂർവ നെൽവിത്തുകൾ സ്വരുക്കൂട്ടുന്നത്. അസമില്‍ നിന്നുള്ള 'കരിമ്പനും' ഫിലിപ്പീന്‍സിലെ 'മനിലയും' എല്ലാം ഇതില്‍പ്പെടുന്നു. ഇതില്‍ ഇരുന്നൂറോളം വിത്തുകള്‍ അപൂര്‍വമാണ്. (Padma Award 2024).
പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും രാജ്യത്തെ തന്നെ വലിയ പുരസ്‌കാരമാണ് തനിക്ക് കിട്ടിയതെന്നറിയുന്നതില്‍ അഭിമാനിക്കുന്നതായും സത്യനാരായണ ബെളേരി പറഞ്ഞു. കാര്‍ഷിക രംഗത്തുള്ള ഒരാള്‍ക്ക് ഈ പുരസ്‌കാരം ലഭിച്ചുവെന്നത് ഈ മേഖലയിലുള്ളവര്‍ക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടനാടും, വയനാടും, പട്ടാമ്പിയും ഉള്‍പ്പടെ കേരളത്തിലെ നെല്‍വയലുകളിലും കൂടാതെ കര്‍ണാടക, രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും സഞ്ചരിച്ചായിരുന്നു സത്യനാരായണയുടെ വിത്തുശേഖരണം. ടാര്‍പ്പായില്‍ വെള്ളം കെട്ടിനിര്‍ത്തിയൊരുക്കുന്ന 'കൃതൃമവയലിലെ' ഗ്രോബാഗുകളിലാണ് വിത്തുകൃഷി.
രണ്ടിനം വിത്തുകളുമായി 15 വര്‍ഷം മുമ്പാണ് സത്യനാരായണ കൃഷി ആരംഭിച്ചത്. വീടിനോട് ചേർന്ന സ്ഥലത്ത് ആയിരുന്നു കൃഷി. അവിടെ നിന്നും നൂറും ഇരുന്നൂറും വിവിധ തരം നെല്ലുകൾ. വീട് മുഴുവനും നെൽ വിത്തുകൾ.
പിന്നീട് കണ്ടത് പുതിയ തരം നെൽവിത്തുകൾ കണ്ടെത്താനുള്ള സത്യനാരായണയുടെ സാഹസമായിരുന്നു. അങ്ങനെ നെല്ലുകളോട് സത്യനാരായണയ്‌ക്ക് പ്രണയമായി. തൊട്ടതെല്ലാം പൊന്നാകും എന്ന പഴഞ്ചൊല്ല് പോലെ ശേഖരിച്ച വിത്തുകൾ എല്ലാം സത്യനാരായണയുടെ പറമ്പിൽ നൂറുമേനിയില്‍ തന്നെ വിളഞ്ഞു.
കൃഷിയോടുള്ള ഇദ്ദേഹത്തിന്‍റെ താത്പര്യമറിഞ്ഞും, ഗ്രോബാഗില്‍ നെല്‍കൃഷി നടത്തുന്ന വിശേഷമറിഞ്ഞും ഡല്‍ഹിയിലെ വിത്തുബാങ്കില്‍ നിന്നും 30 ഇനം വിത്തുകള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിലെയും കര്‍ണാടകയിലെയും കാര്‍ഷിക വിദ്യാര്‍ഥികളും ഗവേഷകരും ഇന്ന് ഇദ്ദേഹത്തിന്‍റെ വിത്തുലാബിലെ സ്ഥിരം സന്ദര്‍ശകരാണ്.
നിരവധി പുരസ്‌കാരങ്ങളും സത്യനാരായണയെ തേടി എത്തിയിട്ടുണ്ട്. ബെളേരിയിലെ പരേതനായ കുഞ്ഞിരാമന്‍ മണിയാണിയുടെയും ജാനകിയുടെയും മകനാണ് സത്യനാരായണ ബെളേരി. ജയശ്രീയാണ് ഭാര്യ. നവ്യശ്രീ, ഗ്രീഷ്മ, അഭിനവ് എന്നിവര്‍ മക്കളാണ്.