തിരുവനന്തപുരം : മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ, മകളുമായ പത്മജ വേണുഗോപാൽ ഇന്ന് (മാര്‍ച്ച് 7) ബിജെപിയിൽ ചേരും. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിക്കുക. കോൺഗ്രസ് നേതാക്കളിൽ നിന്നുള്ള അവഗണന മൂലം പത്മജ ബിജെപിയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം പത്മജ നിഷേധിച്ചിരുന്നു. എന്നാല്‍ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകം തന്നെ അത് പിന്‍വലിക്കുകയും ചെയ്‌തിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായി 2004ൽ മുകുന്ദപുരത്ത് നിന്ന് ലോക്‌സഭയിലേക്കും തൃശൂരില്‍ നിന്ന് രണ്ടുതവണ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാൽ പരാജയപ്പെട്ടിരുന്നു.
പത്‌മജയുടെ ഫേസ് ബുക് പോസ്റ്റ് : ഞാൻ ബിജെപിയിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്, ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്, ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ, നാളത്തെ കാര്യം എനിക്ക് എങ്ങനെ പറയാൻ പറ്റും എന്ന്. അത് ഇങ്ങനെ വരും എന്ന് വിചാരിച്ചില്ല.
പത്‌മജയുടെ ഈ പോസ്റ്റോടെ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ കെട്ടടങ്ങിയിരുന്നു. എന്നാല്‍ ബിജെപിയിലേക്കില്ലെന്ന് ശക്തമായി നിലപാട് അറിയിച്ച പോസ്റ്റ് ഇന്നലെ (മാര്‍ച്ച് 6) വൈകുന്നേരത്തോടെ അപ്രത്യക്ഷമായി. ഇതിന് പിന്നാലെയാണ് ബിജെപി അംഗത്വം സ്വീകരിക്കാന്‍ ഡല്‍ഹിയിലേക്ക് തിരിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.
അനുനയിപ്പിക്കാന്‍ കെസി : കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്ന പത്മജയെ അനുനയിപ്പിക്കാന്‍ ശ്രമിച്ച് കെസി വേണുഗോപാല്‍. എന്നാല്‍ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കോൺഗ്രസിന് ഇനി ലഭിക്കുന്ന രാജ്യസഭ സീറ്റ് തനിക്ക് നൽകണം, തൃശൂരിൽ തന്നെ കാലുവാരി തോല്പിച്ചവർക്കെതിരെ നടപടിയെടുക്കണം എന്നീ ആവശ്യങ്ങള്‍ അവര്‍ മുന്നോട്ടുവച്ചതായാണ് വിവരം.
കെ.കരുണാകരൻ സ്‌മാരക മന്ദിരത്തിന്‍റെ നിർമാണം വൈകുന്നതിലും പത്മജയ്ക്ക് അതൃപ്‌തിയുണ്ട്. ബിജെപിയിലേക്ക് പോകുമെന്ന വാർത്തകൾ പ്രചരിച്ചുവെങ്കിലും സംസ്ഥാന നേതാക്കൾ ആരും തന്നെ ഇതേ പറ്റി സംസാരിക്കുകയോ, വിവരങ്ങൾ അന്വേഷിക്കുകയോ ചെയ്‌തിരുന്നില്ല. ഇതോടെയാണ് പ്രചാരണം തള്ളി ഇറക്കിയ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് പത്മജ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്.
തിരിച്ചടിയാകുമോ ഈ ചുവടുമാറ്റം : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള പത്മജയടെ ചുവടുമാറ്റം സംസ്ഥാന തലത്തിൽ തന്നെ കോൺഗ്രസിന് വലിയ തിരിച്ചടിയാകുമെന്ന തിരിച്ചറിവ് നേതൃത്വത്തിനുണ്ട്. പത്മജയുടെ സഹോദരനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.മുരളീധരന്‍റെ വടകരയിലെ വിജയ പരാജയങ്ങളെയും ഇത് ബാധിച്ചേക്കാം. എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ച കെ.മുരളീധരന്‍ എംപി താന്‍ വടകരയില്‍ തന്നെ ജനവിധി തേടുമെന്ന് അറിയിച്ചു. പത്മജയുടേത് കൊടുംചതിയാണെന്നും അദ്ദേഹം പറഞ്ഞു.
പത്മജ നേട്ടമാകുമെന്ന പ്രതീക്ഷയില്‍ ബിജെപി : പത്മജയെ പാർട്ടിയിലെത്തിച്ചാൽ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. പ്രധാനമന്ത്രി തൃശൂരിൽ എത്തിയത് മുതൽ ബിജെപി നേതാക്കൾ പത്മജയെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നതായാണ് സൂചന. മാത്രമല്ല കോൺഗ്രസ് നേതൃത്വവുമായി പത്മജ കുറച്ചുകാലമായി നല്ല ബന്ധത്തിലായിരുന്നില്ല. നേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന പരാതി അവർക്കുണ്ടായിരുന്നു. എന്നാല്‍ കെ.മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ ഇത് തള്ളുകയാണ്. രാഷ്‌ട്രീയ പരിപാടികളിൽ നിന്ന് വിട്ട് നിൽക്കുകയും അവര്‍ കൊച്ചി കേന്ദ്രീകരിച്ച് വസ്‌ത്ര വിപണന രംഗത്ത് സജീവമാവുകയും ചെയ്‌തിരുന്നു. അവരുടെ നേതൃത്വത്തിൽ കൊച്ചിയിൽ ഫാഷൻ ഷോ ഉൾപ്പടെ സംഘടിപ്പിച്ചിരുന്നു.